Friday, November 11, 2011

കണ്ണടവച്ച സൗഹൃദം.



എനിക്ക് കുറെ സൌഹൃദങ്ങളുണ്ട്.
പലതും കണ്ണട വെച്ചതാണ്.
ചിലത് അന്ധന്മാരുടെതു മാതിരി.

ചിലവ
ഒരു കണ്ണിന് കോണ്‍വെക്സും
മറ്റേതിന് കോണ്‍കേവും
വളഞ്ഞേ കാണൂ.

ചിലതോ...
വളരെ ഭംഗിയുള്ളത്.
ചിരിച്ചങ്ങനെ നില്‍ക്കും.
എവിടെയാണ് കുഴപ്പം..
തിരിച്ചറിയുക പ്രയാസം.

മറ്റു ചിലവ
കാണാന്‍ ഭംഗിയുണ്ടാവില്ല
എന്നാല്‍ അവയുടെ കാഴ്ച
ആഴത്തില്‍ പതിഞ്ഞിട്ടുണ്ടാവും.
വേര്‍തിരിച്ചെടുക്കല്‍
സാധ്യവും.

എന്തായാലും ഒരു കണ്ണട,
എനിക്കും തിരഞ്ഞെടുക്കണം.

സമര്‍പ്പണം.



എപ്പോഴാണ്
ആ കണ്ണുകളിലെ തീഷ്ണത
എന്റെ ഹൃദയത്തില്‍ ഉടക്കിയത്..
മിഴികള്‍ എപ്പോഴോ
പുണര്‍ന്നതും,
അഗ്നിസ്ഫുലിന്ഗങ്ങള്‍
ഹൃദയത്തിന്റെ അടിത്തട്ട് വരെ..
ഉള്ളില്‍ പ്രണയത്തിന്റെ ഊഷ്മളത.
പൂത്തിരി കത്തുന്നതുപോലെ,
ഒരു ലഹരി ഉടലാകെ പൊതിയുന്നു.
ഓരോ അണുവിലും
കുതിച്ചെത്തുന്ന രക്തത്തില്‍
പ്രണയമാണോ..

കുറച്ചു ഇണക്കങ്ങളും,
കൂടുതല്‍ പിണക്കങ്ങളും.
ആ പരിഭവ തിളക്കങ്ങളിലും,
നിന്നെ ഞാനറിയുന്നതുപോലെ
വേറെ ആരറിയുന്നു.

നിന്റെ ഓര്‍മകളെ
ഞാന്‍ പുല്കുംപോഴും,
ഓര്‍ക്കുമ്പോഴും
നീ തുമ്മി കണ്ണുനിറയ്ക്കുമോ?
ഏതൊരു നിമിഷമാണ്
പ്രിയനേ..
നിനക്കെന്നില്‍ നിന്ന്
സ്വാതന്ത്ര്യം ലഭിക്കുക..

നിന്റെ തീഷ്ണ പ്രണയനിറങ്ങളില്‍
മുങ്ങി നിവരുവാന്‍
നീയെന്നെ അനുവദിക്കുക.
നിന്റെ ചുടു നിശ്വാസങ്ങളില്‍
ഒരു കുളിര്‍ കാറ്റായ്‌
ഞാനലിയട്ടെ.

നമുക്കായ് മാത്രം
ഋതുക്കള്‍ കറങ്ങട്ടെ..
നിന്റെ പ്രണയ വേഗങ്ങളില്‍,
കൊടും തപം ചെയ്ത്
ഞാനെന്റെ പ്രാണന്
മുക്തി നല്കിക്കൊള്ളാം..

കോപം.



ഇപ്പോഴും കൂടെയുണ്ട്.
ചിലപ്പോള്‍ പുറകെ.
മറ്റു ചിലപ്പോള്‍ മുന്നില്‍
വികൃതശരീരവും,അളിഞ്ഞ മുഖവും.
എപ്പോഴൊക്കെയോ-
തലയുയര്‍ത്തി നോക്കും,
പല്ലിളിച്ചു കാട്ടും.
ഇറക്കി വിടാന്‍ പറ്റില്ല
ഒതുക്കി നിര്‍ത്തുകയെ തരമുള്ളൂ
എന്തിനാണ്
നീയെന്നെ ഇങ്ങനെ
പിന്തുടരുന്നത്..
......................



സംശയം..


പുറകില്‍നിന്നു വിളിക്കരുതെന്ന്
മുത്തശ്ശി പറഞ്ഞിട്ടും
അമ്മേയെന്നലറി വിളിച്ചതുകൊണ്ടാവും
സ്വര്‍ഗ്ഗത്തിലേക്കുപോയ
എന്റമ്മ മടങ്ങി വരാത്തത്.

Monday, October 17, 2011

കാറ്റിനോട്...



ജനാല വാതില്‍
മെല്ലെ തുറക്കാന്‍-
ശ്രമിക്കുന്ന കാറ്റിന്
ഇന്നെന്തേ
ഇത്ര ഇളക്കം.
ഒന്നെത്തിനോക്കി,
നാണിച്ചു മുഖംതിരിക്കുന്ന
പെണ്ണിനേപ്പോലെ..
ഓരോ ചുവടും
അതി മൃദുലമാക്കി,
വന്നൊന്നു തഴുകി-
യൊളിക്കുന്ന കാറ്റിന്
എന്തോ പറയാനുള്ളതുപോലെ.

കാര്യം പറ കാറ്റേ
നിന്റെ കാമുകനെ കണ്ടുവോ..
അവന്‍ നിന്നെ
ആലിംഗനം ചെയ്തുവോ
പ്രണയത്തിന്റെ-
നാണമോ നിന്റെ കണ്ണില്‍..

എങ്കില്‍ അരുത്.
മുന്നില്‍ വളരെ ദൂരത്തല്ലാതെ
ദീര്‍ഘമായ്‌ താണ്ടേണ്ട
ജീവിതപ്പാടം
തരിശ്ശായ് കിടക്കുന്നു.
ഇരുവശത്തും,
മോഹക്കാഴ്ചകള്‍ കാണാം.
അത് വെറും മിഥ്യ.
അല്പദൂരത്തായുണ്ട്
മുള്ളുകള്‍ നിറഞ്ഞ
കയറ്റിറക്കങ്ങള്‍.
കാറ്റേ...,
ഓരോ ചുവടും
വളരെ ശ്രദ്ധിച്ച്....
9 Oct 
delete

ഇടവഴി.


അന്ന് 

ആ ഇടവഴിയില്‍
വേലികള്‍ ഇല്ലായിരുന്നു
ഒരു ചെറിയ ഇളക്കത്തോടെ-
തുള്ളിത്തെറിച്ചെത്തിയ കാറ്റിന്
ലജ്ജപുരണ്ട ചിരിയും,
സ്നേഹത്തിന്റെ നറുമണവും.
വഴിയുടെ ഇരുപുറവും
സ്നേഹത്തിന്റെ കാല്‍പ്പാദങ്ങള്‍
ആഴത്തില്‍ പതിഞ്ഞിരുന്നു.
ഇന്ന്
കനത്ത മുഖവും,
കനച്ച മണവുമായി
ഇടവഴിയെ മറച്ചു മതിലുകള്‍.
ചോരച്ച മണം പുരണ്ട കാറ്റ്
അടക്കിപ്പിടിച്ച് കരയുന്നു.
കണ്ണുകളില്‍ നിന്ന് വീഴുന്നത്,
രൂക്ഷഗന്ധം പേറുന്ന,കറുത്തരക്തം.
കീറിപ്പറിഞ്ഞ മഞ്ഞ വിരിപ്പുകൊണ്ട്
നാണം മറയ്ക്കാന്‍,
വൃഥാ ശ്രമിക്കുന്ന ഭൂമി.
വേലികളുടെ മുകളിലൂടെ,
കൂണുപോലെ പൊന്തുന്ന-
കുഞ്ഞു മുഖങ്ങള്‍..
അവയുടെ നിഷ്കളങ്കതയിലും
നാളത്തെ ചുടലക്കളത്തിന്റെ
അവ്യക്ത രേഖകള്‍.
ചെവിയില്‍ സദാ-
മരണത്തിന്റെ ഇരമ്പല്‍.

വെയില്‍ കനക്കുന്നതിനു മുന്നേ
എനിക്കാ ഇടവഴി താണ്ടണം.

എന്റെ പട്ടം.



അവന്റെ പ്രണയം
കെട്ടുപൊട്ടിയ പട്ടംപോലെയാണ്.
എവിടെ ചെന്നെത്തുമെന്ന് ഒരു രൂപവുമില്ല.
എങ്ങോട്ടെന്നോ, എത്രമാത്രമെന്നോ
പ്രവചിക്കാനും സാധ്യമല്ല.

ചിലപ്പോള്‍
ആകാശത്തെ മുട്ടുമെന്നു തോന്നിക്കും
ചിലപ്പോള്‍
കാറ്റിലും,കോളിലും പെട്ടതുപോലെ ആടിയുലഞ്ഞ്..
മറ്റു ചിലപ്പോള്‍
ശാന്തമായി അങ്ങനെ ഒഴുകി...

ഇപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്
ആ പട്ടം-
എവിടെയും തടയപ്പെടരുതെന്നും,
താഴെ പതിക്കരുതെന്നുമാണ്.
അത്രയേറെ,
അതില്ലാതെ പറ്റില്ലെനിക്ക്..

പുതിയ ആകാശം..


ചേക്കാറാനൊരു ചില്ല മോഹിച്ചാണ്

അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച്
അവള്‍ അരയാലിന്റെ കൂട്ടുപിടിച്ചത്.

ഇടതൂര്‍ന്ന ചില്ലകളും,
കരുത്തുറ്റ ശിഖരങ്ങളും കണ്ട്
അതിലൊരു കൂടുകൂട്ടണമെന്ന്
അവള്‍ കൊതിച്ചു.

അരയാലിന്റെ മാറില്‍നിന്ന്
ആകാശത്തേക്ക് പറന്നുയരാന്‍
എളുപ്പമായിരിക്കുമെന്നും,
അവിടെ പുതിയ നക്ഷത്രങ്ങള്‍
അവള്‍ക്കായി കാത്തിരിക്കുമെന്നും
അവള്‍ സ്വപ്നം കണ്ടു.

ഒരിക്കല്‍
ആകാശത്തേക്ക് പറന്ന്,
തിരികെയെത്തിയപ്പോള്‍ കണ്ടു
ചുണ്ടു ചുവപ്പിച്ച കുറെ പക്ഷികള്‍..

ചാഞ്ഞും, ചരിഞ്ഞും നോക്കി
വിലയുറപ്പിച്ച്
അവളെ ചേര്‍ത്തു പിടിച്ചപ്പോള്‍
അന്തിച്ചവള്‍ അരയാലിനെ നോക്കി.
പക്ഷെ
അരയാലൊന്നു ചിരിച്ചു.
അവന്റെ നീണ്ടു കൂര്‍ത്ത ദംഷ്ട്രകളും,
ചോരച്ച നാവും കണ്ടപ്പോഴാണ്-
എല്ലാം കിളിപ്പെണ്ണു തിരിച്ചറിഞ്ഞത്.

Sunday, August 14, 2011

വീട്.


ഒരു വീട് വേണമെന്ന ചിന്ത

അലട്ടിതുടങ്ങിയപ്പോഴാണ്
ഞാന്‍
സ്വപ്നം കാണാന്‍ തുടങ്ങിയത്.

ആദ്യ ഗര്‍ഭത്തില്‍
പെണ്‍കുട്ടിയ്ക്കുണ്ടാകുന്ന
വ്യാകുലതകള്‍ പോലെയൊന്ന്
എന്നിലും ഉണ്ടായി.

വീടിന്റെ വളര്‍ച്ച
ഓരോ ഘട്ടത്തിലും ആസ്വദിച്ചു
അതിന്റെ ഹൃദയമിടിപ്പും...

പേരിടീല്‍ ചടങ്ങ്
ഗംഭീരമാക്കി.
അങ്ങനെ അവനും
"സ്വന്തമായി" ഒരു പേര്‌.

ഒരു രാത്രിയില്‍
ഏതോ കള്ളന്‍
വീടിന്റെ സ്വപ്നങ്ങളത്രയും
കട്ടെടുത്തപ്പോള്‍
ആ പേര് മാത്രം

ബാക്കിയായി.

സമാന്തരം


അപ്പോഴും

ട്രെയിന്‍ അലറിപ്പായുകയായിരുന്നു.
മുഖത്തേക്കു തെറിച്ചുവീണ
രക്തത്തുള്ളികളോ,
മാംസക്കഷണങ്ങളോ
അതിനെ തെല്ലും മുഷിപ്പിച്ചില്ല.
(നിത്യേന കാണുന്നതല്ലേ..)

പുതിയ ദൂരവും
പുതിയ വേഗതയും
അതിനും ലഹരിയായിതീര്‍ന്നു.
കിതപ്പകറ്റാന്‍ പോലും..
യാത്രക്കാരും
സമാന്തരങ്ങളായ
പാളങ്ങളെപ്പോലെ

മണിക്കൂറുകള്‍ മാത്രം-
നീളുന്ന യാത്രയില്‍
പരസ്പരം പുണരുന്ന
രണ്ടു കണ്ണുകള്‍
ഒരാന്ഗ്യം, ചിരി
ഒപ്പം മൊബൈല്‍ നമ്പര്‍
(പിന്നീട് എവിടെയെത്തുമോ എന്തോ..)

ട്രാക്കുപോലെ
സമാന്തരമായ
ജീവിതമോര്‍ത്താവാം
പലരും
കണ്ണുകള്‍ അമര്‍ത്തിത്തുടയ്ക്കുന്നത്.

Saturday, August 13, 2011

നിനക്കായ്‌..

വിഷാദം മൂടിയ കുന്നിന്‍ ചരുവില്‍

മഴമേഘങ്ങളെ കാത്തു നിന്നപ്പോഴാണ്
നിന്റെകണ്ണിലെ പ്രണയത്തിരയിളക്കം
ഞാനാദ്യം കണ്ടത്.

മേഘത്തിന്റെ-
നഷ്ട്ടപ്പെട്ട പ്രണയം
കണ്ണുനീരായി ഒഴുകുന്നതാണ്
മഴയെന്നു നീ പറഞ്ഞത്
അവിടെ വെച്ചാണ്.

പിരിഞ്ഞു നില്‍ക്കുമ്പോഴാണ്
നീയെനിക്കാരാണെന്നതും
നിന്റെ സ്നേഹത്തിന്റെ ചൂട്‌
എന്തായിരുന്നെന്നും
ഞാന്‍ തിരിച്ചറിയുഞ്ഞത്.

പ്രിയനേ....
ഈ ജന്മം മാത്രമല്ല,
വരും ജന്മങ്ങളിലും
എനിക്കു നിന്നെ പ്രണയിക്കണം
ഈ പ്രണയം കണ്ണുനീരായി
നിന്റെ കവിളുകളിലുമ്മ വെച്ച്,
ചുണ്ടുകളെ തഴുകി
നിന്റെ ഹൃദയത്തില്‍
വന്നുചേരട്ടെ.

കഥ തുടരും...



ഒരു മറയില്‍ ഒളി ക്യാമറ
തെളിയുന്നത് നഗ്നത

പുറത്തൊരാള്‍
ഇരയെ പിടിക്കുന
കൌശലത്തോടെ
പമ്മി പതുങ്ങി.

പല കണ്ണുകള്‍
മാറിമറിഞ്ഞു
പണമൊഴുകുന്നു,
ചെകുത്താന്‍മാര്‍
വേതാള നൃത്തം
ചവിട്ടുന്നു.
കണ്ണില്‍ തെളിയുന്നത്
കാമമോ ആര്‍ത്തിയോ..

ഒടുവില്‍
അനിവാര്യതയുടെ
വലക്കണ്ണികളാല്‍
പിടിക്കപ്പെടുമ്പോള്‍
മാതൃഹൃദയം
ഒരു സ്ഫോടനത്താല്‍
നിശ്ചലമാകുന്നു
അര്‍ബുദം കണക്കേ
പടരുന്നു ഗദ്ഗദം
എങ്കിലും മകനെ
നീ.. എന്നോടിത്...

വിലങ്ങിട്ട കൈകള്‍ വിറയ്ക്കുന്നു
കണ്ണുകളില്‍ നടുക്കം
മാതൃത്വം കേഴുന്നു
പുത്രധര്‍മ്മംകടലാസിലോ..

Saturday, July 2, 2011

കടല്‍



കണ്ണുകളില്‍ രൌദ്ര ഭാവം
നീലിച്ച ചുരുള്‍മുടികള്‍
ആഞ്ഞിളകുന്നു
സീല്‍ക്കാര ശബ്ദം
അലര്‍ച്ചയായ് മാറുന്നു
പാറകളില്‍
ശിരസ്സാഞ്ഞടിച്ച്,
ആര്‍ത്തട്ടഹസിക്കുന്നു
അവള്‍,
സ്വന്തം ഹൃദയരക്തം
ഊറ്റിക്കൊടുത്ത
ത്യാഗത്തിന്റെ പര്യായം
പീഡനങ്ങള്‍
നിശ്ശബ്ദമേറ്റുവാങ്ങി
ഒടുവില്‍
മഹാ വിസ്ഫോടനമായ്
എല്ലാം തകര്‍ത്ത്
ആയിരം കൈകളാല്‍
വാരിവിഴുങ്ങി
അലറിത്തിമിര്‍ത്ത്,
ജീവന്റെ അവസാന കണികയും
തൂത്തെറിഞ്ഞ്
താണ്ഡവമാടി...
ഒടുവില്‍ തളര്‍ന്നു,
കിതപ്പാറ്റി
ശാന്തയായൊരു മടക്കം.
വീണ്ടും
നീലക്കണ്ണുകളില്‍
മദാലസ ഭാവം.
ആഴികളും, ചുഴികളും
നിഗൂഡതകളില്‍ഒളിപ്പിച്ച്
അവള്‍ മയങ്ങുന്നു,
ശാന്തയായി.

ഇരുട്ട്



ഇരുട്ടാണ്‌
മനസ്സില്‍
കട്ടപിടിച്ച ഇരുട്ട്.
പറിച്ചെറിയാന്‍ ശ്രമിച്ചിട്ടും
പോകാതെ.

ഇരുട്ടിന്
ആത്മാവുണ്ടോ
ഉണ്ടാവും
അല്ലെങ്കില്‍
എന്താണിങ്ങനെ..

എന്റെ
നെടുവീര്‍പ്പുകള്‍
ശകാരങ്ങള്‍
മോഹങ്ങള്‍
മോഹഭംഗങ്ങള്‍
എല്ലാം സ്വീകരിച്ച്..

അന്ന്
സ്വപ്‌നങ്ങള്‍
പങ്കുവെച്ച്,
സ്നേഹിച്ച
ആ ഇരുട്ടിനെ കുറിച്ചല്ല,
എന്നെ
അഗാധ ഗര്‍ത്തത്തിലേക്ക്
വലിച്ചു താഴ്ത്തുന്ന,
നാലുകൈകള്‍ കൊണ്ടും
വരിഞ്ഞു മുറുക്കി,
കണ്ണ് തുറക്കാന്‍
അനുവദിക്കാതെ
ഓര്‍ക്കാനിഷ്ട്ടപ്പെടാത്ത
പലതും
തിരുകിക്കയറ്റുന്ന,
ശ്വാസം മുട്ടിപ്പിക്കുന്ന
ആ ഇരുട്ടിനെക്കുറിച്ചാണ്
ഞാന്‍ പറയുന്നത്.

എനിക്കിത് വയ്യ.
ഞാന്‍ സ്നേഹിച്ച,
എന്നെ സ്നേഹിച്ച
പഴയ ഇരുട്ടിനെ
എനിക്ക് തിരിച്ചു വേണം.

വിഷപ്പാമ്പ്



സന്ധ്യയ്ക്ക്
കുറ്റിക്കാട്ടില്‍
കണ്ട അനക്കം
വിഷപ്പാമ്പുകള്‍
മാറാടുന്നതാണെന്ന്
ആരോ പറഞ്ഞു.
അമ്പലക്കാവാണ്
ശുദ്ധിയില്ലാത്തവര്‍
അരികെ പോകരുത്
എത്തിനോക്കാന്‍ തുനിഞ്ഞ
പെണ്‍കുട്ടിയെ
തള്ളിമാറ്റി മുത്തശ്ശി

എന്നിട്ടും
മനസിനെന്തേ
ഒരു വിമ്മിട്ടം..

അമ്പലക്കാവില്‍
വീരഭദ്രന്റെ
അട്ടഹാസം കേള്‍ക്കുന്നുവോ ..
കുങ്കുമം വാരിപ്പൂശി
ഭദ്രകാളി
അലറുന്നുവോ

പിറ്റേന്ന്
അമ്പലക്കാവില്‍
വിഷബാണമേറ്റ്
തെറിച്ചുവീണ
ചോരപ്പൂക്കള്‍,
കാവിലെ
പൊട്ടക്കിണറ്റില്‍
നാലുവയസുകാരിയുടെ
ജഡം

കാക്കിയിട്ട
ഭൂതഗണങ്ങള്‍ക്കു
നടുവില്‍
മാറാടിയ
വിഷപ്പാമ്പുകളിലൊന്നു
കയ്യില്‍ വിലങ്ങുമായി..

കണ്ടകശനി



ഇപ്പോള്‍
കണ്ടകശനിയാണെന്ന്
തിരുമേനി
പറഞ്ഞതു കേട്ടാണ്
അവള്‍ പ്രശ്നക്കാരനെ
വരുത്തിയത്.

കവടി നിരത്തി
പ്രശ്നങ്ങള്‍ പ്രവചിച്ച്
അയാള്‍
പ്രശ്നവിധി ചര്‍ച്ച ചെയ്യാന്‍
ഫോണ്‍നമ്പറും
വാങ്ങി.

പ്രശ്ന വിധി സംസാരിച്ച്
ദിവസങ്ങള്‍ കടന്നുപോയ്
ഒരു ദിവസം
അയാളുടെ ഭാര്യ
ഭദ്രകാളിയേപ്പൊലെ
അവളുടെ മുന്നില്‍ വന്ന്
അട്ടഹസിച്ചപ്പോഴാണ്
തന്റെ ശനി ദോഷത്തിന്റെ ആഴം
അവള്‍ക്കു മനസിലായത്.

ഞാന്‍ തനിച്ചായിരുന്നു...



എവിടെയും
ഞാന്‍ തനിച്ചായിരുന്നു ..

നടന്നു തീര്‍ത്ത പാതകള്‍
കയറിത്തീര്‍ത്ത
കുന്നുകള്‍
ഓടിക്കയറിയ
പടികള്‍

എപ്പോഴോ
കടന്നുപോയ ബാല്യം
എവിടെയോ
നൊമ്പരമുണര്‍ത്തുന്ന
ഓര്‍മ്മകള്‍
കണ്ണു നീരുണങ്ങാത്ത
സന്ധ്യകള്‍,
നെടുവീര്‍പ്പുകള്‍
ഇരുട്ടിനെ ഭയപ്പെട്ട്
ഉറങ്ങാതിരുന്ന
രാത്രികള്‍

എവിടെയും
ഞാന്‍ തനിച്ചായിരുന്നു ..

പ്രണയം
പകര്‍ന്ന സുഖം
തനിച്ചല്ലന്നൊരു
തോന്നല്‍
നൈമിഷികമായ്‌
തീര്‍ന്നപ്പോഴും,
ഇരുട്ടിന്റെ മാറില്‍
മുഖമമര്‍ത്തി
തേങ്ങിയപ്പോഴും

എവിടെയും
ഞാന്‍ തനിച്ചായിരുന്നു ..

ക്ഷണികമായ
ജീവിതക്കുപ്പായം
അഴിച്ചുവെച്ച്
മണ്ണിലേക്കമരുമ്പോള്‍,
അപ്പോഴും
ഞാന്‍
തനിച്ചാണ്.

ആധുനിക കുറുക്കന്മാര്‍



മുട്ടനാടുകളെ
തമ്മില്‍ഇടിപ്പിച്ചു
തല തല്ലിക്കീറി
ചോരകുടിക്കാന്‍
കാത്തിരിക്കുന്ന
ആധുനിക കുറുക്കന്മാര്‍
അലക്കിത്തേച്ച
മുണ്ടും ഷര്‍ട്ടുമായി
വെളുക്കെ ചിരിച്ചുകൊണ്ട്
അണികളെ
തമ്മിലടിപ്പിച്ചു
ചോര കുടിക്കുന്നു.

വെളുത്ത ചിരിയില്‍
മയങ്ങിയ
മുട്ടനാടുകള്‍
പെറ്റമ്മയെ,
പോറ്റമ്മയെ മറന്ന്
കുറുക്കന്മാര്‍ക്കു കുടിക്കാന്‍
തമ്മില്‍ തല്ലി
ചുടുചോര വീഴ്ത്തുന്നു.

കുറുക്കന്മാര്‍
പ്രകടന പത്രിക
എന്നപേരില്‍ കുറേ
കടലാസുകഷണങ്ങള്‍
മുട്ടനാടുകള്‍ക്ക് നേരെ
വലിച്ചെറിയുന്നു.
അതുകണ്ട്
പിന്നാലെയെത്തുന്ന
മുട്ടനാടുകളും
തമ്മിലടിക്കുന്നു.

കുഞ്ഞു മുട്ടനാടുകള്‍
ക്ലാസ്‌ മുറികളില്‍
തമ്മില്‍ തല്ലിന്റെ
പുതിയ പാഠങ്ങള്‍
അഭ്യസിക്കുന്നു.

ഇത് പതിവാണെന്നും
പാലം കുലുങ്ങിയാലും
കേളന്‍ കുലുങ്ങില്ലെന്നും
പൊതുജനം.

Thursday, May 26, 2011

കുടുംബം..



പരസ്പരം
പഴിചാരുന്ന
പതംപറഞ്ഞു,
ശപിക്കുന്ന
ഒരു നരകം

ഇരു ധൃവങ്ങളില്‍പ്പെട്ടവര്‍
മുഖം മൂടിയണിഞ്ഞു
അഭിനയത്തിന്റെ
ഓസ്കാര്‍ നേടുന്നു,
കയ്യടി വാങ്ങുന്നു.

അവസ്ഥാന്തരങ്ങള്‍.



ഞാന്‍,
വേഗം ഓടാന്‍
ശക്തിയില്ലാതെ
തുരുമ്പിച്ച,
കിതയ്ക്കുന്ന,
വലിവുള്ള നെഞ്ചുള്ള
പഴയൊരു
ഗുഡ്സ് ട്രെയിന്‍.

നീയോ,
പുതുപുത്തന്‍
എക്സ്പ്രസ്സ്‌ ട്രെയിന്‍
പ്ലാറ്റ്‌ഫോമില്‍ കയറാന്‍ വേണ്ടി
കാത്തുനില്‍ക്കുന്നു
ഗ്രീന്‍ സിഗ്നല്‍
കിട്ടിക്കഴിഞ്ഞു
ആളുകള്‍ നിന്നെകാത്ത്
കൊതിയോടെ നില്‍ക്കുന്നു.

നിനക്കുവേണ്ടി
ഈ പ്ലാറ്റ്‌ഫോം
ഒഴിഞ്ഞു തരാം
എന്തിനു വെറുതെ
കാത്തിരിക്കണം
നിന്നെയും
മറ്റുള്ളവരെയും
ലേറ്റ് ആക്കിക്കുവാന്‍..


Sunday, May 22, 2011

മനസ്സ്..



മനസ്സേ....
നീയെന്താണ്
ഇങ്ങനെ പായുന്നത്........?


എന്താണ്
അരുതെന്ന് പറഞ്ഞാലും
അനുസരിക്കാതെ...

നില്‍ക്കൂ.....

എന്റെ ശരീരം
നിനക്കൊപ്പിച്ചു വഴങ്ങുന്നില്ല.
ഒന്ന് പതുക്കെ...

മറക്കുകയാണെന്ന്
അവനോടു
ഞാന്‍ പറഞ്ഞിട്ടും
നീയെന്തേ
അതിനനുവദിക്കുന്നില്ല

നീ
കാട്ടിക്കൂട്ടുന്ന
ഏടാകൂടങ്ങള്‍ക്കൊത്ത്
പുറകെ വരുമ്പോള്‍
പഴി കേള്‍ക്കുന്നത്
ഞാനാണ്..

അതെങ്ങനെയാ
ചുട്ടയിലെ ശീലം
ചുടലവരെ.
കുഞ്ഞിലേ തന്നെ
നിന്നെ
തല്ലിവളര്‍ത്തേണ്ടതായിരുന്നു.
ഇനി
പറഞ്ഞിട്ടെന്താ...
അനുഭവിക്കുക തന്നെ.

ഓട്ടോ ഗ്രാഫ്



പതിനഞ്ചു വര്‍ഷം
പഴക്കമുള്ള
ആ ഓട്ടോ ഗ്രാഫ്
ഇന്നാണെന്റെ
കയ്യില്‍ കിട്ടിയത്

ആദ്യ പേജില്‍ നിന്ന്
വന്ന മുഖം
എന്നോട് ചിരിച്ചു
പരിചയം പുതുക്കി.
അങ്ങനെ
കുറേ മുഖങ്ങള്‍.

അവസാന പേജിലെ
മുഖം കണ്ട
ഞാനൊന്നു
ഞെട്ടി..
അത്
ഇപ്പോള്‍ എനിക്കൊട്ടും
പരിചയമില്ലാത്ത
എന്റെ
പഴയ മുഖം
ആയിരുന്നു....

Wednesday, May 18, 2011

മഴ.



"മോളെ... തുണി എടുക്ക്
ഈ നശിച്ച മഴ
ഇപ്പൊ പെയ്യും"
അമ്മ ഉച്ചത്തില്‍
മഴയെ ശപിച്ചു.
ഞാനോടി
തുണി മൊത്തം ഉണങ്ങിയിട്ടില്ല.

പിറ്റേന്നും മഴ
"ഈ നശിച്ച മഴ തോര്‍ന്നിട്ട്
കല്യാണത്തിനു-
പോകാന്‍ പറ്റില്ല"
അമ്മ പിറുപിറുത്തു

മറ്റൊരിക്കല്‍
"ഈ നശിച്ച മഴ
എന്ത് ഭാവിച്ചാ ?
ആകെ ചുട്ടു പഴുത്തിട്ടും
ഒന്നും പെയ്യണം എന്നുണ്ടോ
ആശ്രീകരത്തിന് ?.."
അമ്മയുടെ പ്രാകല്‍

ഇന്നലെ
മഴപെയ്തു
ഒപ്പം മിന്നലും കാറ്റും.
അമ്മ വീണ്ടും കരഞ്ഞു.
"ന്റെ ദൈവമേ
ഈ നശിച്ച മഴ
മനുഷ്യനെ കൊല്ലാന്‍ വേണ്ടി....."

കാലികം



നിരാശയുടെ
പടുകുഴിയിലേക്ക്
വീണുപോകുമായിരുന്ന
ജന്മം..
കൈ പിടിച്ചുയര്‍ത്തിയ
സുഹൃത്ത്‌.
അവനു എന്തു
പകരം നല്കിയാലാണ്
മതിയാവുക
സൗഹൃദത്തിന്റെ,
ലക്ഷ്മണരേഖയുടെ
അതിര്‍ വരമ്പുകള്‍
ലംഘിക്കാതെ...

കാപാലികരാല്‍
ചുറ്റപ്പെട്ട ലോകം
സൗഹൃദത്തിനു
പുതിയ മാനം
നല്‍കുമ്പോഴും..
ആരുമറിയാതെ
ഇരുട്ടില്‍ തേങ്ങിക്കരയാന്‍
വിധിക്കപ്പെടുമ്പോഴും..
തളരരുത്.

വംശനാശം സംഭവിച്ച
മനുഷ്യത്വം,
ദയ,സ്നേഹം...
ഇനി വരുന്ന
തലമുറകള്‍ക്ക്
ഇവ അന്യമായ്
തീരുമോ..

Saturday, May 7, 2011

ഇന്ദിര



മൂന്നു ദിവസത്തെ വിരസം നിറഞ്ഞ യാത്രയ്ക്കുശേഷം ഭര്‍ത്താവും മകളുമൊത്ത് ഇന്ദ്രപ്രസ്ഥത്തില്‍ കാലുകുത്തിയപ്പോള്‍, എന്താണ് മനസ്സില്‍ തോന്നിയത് എന്നോര്മിക്കാന്‍ കഴിയുന്നില്ല. ഭര്‍ത്താവിന്റെ കൂട്ടുകാരനും ഭാര്യയും, മകളും ഞങ്ങളെ പ്രതീക്ഷിച്ചു സ്റ്റേഷനില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

കരോള്‍ ബാഗിലെ 6 -ആം നമ്പര്‍ ഗല്ലിയിലെ സാമാന്യം ഭംഗിയുള്ള ഒരു ഫ്ലാറ്റിലേക്കാണു ഞങ്ങള്‍ ചെന്നത്.യാത്രയുടെ ക്ഷീണം കാരണം, കുളിച്ച്, എങ്ങനെയെങ്കിലും ഒന്ന് കിടക്കണമെന്നായിരുന്നു തീരുമാനം. ഞങ്ങളുടെ മുറി മൂന്നാം നിലയിലായിരുന്നു. താഴത്തെ നിലയുടെ പടി കയറി മുകളിലേക്ക് ചെന്നപ്പോള്‍, പൊട്ടിവീണതുപോലെ ഒരു പെണ്‍കുട്ടി പടി ചാടിയിറങ്ങിവന്നു. എന്റെ ഭര്‍ത്താവിനെയും, കൂട്ടുകാരനെയും കണ്ടപ്പോള്‍ തലയിലൂടെ ഇട്ടിരുന്ന തുണി മുഖത്തേക്ക് വലിച്ചിട്ടു മുഖം മറച്ചിട്ട് അവള്‍ പതുക്കെ ഒതുങ്ങി പടിയിറങ്ങാന്‍ തുടങ്ങി. ഒറ്റ സെക്കന്റ്‌ നേരത്തേക്ക് ഞാന്‍ അവളുടെ ഭംഗിയേറിയ മുഖം കണ്ടു. ചോദ്യഭാവത്തില്‍ ഞാന്‍ ചേട്ടന്റെ മുഖത്തേക്ക് നോക്കി.

"ഇത് വീട്ടുകാരന്റെ മകന്റെ ഭാര്യയാണ്, ഇന്ദിര". ചേട്ടന്‍ പറഞ്ഞു.
"നല്ല ചേച്ചി." മകളുടെ കമന്റ്‌. ഇത് കേട്ടപ്പോള്‍ ചേട്ടന്റെ കൂട്ടുകാരന്‍ തല ചരിച്ച് ചേട്ടനോടെന്തോ പിറുപിറുത്തു. അവര്‍ പൊട്ടിച്ചിരിച്ചു.

    മുറിയില്‍ പ്രവേശിച്ചപ്പോള്‍ ശ്വാസം മുട്ടുന്നതുപോലെ തോന്നി. ഇവിടെ വിശാലമായ മുറികളില്‍ ഓടി നടന്നിട്ട്....., അതൊരു ജയില്‍ പോലെ.ആ മുറി L ആകൃതിയിലാണ്. അതിനോട് ചേര്‍ന്ന് മറ്റൊരു മുറി, ഒരടുക്കള, ബാല്കണി, ഒരിടനാഴി. പിന്നെ ടോയ്‌ലറ്റ്‌. ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ നിരനിരയായി നില്‍ക്കുന്ന ഫ്ലാറ്റുകള്‍ കാണാം. എതിര്‍ സൈഡില്‍ ഒരു മലയാളി ഫാമിലി ആണ്. അത്രയും ആശ്വാസം.
"കല പോയി കുളിച്ചിട്ടു വാ, ഞാന്‍ ചായ ഇടാം" കൂട്ടുകാരന്റെ ഭാര്യ ജീനയുടെ സഹായ ഹസ്തം. "ഊണും ഇന്ന് ഞങ്ങളുടെ വക." ജീന ചിരിച്ചു. കുളിച്ചു മാറാനുള്ള ഡ്രെസ്സ് എടുത്തു കുളിമുറിയിലേക്ക് നടന്നു. കുളിമുറി കണ്ടപ്പോഴേ മനസിന്‌ മരവിപ്പ് തോന്നി. ഒരു ഇടുങ്ങിയ മുറി. മുകളില്‍ നീളത്തില്‍ ഒരു സ്ലാബ്. അതില്‍ എന്തൊക്കെയോ പെറുക്കി ഇട്ടിരിക്കുന്നു. ഇറങ്ങി ഓടാനാണ് ആദ്യം തോന്നിയത്. പിന്നെ കുളിച്ചു. (വേറെ നിവര്‍ത്തിയില്ലല്ലോ..)നല്ലൊരു കുളി പ്രതീക്ഷിച്ചതാണ്. പക്ഷെ ഇത് ചൂടത്ത് ചൂടുവെള്ളം. മുകളിലറ്റത്തെ നിലയിലെ ടാങ്കില്‍ കിടന്നു ചൂടായ വെള്ളം. ക്ലോറിന്റെ മണവും. വേഗം കുളികഴിച്ചു.

"ദേ, ചായ കുടിക്ക് ചൂടോടെ." ജീന ചായ നീട്ടി. ചായ കുടിച്ചപ്പോള്‍ തുപ്പാന്‍ തോന്നി. ഒരു രുചിയുമില്ല. വെള്ളത്തിന്റെതാണ് കുഴപ്പം. ചേട്ടനെ ദയനീയമായി നോക്കി. "ഇങ്ങോട്ട് വരാന്‍ ചാട്ടമല്ലായിരുന്നോ..ഇവിടുത്തെ വെള്ളവും പാലുമൊക്കെ ഇങ്ങനെയാ. സഹിക്ക്." ദയ ലവലേശമില്ലാതെ ചേട്ടന്‍ മുരണ്ടു.

"സാരമില്ല കലേ. കുറെ ആകുമ്പോള്‍ ശീലമാകും. എനിക്കും ആദ്യം ഇങ്ങനെയായിരുന്നു." ജീന സമാധാനിപ്പിച്ചു. " നീ എന്താടാ വെട്ടുപോത്തിന്റെ കൂട്ട് ചാടുന്നെ?" കൂട്ടുകാരന്‍ ചേട്ടനെ ശാസിച്ചു. "ആ കൊച്ച് ഒന്നാമതെ വിഷമിച്ചിരിക്കുവാ. സമാധാനിപ്പിക്കേണ്ടത്തിനു പകരം അവന്‍ ചാടുന്നു." ചേട്ടന്‍ മറുപടി ഒന്നും പറഞ്ഞില്ല.
രാത്രി 8.30 വരെ ഞങ്ങള്‍ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. അതിനു ശേഷം കൂട്ടുകാരന്റെ റൂമിലേക്ക്‌ അത്താഴമുണ്ണാന്‍ പോയി. 4-ആം നിലയിലാണ് അവരുടെ മുറി. അപ്പോഴേക്കും മോളും, കൂട്ടുകാരന്റെ മകളും സുഹൃത്തുക്കള്‍ ആയികഴിഞ്ഞിരുന്നു.

അത്താഴത്തിനു ചോറും, ചിക്കനും, പാവക്ക മെഴുക്ക് പുരട്ടിയുമായിരുന്നു.  കണ്ടപ്പോഴേ മതിയായി. ഞാന്‍ ആ സമയത്ത് ചിക്കന്‍ ഉപയോഗിക്കില്ലായിരുന്നു.

"എനിക്ക് വേണ്ടാ. വിശപ്പില്ല." ഞാന്‍ പറഞ്ഞു.
"അതെന്താ?" ജീന
"അതേ... അവള്‍ക്കു ഇറച്ചി കേറത്തില്ല. അതാ." ചേട്ടന്‍ വീണ്ടും പോരിനിറങ്ങി.
"അയ്യോ, എനിക്കത് അറിയത്തില്ലായിരുന്നു. സാരമില്ല ഒരു വഴിയുണ്ട്." ജീന വീണ്ടും സഹായത്തിനെത്തി.
"കല ഉണക്ക മീന്‍ കൂട്ടുമോ?" ജീന തിരക്കി.
"ങാ" ഞാന്‍ മൂളി.

ജീന വേഗം ഉണക്ക മീന്‍ വറുത്തു. ഒപ്പം മുളകും, ഉള്ളിയും, ഉപ്പും ചേര്‍ത്ത് ഒരു ചമ്മന്തിയും അരച്ചു. എനിക്ക് തൃപ്തിയായി. കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ജീന ചോദിച്ചു."മോള്‍ ഇന്നിവിടെ കിടക്കുന്നോ, അച്ചുന്റെ കൂടെ?"

മോള്‍ക്ക്‌ കിടക്കണമെന്നുണ്ട്. അവള്‍ എന്നെ നോക്കി. "ഇന്ന് വേണ്ട മോളെ, പിന്നീടാവട്ടെ." ഞാന്‍ പറഞ്ഞു.
ആഹാരം കഴിഞ്ഞ് ഞങ്ങള്‍ താഴേക്കു പോന്നു. കിടന്നതെ ഓര്‍മയുള്ളൂ. ക്ഷീണം കാരണം ബോധം കെട്ടുറങ്ങി.

പിറ്റേന്ന് രാവിലെ ചെട്ടന്‍ പുറത്തേക്കുപോയി. പെട്ടന്നു തന്നെ തിരികെ വന്നു.കയ്യില്‍ ഒരു കവര്‍ ബ്രെഡും, ഒരു ഡസന്‍ മുട്ടയും. ചേട്ടന്‍ തന്നെ ചായ റെഡി ആക്കി. ഞാന്‍ മോളെ വിളിച്ചു. മുഖവും വായും വൃത്തിയാക്കി ഞങ്ങള്‍ ചായ കുടിച്ചു. ഏലക്കാ ഇട്ടു തിളപ്പിച്ചതിനാല്‍ ചായയ്ക്ക് രുചി ഉണ്ടായിരുന്നു. ചേട്ടന്‍ ഓഫീസില്‍ പോകാന്‍ റെഡി ആവുകയാണ്.

"ഇന്നവധി എടുക്കാന്‍ പറ്റത്തില്ലിയോ?" ഞാന്‍ ചോദിച്ചു. "പറ്റത്തില്ല.വൈകിട്ട് നേരത്തെ വരാം. നമുക്ക് കറങ്ങാന്‍ പോകാം." ചേട്ടന്‍ ചിരിച്ചു.
ചേട്ടന്‍ ബ്രെഡ്‌ മൊരിച്ച്, ഓംലെറ്റും ഉണ്ടാക്കി വന്നു. ഞങ്ങള്‍ കഴിക്കാന്‍ റെഡി ആയി. മോള്‍ക്ക്‌ ഓംലെറ്റ് ജീവനാണ്.

ചേട്ടന്‍ യാത്ര പറഞ്ഞു പോകാനിറങ്ങി. (ഉത്തര്‍ പ്രദേശിലെ നോയ്‌ഡാ എന്ന സ്ഥലത്താണ് ചേട്ടന്‍ ജോലി ചെയ്യുന്നത്. ഓഫീസ് ഡല്‍ഹിയില്‍ തന്നെയാണ്. ട്രാഫിക്‌ സിഗ്നല്സില്‍ എഞ്ചിനീയര്‍ ആണ് ചേട്ടന്‍.)

വിരസമായ പകല്‍. ഇടയ്ക്ക് ജീനയും,മോളും വന്നു. ആഹാരം കഴിച്ചത് ഒരുമിച്ചാണ്. അത്താഴം അവര്‍ക്കുകൂടി റെഡി ആക്കി. വൈകിട്ട് ചേട്ടന്‍ നേരത്തെ വന്നു. കൂട്ടുകാരനും നേരത്തെതന്നെ എത്തിയിരുന്നു. ഞങ്ങള്‍ രണ്ടു കുടുംബവും ഒന്നിച്ചിറങ്ങി. കുഞ്ഞുങ്ങള്‍ക്ക്‌ എന്തൊരു ഉത്സാഹം...

താഴെ എത്തിയപ്പോള്‍ വീട്ടുടമസ്ഥന്റെ ഭാര്യയും, മകളും പരിചയപ്പെടാന്‍ വന്നു. എന്തൊക്കെയോ സംസാരിച്ചു. ഒന്നും മനസിലായില്ല. ചിരിച്ചോണ്ടു നിന്നു. ഇടയ്ക്ക് അകത്തേക്കൊന്നു പാളി നോക്കി. ഒരു പെണ്‍കുട്ടി തല വഴി തുണിയിട്ട് മുഖം മൂടിവെച്ച് ചപ്പാത്തിയുണ്ടാക്കുന്നു.

"നേരത്തെ കണ്ട കൊച്ചല്ലിയോ ജീനാ അത്, ആ ഇന്ദിര?" ഞാന്‍ ജീനയെ നോക്കി.
"അതെ. കഷ്ടം... ഇട്ടു പണിയെടുപ്പിക്കുന്നത് കണ്ടില്ലേ.." ജീന പറഞ്ഞു.

ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുറേ നടന്നു. കടകളില്‍ കയറി. തൊട്ടടുത്താണ് 'മണ്ടെ മാര്‍ക്കെറ്റ് '. കിലോമീറ്ററുകള്‍
നടന്നെന്ന് തോന്നുന്നു. ദൂരം അറിഞ്ഞതേയില്ല. റോഡ്‌ മൊത്തം കച്ചവടക്കാരെകൊണ്ട് നിറഞ്ഞിരിക്കുന്നു. അവര്‍ക്കുള്ളതാണ് തിങ്കളാഴ്ച ആ സ്ഥലം.വേറെ കടകളൊന്നും തുറക്കില്ല അന്ന്. വഴിക്കച്ചവടക്കാരാണു നിറയെ. എന്തെല്ലാം സാധനങ്ങള്‍... സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന ഇഷ്ടം പോലെ ആണുങ്ങളും ഉണ്ട്. കൂട്ടത്തില്‍ പെണ്ണുങ്ങളെ തൊടുക, പിച്ചുക ഇവയൊക്കെയാണ് അവരുടെ വിനോദങ്ങള്‍. എന്തൊക്കെയോ കുറേ സാധനങ്ങള്‍ ഞങ്ങള്‍ വാങ്ങി. കുറേ തട്ടും, മുട്ടും ഒക്കെ കൊണ്ടെങ്കിലും സാരമാക്കിയില്ല.മാക്‌ ഡോനാല്ടില്‍ കയറി ബര്‍ഗര്‍ കഴിച്ചു.
ഞാന്‍ ആദ്യമായാണ്‌ ബര്‍ഗര്‍ കഴിക്കുന്നത്‌. നല്ല രുചി. 

രാത്രി ഞങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതിനു ശേഷം സുഹൃത്തുക്കള്‍ അവരുടെ മുറിയിലേക്ക് തിരികെ പോയി.

ദിവസങ്ങള്‍ കടന്നു പോയി. ഞാന്‍ ഇന്ദിരയെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. കാണുമ്പോള്‍ മനോഹരമായി അവള്‍ ഒന്ന് ചിരിക്കും. എന്തൊരു സൌന്ദര്യമാണ്. വെളുത്തു തുടുത്ത്‌... ചുവന്ന ചുണ്ടുകള്‍. അവളുടെ ഭര്‍ത്താവിനെ ഞാന്‍ കാണുന്നത് ആഴ്ചകള്‍ക്ക് ശേഷമാണ്. അയാള്‍ അന്ന് ഇന്ദിരയുടെ കൂടെ തുണിയുണക്കാന്‍ മുകളിലേക്ക് പോകുന്നു. അയാള്‍ ഇടയ്ക്കിടെ ചുമയ്ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട്  ഒന്ന് നിന്ന്, തുറിച്ചു നോക്കി. എനിക്ക് വല്ലായ്മ തോന്നി. ഞാന്‍ വേഗം മുറിയിലേക്ക് മാറി.

വൈകിട്ട് ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു."ചേട്ടാ, ഞാനിന്നു ഇന്ദിരയുടെ ഭര്‍ത്താവിനെ കണ്ടു അയാള്‍ക്കെന്തോ അസുഖമുണ്ട്."

"ഇല്ല നിനക്ക് തോന്നിയതാ. അയാള്‍ക്ക്‌ നല്ല ആരോഗ്യമുണ്ട്." ചേട്ടന്‍ പറഞ്ഞു. ഞാന്‍ തര്‍ക്കിക്കാന്‍ പോയില്ല. പക്ഷെ എനിക്കെന്തോ വല്ലായ്മ തോന്നി.

ജീനയുടെ അടുത്തേക്ക് ഞങ്ങള്‍ ഇടയ്ക്കിടെ ചെല്ലും. അത് ഏറ്റവും മുകളിലത്തെ നിലയിലായതുകൊണ്ട് വളരെ ഭംഗിയായി കാഴ്ചകള്‍ കാണാം.മിക്കവാറും വൈകിട്ട് ഞങ്ങള്‍ ടെറസിന്റെ മുകളില്‍ കയറി നില്‍ക്കും. മെട്രോ ട്രെയിന്‍ വരുന്നതും പോകുന്നതും കാണാന്‍ നല്ല രസമാണ്. അയല്‍ ഫ്ലാറ്റുകളിലെ ചെറുപ്പക്കാര്‍ മിക്കവാറും ടെറസിന്റെ മുകളില്‍ കാണും. അവര്‍ പ്രാവുകളെ വളര്‍ത്തുന്നുണ്ട്. പ്രാവുകളെ പറപ്പിച്ചു വിടുന്നത് ഒരു വിനോദമാണവിടെ. അവ കുറെ കഴിഞ്ഞു കൂട്ടം തെറ്റാതെ തിരിച്ചു യജമാനന്റെ അടുത്ത് തന്നെ എത്തും.

അങ്ങനെ ഇരിക്കെയാണ് അക്കൂട്ടത്തിലുള്ള ഒരു തടിയന്‍ ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അയാളെ കാണാന്‍ സുന്ദരനാണ്. വൈകുന്നേരങ്ങളില്‍ അയാള്‍ സ്ഥിരമായി ടെറസിന്റെ മുകളില്‍ വരാന്‍ തുടങ്ങി.അവിടെ ഇരുന്നു ഞങ്ങളെ നോക്കും. കുറെയായപ്പോള്‍ ഞങ്ങള്‍ ടെറസിലെ പതിവു സന്ദര്‍ശന സമയം മാറ്റി. എവിടെയെങ്കിലും ഞങ്ങള്‍ പോയാല്‍ തിരികെ വരുന്നത് വരെ റോഡില്‍ ഇറങ്ങി നില്‍ക്കും. ഞങ്ങള്‍ അടുത്തെത്തുമ്പോള്‍ ഹിന്ദി ഗാനം മൂളും. കുറെ ആയപ്പോള്‍ ജീന ഭര്‍ത്താവിനോട് പരാതി പറഞ്ഞു. അതിനെന്താ, നിങ്ങളും നോക്കിക്കോ എന്ന് അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

മുകളില്‍ താമസിക്കുന്ന തമിഴന്‍ വിവാഹത്തിനായി നാട്ടില്‍ പോയിരിക്കുകയാണ്. നല്ല വൃത്തിയാണ് അയാള്‍ക്ക്‌. മുറികള്‍ ഭംഗിയായി അടുക്കി വെച്ചിരിക്കും. ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്.. രാവിലെ പോയാല്‍ വൈകിട്ട് ആറിന് തിരികെയെത്തും. ക്രിസ്ത്യന്‍ ആണ്.


 ഇന്ദിരയുടെ ഭര്‍ത്താവിനു രണ്ടു സഹോദരിമാരും ഒരു സഹോദരനും ഉണ്ട്. ഇളയ സഹോദരിയുടെ വിവാഹം കഴിഞ്ഞതാണ്. മൂത്ത സഹോദരി വീട്ടിലുണ്ട്. അവളാണ് ഭരണം. അച്ഛന്റെയും സഹോദരന്റെയും ഒപ്പം അവള്‍ കട്ടിലില്‍ കിടക്കുന്നത് കാണാം. ഒരു മുറിയിലാണ് എല്ലാവരും കൂടെ കഴിയുന്നത്. എങ്ങനെയാണോ എന്തോ.. ഇന്ദുവിന് സ്ത്രീധനം കിട്ടിയ സാധനങ്ങള്‍ എല്ലാം മുകളിലത്തെ മുറിയിലാണ്.
മോളെ അവിടെയുള്ള സ്കൂളില്‍ ചേര്‍ത്തു. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സ്കൂള്‍ സമയം. ചേട്ടന്‍ രാവിലെ മോളെയും കൊണ്ട് പോകും. ഉച്ചയ്ക്ക് ഞാന്‍ പോയി തിരികെ വിളിച്ചുകൊണ്ട് വരും..

ഒരു ദിവസം അവള്‍ എന്നോട് ചോദിച്ചു, “അമ്മെ, കുത്താ എന്ന് വെച്ചാല്‍ പട്ടി എന്നല്ലേ?”
“അതേ.” ഞാന്‍ പറഞ്ഞു.
“എന്റെ ക്ലാസില്‍ ഒരു കുട്ടിയുണ്ടമ്മേ, അതിന്റെ പേര് അങ്കിത് കുത്താ എന്നാ.”
“ങേ” ഞാന്‍ പൊട്ടിച്ചിരിച്ചു.
“സത്യമാ അമ്മെ.” അവള്‍ പറഞ്ഞു.
എനിക്ക് ചിരി സഹിക്കുന്നില്ല. പിറ്റേന്ന് ഞാന്‍ അങ്കിത്തിന്റെ മമ്മിയെ കണ്ടു. ഞാന്‍ ചോദിച്ചു. “ഇവന്റെ പേര് അങ്കിത് കുത്താ എന്നാണോ?”
“അതേ..” അവര്‍ പറഞ്ഞു. ഞാന്‍ അന്ധാളിച്ചു.
അപ്പോള്‍ ഒരു ടീച്ചര്‍ വന്ന്‌ “അങ്കിത് ഗുപ്താ ഇവിടെ വാ” എന്ന് വിളിച്ചു. എനിക്ക് വീണ്ടും ചിരി വന്നു. ഉച്ചയ്ക്ക് ഞാന്‍ മോളോട് പറഞ്ഞു. അവളും ഞാനും ചിരിച്ചു.

ഇതിനിടയില്‍ മോളെ ഒരു തമിള്‍ ടീച്ചറിന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ ചേര്‍ത്തു. ഞങ്ങള്‍ ഡാന്‍സ് ടീച്ചറിന്റെ വീട് തിരക്കി നടക്കുമ്പോള്‍ ഡാന്‍സ് സ്കൂള്‍ എന്നെഴുതിയ ഒരു ബോര്‍ഡ്‌ കണ്ടു അങ്ങോട്ട്‌ പോയി. അടച്ചിട്ടിരുന്ന ഗേറ്റ് ചേട്ടന്‍ വലിച്ചു തുറന്നതും, ഒരുപട്ടി ചാടിവന്നു ചേട്ടന്റെ പാന്റ്സില്‍ കടിച്ചതും ഒരുമിച്ച്. ഞങ്ങള്‍ തിരിഞ്ഞോടി. ചേട്ടന്‍ അതിനൊരു തൊഴി കൊടുത്തിട്ട് തിരിച്ചു വന്നു. ഞങ്ങള്‍ അങ്ങനെ വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെന്ന് ചേട്ടന് തെളിയിച്ചുകൊടുത്തു. അങ്ങനെ അഡ്മിഷന്‍ പിറ്റെന്നാവട്ടെ എന്ന് തീരുമാനിച്ചു. വീടു വരെ ഞാനും മോളും ചിരിച്ചു. ചേട്ടന്‍ ഇടയ്ക്കിടെ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ താജ്‌ മഹലിലേക്ക് ഒരു ടൂര്‍ പോയി. ഞാന്‍ രണ്ടാം തവണയാണ് താജ്‌ കാണാന്‍ പോകുന്നത്. ആദ്യം, വിവാഹം കഴിഞ്ഞ ഉടനെ യുള്ള ഡല്‍ഹി ജീവിതത്തിനിടയില്‍. ഇത് മോളോടൊപ്പം. പിന്നെ ഒരിക്കല്‍ക്കൂടി പോയി. അന്ന് ഞങ്ങളോടൊപ്പം മോനും, ചേട്ടന്റെ അച്ഛന്, അമ്മയും ഉണ്ടായിരുന്നു. ചേട്ടന്റെ അമ്മ വളരെ നല്ല അമ്മയാണ്. ദേഷ്യപ്പെടാറില്ല. സുന്ദരിയായ അമ്മ. മകനെയും, മരുമകളെയും ഒരുപോലെ കാണുന്നു. ഞാനും ചേട്ടനും വഴക്കുണ്ടാക്കുമ്പോള്‍ അമ്മ എന്റെ സൈഡ് പറയും. കുടുംബ ജീവിതത്തിനു വേണ്ടി ജോലി വേണ്ടെന്നു വെച്ചതാണ് അമ്മ. അച്ഛനും വളരെ നല്ല മനുഷ്യന്‍. അധ്യാപകനായിരുന്നു. അച്ഛനും, അമ്മയും കൂടിയാണ് അവളെ ‘വഷളാക്കുന്നത്’ എന്ന് ചേട്ടന്‍ പരാതിപറയും.

ഞങ്ങളുടെ വണ്ടിയില്‍ ഒരു ടൂറിസ്റ്റ്‌ ഗൈഡ് കയറി. അയാള്‍ക്കറിയാവുന്ന ഇംഗ്ലീഷ് കൊണ്ട് അയാള്‍ കാഴ്ചകള്‍ വിവരിക്കുകയാണ്. ആദ്യം ഞങ്ങള്‍ ആഗ്ര കൊട്ടാരത്തിലെക്കാണ് പോയത്. കൊട്ടാരം വിഷാദ മൂകമായി നില്‍ക്കുന്നതുപോലെ. അവിടെ നിന്നപ്പോള്‍ ഷാജഹാന്‍-മുംതാസ്‌ കഥ ഓര്‍മവന്നു. പ്രണയിനിക്ക് വേണ്ടി സ്മാരകം തീര്‍ത്ത ഷാജഹാന്‍. ആഗ്രാ കൊട്ടാരത്തില്‍ നിന്ന് നോക്കുമ്പോള്‍ യമുനാ നദിയുടെ അങ്ങേ കരയിലായി, ഒരു വെണ്ണക്കല്‍ ശില്‍പം പോലെ ടാജ്മഹല്‍.  ടാജ്മഹല്‍ കാണുമ്പോള്‍, അദ്ദേഹത്തിന്റെ മനസിലൂടെ തന്റെ പ്രണയിനിയെ കുറിച്ച് എന്തൊക്കെ ചിന്തകള്‍ കടന്നുപോയിക്കാണും..... വളരെ മനോഹരമാണ് താജ്‌. മൂടല്‍ മഞ്ഞിലൂടെ താജ്‌ കാണുമ്പോള്‍ അമ്പരപ്പും, അഭിമാനവും തോന്നി. ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്ന്.

   കൊട്ടാരമാകെ ചുറ്റി നടന്നു കണ്ടു. വിലപിടിപ്പുള്ള രത്നങ്ങള്‍ പാകിയിട്ടുണ്ട് കൊട്ടാരത്തില്‍. പക്ഷെ മോഷണം പോയിരിക്കുന്നു. കനത്ത സെക്യൂരിറ്റി ഉണ്ടവിടെ. ഞങ്ങള്‍ അവിടെയെല്ലാം നിന്ന് ഫോട്ടോ എടുത്തു. മോള്‍ക്ക്‌ അവിടെ ഒക്കെ ഓടിനടന്നിട്ടു മതിയാവുന്നില്ല. പൂന്തോട്ടങ്ങള്‍... എത്ര മനോഹരമാണ്..കുറെ നേരം കഴിഞ്ഞു ഞങ്ങള്‍ താജ്‌ മഹലിലേക്ക് തിരിച്ചു. മനസ് ഇപ്പോഴേ അവിടെയാണ്. അങ്ങനെ ഞങ്ങള്‍ ടാജില്‍ എത്തി. എന്ത് മനോഹരമാണ് താജ്‌ മഹല്‍. ബസ്‌ ഇറങ്ങുന്നിടതുനിന്നും കുറെ നടക്കണം.. ദൂരം അറിഞ്ഞതേയില്ല.. അച്ഛനും അമ്മയും വളരെ പുറകിലായി. ഞങ്ങളും യാത്ര പതുക്കെയാക്കി. അച്ഛനും അമ്മയ്ക്കും ഒട്ടും വേഗതയില്ല. മനസ് തുടിക്കുകയാണ്. താജ്‌... ഇതാ ഞങ്ങള്‍ വരുന്നു...

 
താജ് മഹലില്‍ കയറി.... ആദ്യം കുറെ നേരം നോക്കിനിന്നു. എന്തെങ്കിലും കുറ്റമുണ്ടോ എന്നായിരിക്കും നോക്കിയത്. പെണ്‍മനസല്ലേ. ഒന്ന് തൊട്ടുനോക്കി. അല്‍പനേരം ഭിത്തിയില്‍ ചാരിനിന്നു... താജ് മഹലിനെ ഉള്ളിലേക്ക് ആവാഹിച്ചു. പിന്നെ അകത്തേക്ക് കയറി. അതാ മുംതാസിന്റെയും ഷാജഹാന്റെയും ശവകുടീരങ്ങള്‍ അടുത്തടുത്തായി... ഇതല്ല യഥാര്‍ത്ഥ കുടീരം. അത് ആ കുടീരത്തിന്റെ അടിയിലായി ആണ്. അങ്ങോട്ട്‌ ഇറങ്ങി ചെല്ലാന്‍ പടിയുണ്ട്. പക്ഷെ സുരക്ഷാ കാരണങ്ങളാല്‍ അത് ഇപ്പോ തുറക്കാറില്ല. കമ്പി വേലിയാണ് മുകളില്‍. കമിഴ്ന്നു കിടന്നു നോക്കി. കണ്ടു. സമാധാനമായി. കുടീരത്തിന് വലം വെച്ച്. ഫോട്ടോ എടുത്തു. ( പക്ഷെ മൂന്നാം തവണ പോയപ്പോള്‍ ഫോട്ടോ എടുപ്പ് വിലക്കിയിരിക്കുകയാണ്. എന്നിട്ടും ചേട്ടന്‍ എന്നെ കുടീരത്തിന് മുന്നില്‍ നിര്‍ത്തി ഫോട്ടോ എടുത്തു. സെക്യൂരിറ്റി ചീഫും, മറ്റൊരു സെക്യൂരിറ്റിയും ഓടിവന്നു, ചേട്ടന്റെ കുത്തിനു പിടിച്ചു. ഞാന്‍ പേടിച്ചുപോയി.അയാള്‍ ക്യാമറ പിടിച്ചു വാങ്ങി ഫിലിം റോള്‍ എടുക്കാന്‍ നോക്കി. ചേട്ടന്‍ തടഞ്ഞു. ഞാന്‍ കരയാന്‍ തുടങ്ങി. അപ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഓടിവന്നു. അയാള്‍ ചേട്ടനെ തിരിച്ചറിഞ്ഞു. അങ്ങനെ പ്രശ്നം തീര്‍ന്നു. ഞാന്‍ ക്ഷമ ചോദിച്ചു. അവര്‍ പിന്നീട് ഞങ്ങളെ സല്ക്കരിച്ചിട്ടാണ് വിട്ടത്) കുറെ നേരം അവിടെയൊക്കെ കറങ്ങി നടന്നു. പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫേര്‍സിനെ കൊണ്ട് ഫോട്ടോ എടുപ്പിച്ചു. അത് അവര്‍ പിന്നീട് അയച്ചുതന്നു.

അതിനു ശേഷം ഞങ്ങള്‍ മഥുരയിലേക്കാണ് പോയത്. അമ്പാടി കണ്ണന്റെ ജന്മ സ്ഥലം.കൃഷ്ണന്റെ കഥകളുടെ മനോഹരമായ ചുവര്‍ ചിത്രങ്ങള്‍. ഞങ്ങള്‍ കൃഷ്ണന്‍ പിറന്നു വീണ കാരാഗൃഹം കണ്ടു. സ്മരണാര്‍ത്ഥം അതങ്ങനെ സൂക്ഷിച്ചിരിക്കുകയാണ് . (പിന്നീട് അത് കെട്ടിമറച്ചു അമ്പലമാക്കി) ആ കാരാഗൃഹത്തിനുള്ളില്‍ ഒരു തുടല്‍, ഒരു പാത്രം... ഇതൊക്കെയുണ്ട്. അതിനോട് തൊട്ടു ചേര്‍ന്ന് ഓരു മുസ്ലിം പള്ളി. പണ്ടത്തെ മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി. പക്ഷെ ഇപ്പോള്‍ അത് പ്രശ്നബാധിത പ്രദേശമാണ്. കനത്ത സെക്യൂരിറ്റി ചെക്കിംഗ്. വര്‍ഗീയതയുടെ പ്രതീകം. ഭക്തി നിറഞ്ഞ മനസുമായി ഞങ്ങള്‍ തിരികെ ഡല്‍ഹിയിലേക്ക്. വഴിയില്‍ അക്ബറിന്റെ ശവകുടീരം കണ്ടു...

ദിവസങ്ങള്‍ കടന്നുപോയി. ഞാന്‍ ഇന്ദുവുമായി സംസാരിച്ചു തുടങ്ങി. മോളുമായി നല്ല കൂട്ടായി അവള്‍.നിരക്ഷരയായ പെണ്‍കുട്ടി. പാവപ്പെട്ട വീട്ടിലെ കുട്ടിയാണവള്‍. ഈ വിവാഹം അവളുടെ ഇഷ്ടത്തോടെ ആയിരുന്നില്ല. എന്നെ അവള്‍ ഭാഭി എന്നാണു വിളിച്ചിരുന്നത്.
    മാങ്ങയുടെ സീസന്‍ ആകുമ്പോള്‍ ഞങ്ങള്‍ മാങ്ഗോ ഷേക്ക്‌ കുടിക്കാന്‍ പോകും. ദിവസവും ഞാനും മോളും കൂടെ ഇഷ്ടം പോലെ കഴിക്കും. ചേട്ടന്‍ വരുമ്പോള്‍ വൈകിട്ട് ഒരുമിച്ചു പോയി കഴിക്കും. എന്തൊരു രുചിയാണ് അതിന്.. ചൂടത്ത്, ഐസ് ഇട്ട മാങ്ഗോ ഷേക്ക്‌.

   ഇതിനിടയില്‍ ഞങ്ങള്‍ പാലിക ബസാറില്‍ പോയി. ഭൂമിയുടെ അടിയിലാണ് അത്. വഴിയുടെ രണ്ടു വശത്തുമായി നിരന്നു കടകള്‍. കസെറ്റ് കടകളുടെ മുന്നില്‍ കൂടി പോകാന്‍ വയ്യ. നാണം കെട്ടു പോകും. ഞാന്‍ മുകളില്‍ നിന്ന് താഴെക്കിറങ്ങുമ്പോള്‍ കാലൊന്നു വഴുതി. താഴെ വീണു. ദാ കിടക്കുന്നു, നടുവും അടിച്ചു താഴെ. ചേട്ടന്‍ കുറെ മുന്നിലാണ്. അടുത്തുനിന്ന പോലീസ് ചാടിവന്നു പിടിച്ചു പൊക്കി. വേദനയും ചമ്മലും ഒരുപോലെ. ചേട്ടന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഞാന്‍ ഞൊണ്ടുന്നുണ്ട് നടക്കുമ്പോള്‍. കുറെ നടന്നു. പിന്നീട് ചേട്ടന്‍ എനിക്ക് പിസ വാങ്ങിത്തന്നു.

നോര്‍ത്ത്‌ ഇന്ത്യയിലെ ഹോളി ആഘോഷങ്ങള്‍ രസമാണ്.അതെങ്ങനെയാണന്നു എനിക്കറിയില്ലായിരുന്നു. കാണുന്നവരുടെ മുഖത്ത് ചായം തേച്ചു വിടും എന്നെ കരുതിയുള്ളൂ.. അന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞപ്പോള്‍ ചേട്ടന്‍ എന്നോട് ഒരു കവര്‍ പാല്‍ വാങ്ങി വരാന്‍ പറഞ്ഞു. പതിവില്ലാതെ എന്നോട് പറഞ്ഞിട്ടും ഞാന്‍ സംശയിച്ചില്ല.മോളെ കൂട്ടിനു വിളിച്ചു. ചേട്ടന്‍ അവളെ വിട്ടില്ല. ഞാന്‍ കടയില്‍ ചെല്ലുന്നത് വരെ കുഴപ്പമില്ലായിരുന്നു. പാല് വാങ്ങി ഇറങ്ങിയപ്പോള്‍ എന്തോ ഒന്ന് ശക്തിയായി തലയില്‍ പതിച്ചു. മുഖം വഴി നിറമുള്ള ദ്രാവകം, ചുവപ്പ് നിറം. പകച്ചു ചുറ്റിനും നോക്കി. ഒരു ബലൂണ്‍ പൊട്ടി അടുത്ത് കിടക്കുന്നു. പിന്നീട് തിരികെ റൂമില്‍ എത്തുന്നത്‌ വരെ എനിക്ക് ഏറു കിട്ടിക്കൊണ്ടിരുന്നു. റൂമില്‍ ചെന്നപ്പോഴേക്കു ഞാന്‍ പല വിധ വര്‍ണ്ണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. എനിക്ക് കരച്ചില്‍ വന്നു. ചതിക്കപ്പെട്ടതല്ലേ ഞാന്‍. എന്റെ ഭംഗിയുള്ള ഒരു ചുരിദാര്‍....അന്ന് ഞാന്‍ ചേട്ടന് ചായ ഇട്ടു കൊടുത്തില്ല. അങ്ങനെ ഞാന്‍ പകരം വീട്ടി.

അന്ന് തന്നെ രണ്ടാമത്തെ പ്രശ്നവും ഉണ്ടായി. ജീനയുടെ റൂമിന്റെ തൊട്ടു താഴെ താമസിക്കുന്ന വേറൊരു തമിഴനും ഫാമിലിയും ഉണ്ട്. (അയാള്‍ ഒരു ടൂറിസ്റ്റ് ഗൈഡ് ആണ്) ഭാര്യ ഒരു സാധു. ഒരു മകള്‍. അയാള്‍ അന്ന് കുറെ സിന്ദൂരവുമായാണ് താഴേക്കു വന്നത്.അയാള്‍ എന്നെ കണ്ടതും ആ സിന്ദൂരം മുഴുവന്‍ എന്റെ മുഖത്ത് തേച്ചു. എനിക്ക് ദേഷ്യം വന്നു. അയാളോട് എനിക്ക് വെറുപ്പായി. അതിനു ശേഷം ഞാന്‍ അയാളോട് മിണ്ടിയിട്ടില്ല.
   മുകളിലത്തെ തമിഴന്‍ വിവാഹം കഴിഞ്ഞെത്തി. ഉണക്ക കമ്പ് പോലെ ഒരു പെണ്ണ്. മുകളിലേക്ക് കയറിയപ്പോള്‍ ഒന്ന് ചിരിച്ചു. പിറ്റേന്ന് രണ്ടുപേരും കൂടി പള്ളിയിലേക്ക് പോകുന്നത് കണ്ടു. പിറ്റേന്ന് വൈകിട്ട് അവരുടെ മുറിയില്‍ നിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടു. കുറെ കഴിഞ്ഞപ്പോള്‍ അവള്‍ വാതിലിനു വെളിയില്‍ ഇരിക്കുന്നു, പിണങ്ങി. അതേതുടര്‍ന്ന് മിക്കവാറും അവിടെ വഴക്കായിരുന്നു. പാവം തമിഴന്‍..

ഞങ്ങള്‍ ഡല്‍ഹി മൊത്തം കറങ്ങി. അതിനു ശേഷം ഷിംല, മനാലി, കുല്ലു.. ഇവിടെയെല്ലാം പോയി. ഷിംല യാത്ര അവിസ്മരണീയമായിരുന്നു. അവിടെവെച്ചു ഞങ്ങള്‍ കുതിര സവാരി നടത്തി. മലകളുടെ മുകളിലും ആളുകള്‍ താമസിക്കുന്നുണ്ട്. അലമാര പോലെ ഭാരമുള്ള സാധനങ്ങള്‍ പുറത്തു കെട്ടി വെച്ചാണ് അവര്‍ മല കയറുന്നത്. ഒരു പ്രയാസവുമില്ല അവര്‍ക്ക്. കാണുന്ന നമുക്കാണ് പ്രയാസം. ഒരാഴ്ച ഞങ്ങള്‍ അവിടെ താമസിച്ചു. ഏറ്റവും ഉയരം കൂടിയ മാള്‍ മാര്‍ക്കറ്റ്‌... അവിടുത്തെ പ്രധാന മാര്‍ക്കറ്റ്‌ ആണ്.

ഒരു ഞായറാഴ്ച പതിവുപോലെ ചേട്ടനും, മോളുമൊത്ത് സൊറ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ താഴെ നിന്നും ഉറക്കെ ഒക്കാനിക്കുന്ന ശബ്ദം കേട്ടു. ഉച്ചത്തിലാണ് ഓക്കാനം. ഒപ്പം ഒരു പുരുഷ ശബ്ദവും.
 

“ഇന്ദൂ.. ക്യാ ഹുവാ?”
 

ചേട്ടന്‍ എന്നെ നോക്കി ഗൂഡമായി ചിരിച്ചു. ഞാനൊരു വിഡ്ഢിയെപോലെ ചേട്ടനെ നോക്കി. ചേട്ടന്‍ ചോദിച്ചു
“പൊട്ടീ നിനക്കു മനസിലായില്ലേ?” എന്നിട്ട് വയറു വീര്‍പ്പിച്ച് ചേട്ടന്‍ പാടി. “ആരാരോ...ആരിരാരോ...” ഞാന്‍ പൊട്ടിച്ചിരിച്ചു.

വീട്ടില്‍ ഇരുന്നു ബോര്‍ അടിച്ചപ്പോള്‍ ചേട്ടനോട് ചോദിച്ചിട്ട് ഞാന്‍ തയ്യലിനു പോയി തുടങ്ങി. അവിടെ എനിക്ക് കൂട്ടിനു ഒരു കന്നഡ കുട്ടിയെ കിട്ടി. അവള്‍ കുറേശ്ശെ മലയാളം സംസാരിക്കുമായിരുന്നു. വാസന്തി എന്നാണു അവളുടെ പേര്.അവളില്‍ നിന്നും കുറച്ചു കന്നഡ ഞാനും പഠിച്ചു.


ഒരു ഞായറാഴ്ച ഞാന്‍ അടുക്കളയില്‍ നിന്നപ്പോള്‍ താഴെ നിന്നും ഒരു കരച്ചില്‍ കേട്ടു.
“ഭായി സാബ്.. ഇധര്‍ തക് ആയിയേനാ.. വോ ലാട്രിന്‍ മേം ഗിര്‍ പടാ...”ഞാന്‍ ചേട്ടനെ വിളിച്ചു “ ചേട്ടാ താഴേക്കു വേഗം ചെല്ലു, ഇന്ദുവിന്റെ ഭര്‍ത്താവ് കക്കൂസില്‍ വീണു”ചേട്ടന്‍ ചാടിയിറങ്ങി. നോക്കിയപ്പോള്‍ അയാള്‍ കക്കൂസില്‍ ബോധം കേട്ട് കിടക്കുന്നു. ശബ്ദം കേട്ട് ഞങ്ങളുടെ തൊട്ടു മുകളില്‍ താമസിച്ചിരുന്ന തമിഴനും ഓടി വന്നു.
ചേട്ടനും അയാളും കൂടെ ഇന്ദുവിന്റെ ഭര്‍ത്താവിനെ താങ്ങിയെടുത്തു കട്ടിലില്‍ കൊണ്ട് കിടത്തി. താഴെ നിന്നും ഓടിവന്ന അമ്മയും, പെങ്ങളും കരഞ്ഞുകൊണ്ട് അയാളുടെ അടുത്തിരുന്നു.

കുറെ സമയം കഴിഞ്ഞപ്പോള്‍ അയാളുടെ അനുജനും വന്നു. അവര്‍ അയാളെ പ്രശസ്തമായ ഗംഗാറാം ആശുപത്രിയില്‍ കൊണ്ടുപോയി.
വൈകിട്ട് ഞാന്‍ ഇന്ദുവിന്റെ മുറിയിലേക്ക് ചെന്നു. എന്നെ കണ്ടു അവള്‍ ചിരിച്ചു.

"ഇന്ദു, എങ്ങനെയുണ്ട് ഭര്‍ത്താവിന്?" ഞാന്‍ ചോദിച്ചു.

"കുറവില്ല ഭാഭി. അനുജന്‍ അദ്ദേഹത്തിന്നു മാറാനുള്ള ഡ്രെസ്സുമായി പോയിട്ടുണ്ട്. ICU ലാണ് അദ്ദേഹം." അവള്‍ വിഷാദത്തോടെ പറഞ്ഞു. "ജ്വരമാണെന്നാണ് അനുജന്‍ പറയുന്നത്." അവള്‍ കൂട്ടിച്ചേര്‍ത്തു.

എനിക്ക് വല്ലായ്മ തോന്നി. ഞാനവളെ സമാധാനിപ്പിച്ചു. ചേട്ടനോട് ഞാന്‍ പറഞ്ഞു "ഞാന്‍ പറഞ്ഞിരുന്നില്ലേ അയാള്‍ക്ക്‌ എന്തോ അസുഖമുണ്ടെന്നു?"

ചേട്ടന്‍ എന്നെ ഒന്ന് നോക്കിയിട്ട് എന്തോ ചിന്തിച്ചിരുന്നു. പിറ്റേന്ന് ചേട്ടന്‍ ജോലിക്ക് പോയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ ജീനയെയും വിളിച്ചുകൊണ്ട് താഴേക്കു പോയി. ഇന്ദു താഴെ തുണി നനയ്ക്കുകയായിരുന്നു.

"എങ്ങനെയുണ്ട് ഇന്ദു ഇപ്പോള്‍?" ഞാന്‍ ചോദിച്ചു.


"കുറവില്ല. ഡോക്ടര്‍ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. " അവള്‍ വലിയ വയറും താങ്ങി എഴുനേറ്റു. ഏഴു മാസമായി അവള്‍ക്കു. എനിക്ക് വിഷമം തോന്നി. ഞാന്‍ ജീനയെ നോക്കി. "ലക്ഷണം കണ്ടിട്ട് അയാള്‍ക്ക്‌ AIDS ആണോ എന്നെനിക്ക് സംശയമുണ്ട് ജീന." ഞാന്‍ പറഞ്ഞു. എനിക്കെന്താണ് അങ്ങനെ തോന്നിയത് എന്നെനിക്ക് ഇപ്പോഴും അറിയില്ല.

ഇന്ദു എന്നെ നോക്കി. "എന്താ ഭാഭി..? എന്തുവാ നിങ്ങള്‍ പറയുന്നത്? അദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ?"

"ഇല്ല ഇന്ദു. വിഷമിക്കാതെ." ഞാന്‍ പറഞ്ഞു.

AIDS എന്താണെന്ന് അവള്‍ക്കറിയില്ല. ഞങ്ങള്‍ തിരികെ മുറിയിലേക്ക് പോന്നു. അന്ന് മൊത്തം ഞാന്‍ മൂഡ്‌ ഓഫ് ആയിരുന്നു. അയാള്‍ക്ക്‌ AIDS ആണെന്ന് എനിക്കെന്താണ് തോന്നിയത്. പുസ്തകങ്ങളില്‍ വായിച്ചതുപോലെ എല്ലും തോലുമായ ശരീരമല്ല അയാളുടേത്. പക്ഷെ എനിക്കെന്തോ അങ്ങനെ തോന്നി. ചേട്ടനോട് വിവരം പറഞ്ഞു. ചേട്ടനും വിഷമമായി.



രണ്ടു ദിവസങ്ങള്‍ കൂടി കടന്നുപോയി. ഇടയ്ക്കിടെ ഇന്ദുവിനെ കാണും, സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം അവള്‍ താഴെ അറ്റത്തെ മുറിയില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു കൂടുതല്‍ സമയവും. കാണുമ്പോള്‍ വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി വിടരും ആ ഭംഗിയുള്ള മുഖത്ത്. അവള്‍ ആദ്യം കണ്ടതിലും കൂടുതല്‍ സുന്ദരിയായിരുന്നു ആ സമയങ്ങളില്‍. കൂടെ ഗര്‍ഭത്തിന്റെ ആലസ്യവും. പാവം കുട്ടി.

പിറ്റേന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. വൈകിട്ട് ഞാനും മോളും കൂടി ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ താഴെ നിന്നും അലമുറ കേള്‍ക്കുന്നു. കുറെ നേരത്തേക്ക് ഒന്നും മനസിലായില്ല. ജന്നലില്‍ കൂടി നോക്കിയപ്പോള്‍ അപ്പുറത്തെ ചേച്ചിയും കുടുംബവും ബാല്കണിയില്‍ നിന്ന് താഴേക്കു നോക്കുന്നു.

"എന്താ ചേച്ചീ കാര്യം?" ഞാന്‍ തിരക്കി.

"താഴെ എല്ലാവരും കൂടിയിരുന്നു കരയുന്നു. ആ കൊച്ചു ബോധം കെട്ടുകിടക്കുന്നു. എന്താ കാര്യമെന്ന് അറിയില്ല."

(ഡല്‍ഹി ജീവിതം യാന്ത്രികമാണ്. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ല. അയല്‍പക്കത്തുനടക്കുന്നതെന്തെന്ന് തൊട്ടടുത്തുള്ള ആളുകള്‍ക്കും അറിയില്ല.)

ഞാന്‍ താഴേക്കിറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും ജീനയും വന്നു. "അയാള്‍ മരിച്ചെന്നു തോന്നുന്നു കലേ.." ജീന പറഞ്ഞു. "മേരാ ലാല്‍..." എന്നും പറഞ്ഞാണ് തള്ള അലമുറ ഇടുന്നത്.

ഞങ്ങള്‍ വേഗം താഴേക്കു പോയി. കുറെ സ്ത്രീകള്‍ അവിടെയിരുന്നു കരയുന്നു. ബോധം തെളിഞ്ഞ ഇന്ദുവും അലറിക്കരയുന്നുണ്ട്. ബഹളത്തിനിടെ ഇന്ദുവിന്റെ മുഖത്ത് നിന്നും മാറിപ്പോകുന്ന തുണി തിരിച്ചിടാന്‍ വേണ്ടി എന്ന പോലെ കുറെ സ്ത്രീകള്‍. അവരുടെ പ്രധാന ജോലി അതാണ്‌. ശരീരത്തില്‍ തുണിയില്ലെങ്കിലും വേണ്ടില്ല. മുഖം ആരും കാണരുത്. എന്തൊരു വിരോധാഭാസം. ഓര്‍ത്തപ്പോള്‍ വിഷമത്തിനിടയിലും ചിരി വന്നു. ഏതോ ഒരു സ്ത്രീ ഇന്ദുവിന്റെ സിന്ദൂരം മായ്ക്കുന്നു. ഒരാള്‍ കൈകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ചു വളകള്‍ ഉടയ്ക്കുന്നു. എന്തൊരു കഷ്ടം. പാവം ഇന്ദിര.

അല്‍പനേരം കഴിഞ്ഞപ്പോള്‍ ഒരു ആംബുലന്‍സ് അവിടെ വന്നു. ഞങ്ങള്‍ അല്പം മുകളിലേക്ക് മാറി നിന്നു. മൃതദേഹം കാണാന്‍ എനിക്ക് വയ്യ. അലമുറ ഉച്ചത്തിലായി. പെട്ടന്ന് തന്നെ മുറ്റത്തൊരു പന്തലുയര്‍ന്നു. വരുന്നവര്‍ വരുന്നവര്‍ പന്തലിലിരുന്നു അലമുറ ഇടുകയാണ്. (കരയാന്‍ വേണ്ടവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റും ബേക്കറിയില്‍ നിന്നും ഏര്‍പ്പാടാക്കിയിട്ടുണ്ട്. അത് കഴിക്കുകയും ചെയ്യുന്നുണ്ട് ഇടയ്ക്കിടെ.അതും ഒരു ബിസിനസ്‌.)


ഞങ്ങളുടെ കണ്ണുകളും നിറഞ്ഞൊഴുകുകയാണ്.ഇന്ദിരയുടെ വിധി ഇനി എന്താണ്...

ദിവസങ്ങള്‍ കടന്നു പോയി. ഇന്ദു മുകളിലത്തെ റൂമില്‍ വന്നു തുടങ്ങി. കാണുമ്പോള്‍ വിഷാദമുള്ള ഒരു ചിരി.. ഒരു ദിവസം ഞാന്‍ താഴേക്കിറങ്ങി ചെല്ലുമ്പോള്‍ ഇന്ദു വരാന്തയില്‍ ഇരുന്നു കരയുന്നു.

"എന്ത് പറ്റി ഇന്ദു?" ഞാന്‍ ചോദിച്ചു.

"ഭാഭീ എനിക്കെന്താണ് അസുഖം? ഞാന്‍ മരിച്ചു പോകുമോ? എന്റെ കുഞ്ഞു മരിക്കുമോ?"

"എന്താ ഇന്ദു? ഇപ്പൊ എന്തുണ്ടായി?" എനിക്കും സങ്കടം വന്നു.

"അപ്പുറത്തെ ചേച്ചി എന്നോട് പറഞ്ഞു എന്റെ ഭര്‍ത്താവിനു എന്തോ വല്യ അസുഖമായിരുന്നു. അത് എനിക്കും പകര്‍ന്നു. ഇനി കുഞ്ഞിനും പകരും. അതുകൊണ്ട് കുഞ്ഞിനെ കളയണം എന്ന്" ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു.

"ഭര്‍ത്താവിനു എന്താസുഖമായിരുന്നു ഇന്ദു?" ഞാന്‍ ചോദിച്ചു.

"അറിയത്തില്ല ഭാഭി. ഒരു ആക്സിഡന്റ്റ്‌ ഉണ്ടായി. പിന്നെ സ്ഥിരമായി പനീവരും. അപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ പോയി മരുന്ന് കഴിക്കും. അതങ്ങു മാറും."

"ഇന്ദു, ഭര്‍ത്താവിനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നോ?" ഞാന്‍ ചോദിച്ചു.

"ഡോക്ടറും ഇത് തന്നെ ചോദിച്ചു. സ്വഭാവം കൊള്ളത്തില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇടയ്ക്ക് ഞാന്‍ പ്രഗ്നന്റ്റ്‌ ആയപ്പോള്‍ അമ്മാവിയമ്മ അത് കളയിച്ചു. ഇപ്പോഴും കളയാന്‍ പറഞ്ഞതാണ്. അദ്ദേഹം സമ്മതിച്ചില്ല.കല്യാണത്തിന് ശേഷം അദ്ദേഹം എങ്ങും പോയിട്ടില്ല. എന്നോട് വയസു കുറച്ചു കള്ളം പറഞ്ഞാണ് കല്യാണം കഴിച്ചത്.എനിക്ക് 19 ഉം അദ്ദേഹത്തിന് 40 ഉം വയസായിരുന്നു. 30 പറഞ്ഞാണ് കെട്ടിയത്. എന്നോട് നല്ല സ്നേഹമായിരുന്നു." ഇന്ദു പറഞ്ഞു.

"അപ്പൊ തള്ളയ്ക്കു അസുഖം അറിയാമായിരുന്നിരിക്കണം. അതാണല്ലോ കുഞ്ഞിനെ കളയാന്‍ പറഞ്ഞത്." എനിക്ക് തോന്നി.

"സാരമില്ല ഇന്ദു, വിഷമിക്കാതെ. കുഞ്ഞിനെ കളയണ്ടാ. പക്ഷെ നോര്‍മല്‍ ഡെലിവറി വേണ്ടാ. അതിനു സമ്മതിക്കരുത്. സിസേറിയന്‍ മതി എന്ന് നിര്‍ബന്ധം പിടിക്കണം. സിസേറിയന്‍ ചെയ്‌താല്‍ കുഞ്ഞിനു അസുഖം വരില്ല." ഞാന്‍ പറഞ്ഞു.

"മമ്മി പറഞ്ഞത്, പതിച്ചി അടുത്ത ആഴ്ച വരും എന്നാ. അവര്‍ നോര്‍മല്‍ നോക്കുവാ" ഇന്ദു.

"സമ്മതിക്കരുത്." ഞാന്‍ തറപ്പിച്ചു പറഞ്ഞു.

പിറ്റേന്ന് അവള്‍ എന്നെ വന്നു കണ്ടു. സിസേറിയന് സമ്മതിച്ചെന്നു പറഞ്ഞു. താമസിയാതെ അവള്‍ക്കു ഒരു മകന്‍ ജനിച്ചു. അവനെ കാണാന്‍ ഞാന്‍ ആശുപത്രിയില്‍ പോയി

"മോന്റെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തോ ഇന്ദു?" ഞാന്‍ തിരക്കി.

"ചെയ്തു ഭാഭി. അവനു അസുഖമില്ല. 3 തവണ ടെസ്റ്റ്‌ ചെയ്തു." അവള്‍ റിപ്പോര്‍ട്ട്‌ എന്നെ കാണിച്ചു. റിസള്‍ട്ട്‌ നെഗറ്റീവ് ആണ്. എനിക്ക് അനല്‍പ്പമായ സന്തോഷം തോന്നി. ഞാന്‍ അവനെ എടുത്തു ആ പൂപോലെ ഉള്ള കവിളത്തും, നെറ്റിക്കും ഉമ്മ വെച്ചു. അതുകണ്ട് അവിടുണ്ടായിരുന്ന വാര്‍ഡ്‌ ഇന്‍ ചാര്‍ജ് എന്നെ അവിടേക്ക് വിളിപ്പിച്ചു.

"കുട്ടി സൗത്ത്‌ ഇന്ത്യന്‍ അല്ലെ?" അവര്‍ എന്നോട് ചോദിച്ചു.

"അതെ.." ഞാന്‍ പറഞ്ഞു.

"ആ പെണ്ണിന് എന്താണ് അസുഖമെന്നറിയാമോ?" അവര്‍ ചോദിച്ചു.

" അറിയാം. AIDS" ഞാന്‍ പറഞ്ഞു.

"എന്നിട്ടാണോ കുഞ്ഞിനെ എടുത്തുമ്മ വെച്ചത്?"

"കുഞ്ഞിനു അസുഖമില്ല. തന്നെയുമല്ല ഉമ്മ വെച്ചാല്‍ അസുഖം പകരില്ല." ഞാന്‍ പറഞ്ഞു.

"അതെയോ?" അവര്‍ ആലോചിച്ചിരുന്നു.

ഇന്ദുവിനോട് യാത്ര പറഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു. കുഞ്ഞിനു അസുഖമില്ല, അതുകൊണ്ട് ഇന്ദു വളരെ സൂക്ഷിച്ചു അവനുമായി ഇടപഴകണം എന്ന് ഞാനവളോട് പറഞ്ഞു. ഡോക്ടര്‍ ഒക്കെ പറഞ്ഞു തന്നു എന്ന് അവള്‍ പറഞ്ഞു."

ആശുപത്രിയില്‍ നിന്ന് അവള്‍ അവളുടെ വീട്ടിലേക്കാണ് പോയത്. ഭര്‍തൃ വീട്ടുകാര്‍ക്ക് അവളെ വേണ്ടാ. അവളുടെ കുഞ്ഞു മതി. 6 മാസം കഴിഞ്ഞപ്പോള്‍ അവളുടെ വീട്ടുകാര്‍ അവളെ ഇവിടെ കൊണ്ടുവന്നാക്കി.നല്ല സുന്ദരനാണ് കുഞ്ഞ്. അവള്‍ നന്നായിരിക്കുന്നു. ഒന്ന് കൂടി ചുവന്നു തുടുത്ത് സുന്ദരിയായി.


ഞാന്‍ മോനെ ഗര്‍ഭിണി ആയിരുന്നു അപ്പോള്‍. ആസ് പത്രിയില്‍ കുറെ ടെസ്റ്റിംഗ് ഒക്കെ പറഞ്ഞു. ബ്ലഡ്‌ കൊടുത്തു. പിറ്റേന്ന് ഡോക്ടറിനെ കാണാന്‍ ചെന്നു. ഡോക്ടറെ റിസള്‍ട്ട്‌ ഒക്കെ നോക്കിയിട്ട് പറഞ്ഞു എല്ലാം ഓക്കേ. പക്ഷെ ഒരു റിസല്ടില്‍ ഞങ്ങള്‍ക്ക് ഡൌട്ട് ഉണ്ട്. അതുകൊണ്ട് ബോംബയ്ക്ക് അയച്ചിരിക്കുകയാണ്. 3 ദിവസം കഴിഞ്ഞേ റിസള്‍ട്ട്‌ കിട്ടു. കേട്ടപ്പോള്‍ നെഞ്ചിലൊരു കാളല്‍. ഇനീ എലിസ ടെസ്റ്റ്‌ റിസള്‍ട്ട്‌ പോസിറ്റീവ് ആയിരിക്കുമോ? വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് ചെയ്യാന്‍ വേണ്ടി ബോംബയ്ക്ക് അയച്ചതാണോ? ഇന്ദിരയുമായി സഹകരിച്ചതിന്റെ ഫലമായിരിക്കുമോ??? വീട്ടിലെത്തി ഞാന്‍ ആകെ മൂഡ്‌ ഓഫ്‌ ആയി. ചേട്ടന്‍ കാര്യം തിരക്കി. ചേട്ടനോടും ഞാന്‍ എന്റെ സംശയം പറഞ്ഞു. ചേട്ടനും സ്തബ്ദനായി. മോള്‍ തറയില്‍ ഇരുന്നു കളിക്കുന്നു. പാവം കുഞ്ഞ്. അവള്‍ നാളെ അനാഥയാകുമോ?

രണ്ടു ദിവസം തള്ളി നീക്കി. ഒരു സമാധാനവും ഇല്ല. ചേട്ടനെ പറഞ്ഞു ആശുപത്രിയില്‍ വിട്ടു. കുറെ കഴിഞ്ഞു ചേട്ടന്‍ വാടിയ മുഖത്തോടെ കയറി വന്നു. കസേരയില്‍ കയറി മുഖം കുമ്പിട്ടിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. ചേട്ടന്റെ അടുത്ത് ചെന്ന് കൈ പിടിച്ചു മാറ്റിയതും ചേട്ടന്‍ ഒരു പൊട്ടിച്ചിരിയോടെ കവര്‍ എന്റെ കയ്യില്‍ തന്നു. തൈറോയിഡ് ടെസ്റ്റിന്റെ റിസള്‍ട്ട്‌. ദുഷ്ടന്‍. എന്നെ എന്തുമാത്രം ടെന്‍ഷന്‍ അടിപ്പിച്ചു.....

ഇന്ദുവിന്റെ ജീവിതം വളരെ ബുദ്ധിമുട്ടിലായി. ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞു, "ഭാഭി, ഞാനങ്ങു പോകും. കുറെ വീടുകളില്‍ അടുക്കളപ്പണി ചെയ്തു എനിക്ക് കുഞ്ഞിനെ വളര്‍ത്താം. ഇവിടെ എനിക്കിനി വയ്യാ."

ഞാന്‍ ഒന്നും പറഞ്ഞില്ല. എന്ത് പറയാന്‍....

(ഇവിടുത്തെ ഓരോ പാവപ്പെട്ട പെണ്‍കുട്ടിയും അനുഭവിക്കുന്ന ദുരിതമാണ് ഇന്ദുവും അനുഭവിക്കുന്നത്. സഹായത്തിനു ആരുമില്ല പാവം ഇന്ദു.)

 ഞാന്‍ നാട്ടിലേക്ക് തിരികെ പോന്നു. അവള്‍ വീട്ടിലേക്ക് മടങ്ങിപോയി എന്ന് ഞാനറിഞ്ഞു. അവളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയില്ല. മകളുടെ ഭാവി ജീവിതം ഭദ്രമാക്കാന്‍ ഓരോ മാതാ പിതാക്കളും തങ്ങളുടെ സമ്പാദ്യം മൊത്തം നല്‍കി മകളെ ഭദ്രമായ കൈകളിലെന്നു കരുതി ഏല്‍പ്പിക്കുന്നു. അവിടെഅവളുടെ വിധി മറ്റൊന്നായാല്‍.... ആരെയാണ് പഴിക്കേണ്ടത്? ഇന്ദിരയുടെ അവസ്ഥ ഒരു പെണ്‍കുട്ടിക്കും ഉണ്ടാകാതെയിരിക്കട്ടെ.



വിധി..

സന്ധ്യ മയങ്ങിയാല്‍
നാലിളം കണ്ണുകള്‍
ഭീതിയാല്‍ വഴിയിലേ-
ക്കിമവെട്ടാതെ നോക്കും.

"അച്ചനിങ്ങെത്തുവാന്‍
നേരമായോ അമ്മേ"
ഇടയ്ക്കു തിരിഞ്ഞിരു-
ന്നമ്മയോടായി ചോദ്യം.

തന്നുടെ വിധിയോര്‍ത്തു
കരയുന്നമ്മയുടെ
കണ്ണുകള്‍ കാണുന്നേരം
പകച്ചു നോക്കീടുന്നു.

കേള്‍ക്കുന്നു ദൂരത്തായ്‌
അട്ടഹാസങ്ങള്‍, ചുമ
കുഞ്ഞുങ്ങളെഴുന്നേറ്റു
അച്ഛനിങ്ങെത്താറായി..

ഭീതിപൂണ്ടവറ്റകള്‍
അമ്മയ്ക്കു പിന്നിലായ്‌
ശ്വാസം വിടാത്തപോല്‍
വിറച്ചു നിലകൊണ്ടു.

വാതുക്കല്‍ ചാരി,അയാള്‍
അകത്തേക്കൊന്നു നോക്കി
പേടിച്ച കണ്ണുകള്‍
കണ്ടപ്പോള്‍ ഹരമായി.

"എന്താടീ നോക്കുന്നത്"
ചാടിയകത്തു ചെന്നു
പുറകില്‍ മറഞ്ഞോരാ-
കുഞ്ഞിനെ വലിച്ചിട്ടു.

തടയാനോടിവന്ന
ഭാര്യയെ അടിച്ചിട്ടു
കുഞ്ഞിനെ തൂക്കിയെടു-
ത്തെറിഞ്ഞു നിലത്തേക്ക്..

നിലത്തു കിടക്കുന്ന
കുഞ്ഞിനെയെടുത്തമ്മ
അമ്മയും കുഞ്ഞുങ്ങളും
വാവിട്ടു കരയുന്നു.

എങ്കിലും സ്നേഹിക്കുന്നു
അവരീ മനുഷ്യനെ.
കിട്ടണേ സമാധാനം
ഈശ്വരാ നീയേതുണ.

Thursday, May 5, 2011

ഹിതേന്ദ്രനോട്....



മഴയൊഴിഞ്ഞാ-
കാശംപോലെ
ശാന്തമാണിന്നെന്‍ മനം
തപിക്കുന്ന
നോവുകളില്ല,
സങ്കടക്കടലില്ല.

കരയാന്‍ നേരമില്ല
കൈത്തിരി തെളിക്കേണം.
കര്‍മ്മങ്ങളുണ്ടു ബാക്കി
എനിക്ക് തീര്‍ത്തീടുവാന്‍.

മകനെ,
നിന്നോര്‍മ്മകള്‍
മായാതെ നില്‍ക്കുന്നു..
ഇല്ലില്ല, മരിച്ചിട്ടി-
ല്ലെന്നുമെന്നുള്ളില്‍
നീ പുഞ്ചിരി പൊഴിക്കുന്നു.

നിന്റെ
കണ്ണുകള്‍ നല്‍കുന്ന
തെളിമയില്‍
പുഞ്ചിരിക്കുന്നമുഖങ്ങള്‍...
മിടിക്കുന്ന ഹൃദയം
പകരുന്ന കരുത്തുമായ്‌
താണ്ടട്ടെ, കടമ്പകള്‍
സ്പന്ദനം നിലയ്ക്കാതെ..

ആത്മാംശം നല്‍കി
കരളായ്‌ വളര്‍ത്തിയ
നിന്‍ കരള്‍,
മറ്റൊരു ജീവനില്‍
കുളിരായ് നിറയുന്നു.

നിന്‍ നിയോഗം തീര്‍ത്തു
വെക്കം നീ മടങ്ങിപ്പോയ്‌..
ഞങ്ങളും ധര്‍മ്മം തീര്‍ത്തി-
ട്ടുടനെയെത്തിക്കോളാം...

ആരിവള്‍...?



ഇവള്‍
അമ്മയോ,അമ്മൂമ്മയോ?
ഇവിടെ
നാട്ടാര്‍ക്കുറക്കമില്ല
സമാധാനമില്ല
ചര്‍ച്ച
കൂട്ടച്ചര്‍ച്ച
പത്രക്കാര്‍ക്കു ചാകര
ചാനല്‍ വിരുന്ത്
ആളുകള്‍ക്കാവേശം.
നാണമില്ലല്ലോ സ്ത്രീയേ..!
നീയുമൊരമ്മയോ.
മരുമകന്റെ കുഞ്ഞിനെ
ഗര്‍ഭം ധരിച്ച നീ
ആ കുഞ്ഞിനു
അമ്മയോ അമ്മൂമ്മയോ..
കുഞ്ഞു ജനിക്കാത്ത,
ഗര്‍ഭപാത്രം ചുമക്കുന്ന
തന്റെ മകള്‍ക്കായി
എല്ലാം സഹിച്ചമ്മ
കല്ലേറുകള്‍
തെറിവിളികള്‍..
അവിടെ
മകള്‍ക്ക് സന്തോഷം
മകന് സന്തോഷം
അമ്മയ്ക്ക് സന്തോഷം
നാട്ടാര്‍ക്ക് മാത്രം
കിടക്കപ്പൊറുതിയില്ല
അവര്‍
ഉറങ്ങാതിരിക്കട്ടെ..

Tuesday, April 26, 2011

അന്നും ഇന്നും



അന്ന്
ഭിക്ഷയ്ക്കു വന്നപ്പോള്‍
അവളുടെ കയ്യിലൊരു
മുഷിഞ്ഞ തുണി.

ഇന്ന്
ഭിക്ഷയ്ക്കു വന്നപ്പോള്‍
കയ്യിലെ
മുഷിഞ്ഞ തുണിയില്‍
ഒരു ചോരക്കുഞ്ഞ്.

അവള്‍ക്കന്നറിയില്ല
അവളുടെ അച്ഛനാരെന്ന്
അവള്‍ക്കിന്നറിയില്ല
അവളുടെ കുഞ്ഞിന്റെ
അച്ഛനാരെന്നതും..

പേരുദോഷം



പേരൊന്നുമാറ്റിത്തരണമെ-
ന്നപേക്ഷിച്ചവളോടു
കാര്യമെന്തെന്നുതിരക്കി.
എന്റെ പേരുദോഷമൊന്നു
മാറിക്കിട്ടാന്‍ വേണ്ടിയെന്ന്
അവള്‍ പ്രത്യുത്തരമേകി.

ഒരു മഴക്കാല രാത്രി



ഒരു മഴക്കാല രാത്രിയില്‍
ചന്ദ്രിക മറഞ്ഞൊരാകാശത്തില്‍
മിഴിനട്ടു നില്‍ക്കവേ
എന്നുള്ളിലോടിയെത്തി
ഓര്‍മതന്‍ കയ്പ്പും, മധുരവും.

അന്ന് ഞാന്‍ കണ്ടത്
നിറമുള്ള സ്വപ്‌നങ്ങള്‍
മനസിന്റെ കോണില്‍
മറച്ചൊരാ പ്രണയം
പറയാന്‍ മറന്നതോ
ഭയന്നതോ...

ഒരു വാക്കുകൊണ്ടോ
ഒരു നോക്കുകൊണ്ടോ
നീയതറിഞ്ഞില്ലേ..
അറിയാത്തതാണോ
നടിച്ചതോ..

ചുണ്ടില്‍ തെളിയുന്ന
മൃദു മന്ദഹാസവും
മുഖം ചരിച്ചുള്ളൊരാ
നോട്ടവും
മഴയോടു നിനക്കുള്ള
പ്രണയവും
ഒന്നും മറന്നില്ല ഞാന്‍

വേറൊരു മഴയത്ത്
എന്നെ തനിച്ചാക്കി
മഴയില്‍ മറഞ്ഞു നീ,
ഒന്നും പറയാതെ..
തോരാത്ത കണ്ണുനീര്‍
മാത്രമെന്‍ സ്വന്തമായ്‌.

ഓര്‍മ്മകള്‍ പുല്‍കുന്ന
മുഖമൊന്നമര്‍ത്തി
ജാലകത്തിന്‍ വാതില്‍
മെല്ലൊന്നു ചാരി
ബാക്കി കര്‍മ്മത്തിനായ്‌
തിരികെ നടന്നു ഞാന്‍...

നന്മ മരം



വേനല്‍ മഴപോലെയാണ്
അവന്റെ മനസ്.
ചിലപ്പോള്‍
പെയ്തു തണുപ്പിക്കും.
പിന്നെയൊരിക്കല്‍
പെയ്യുമെന്ന് കൊതിപ്പിക്കും.
എന്നാല്‍ ചിലപ്പോള്‍
കുറേനാളത്തേക്ക്
പെയ്യുകയേയില്ല.
മറ്റൊരിക്കല്‍
മഴയോടൊപ്പം
മിന്നലും, ഇടിയുമുണ്ടാവും.
പക്ഷെ
എനിക്കിഷ്ടമാണ്
അവനെ.
എന്റെ സൗഹൃദക്കണ്ണിയിലെ
അവസാന വാക്ക്
എന്റെ മുറ്റത്തെ
നന്മ മരം.

ബാക്കിപത്രം



അവളുടെ
നീണ്ട മുടി കണ്ടാണ്,
അതിന്റെ ഭംഗി കണ്ടാണ്
അവന്‍ അവളെ
പ്രണയിച്ചത്..

വിവാഹം കഴിഞ്ഞ്
ഭക്ഷണത്തില്‍ നീണ്ടമുടി
കണ്ടു കണ്ട്
മനം മടുത്തിട്ടാണ്
അവനവളെ ഉപേക്ഷിച്ചത്..

Thursday, April 7, 2011

ചുവപ്പ് നിറം



ചുവപ്പ് നിറത്തെ
അവള്‍ എന്നും
പ്രാണനെ പോലെ സ്നേഹിച്ചു.

ചുവപ്പിനെ കുറിച്ച്
അവള്‍ വാചാലയാകും
നോക്കൂ സുഹൃത്തേ,
ചുവപ്പിന്റെ ഭംഗി കണ്ടോ.
ചുവപ്പ് സ്നേഹമാണ് ..
എത്ര തീഷ്ണമാണത്
എവിടെയും
ശ്രദ്ധിക്കപ്പെടുന്നതും
ചുവപ്പല്ലേ.

ചുവപ്പ് സാരി,
ചുവന്ന പൊട്ട്,
ചുവന്ന കാറ്
ചുവന്ന ബൈക്ക്
എല്ലാം അവള്‍ സ്വന്തമാക്കി.

പെട്ടൊന്നൊരു ദിനം
ചുവപ്പ് നിറത്തോടൊപ്പം
കുറച്ചു മാംസ കഷണങ്ങളും
മുന്നില്‍ തെറിച്ചു വീണപ്പോള്‍
മുഖം പൊത്തി, അലറി
ബോധം കേട്ട് വീണവള്‍
ഉണര്‍ന്നപ്പോള്‍
പൊട്ടിക്കരഞ്ഞുപറഞ്ഞു
ചുവപ്പിനെ ഞാന്‍ വെറുക്കുന്നു
ഏറ്റവും കൂടുതല്‍...

Friday, April 1, 2011

ദുഃഖം

                      എന്റെ ദുഃഖം പറയാനാണ്
             ഞാനവനെ വിളിച്ചത്
             പക്ഷെ.....
             അവന്റെ ദുഃഖം കേട്ടിരുന്ന്
             സമയം പോയതറിഞ്ഞില്ല.


             മറ്റൊരിക്കല്‍ വീണ്ടും വിളിച്ചു
             നമ്പര്‍ നിലവിലില്ലെന്ന മറുപടി.
             അവന്റെ ദുഃഖം മറ്റാരോടോ പറയാന്‍
             അവന്‍ പുതിയനമ്പരെടുത്തു.





Thursday, March 31, 2011

ഒരു സൈബര്‍ കാഴ്ച


ഒരു കോളൊത്തുവന്നിട്ടുണ്ട്
നേരിട്ട് വന്നാല്‍ ലൈവായി കാണാം
ഉച്ച മയക്കത്തില്‍ നിന്നെന്നെയുണര്‍-
ത്തിയതെന്‍ സുഹൃത്തിന്‍റെ ഫോണ്‍വിളി
എവിടെയാണെന്താണ് കോള്
ജിജ്ഞാസ കൊണ്ടു ഞാനന്വെഷിച്ചു
ഇവിടെ ഈ സ്കൂളിന്‍റെ തൊട്ടരുകിലാ-
ക്യാമറാ ഫോണും എടുത്തു കൊള്ളേണം
ഓടിപ്പാഞ്ഞെത്തിഞ്ഞാന്‍, ഒന്നുനോക്കി
ഞെട്ടിത്തരിച്ചങ്ങു നിന്നുപോയ്‌
ചൂട് മാറാത്ത ചോരയില്‍ കിടന്നതാ
പിടയുന്നൊരാള്‍, കൂടുന്നു കാണികള്‍
ഞാനൊന്നു നോക്കി, ചുറ്റിനും
ആരുമില്ലേ..ഒന്നെടുത്തുയര്ത്തീടുവാന്‍
എല്ലാവരും ആ ദൃശ്യംപകര്‍ത്തുന്നു
ക്യാമറാ മൊബൈലില്‍, ഒരു കോളൊത്തു കിട്ടി..
പൊട്ടിത്തെറിച്ചുഞാന്‍, നാണമില്ലേ
ആരുമില്ലേ മനസാക്ഷി മരിക്കാതെ ..
ആരോ ഒരാള്‍ വന്നു ഒരു കൈത്താങ്ങിനായ്‌
കോരിയെടുത്തു, ആസ്പത്രിയിലേക്ക്

ഇതാണോ മനുഷ്യത്വം ഇതാണോ നന്മ
ഇതു തന്നെയല്ലേ നാളെ നിനക്കും
പഴുത്തില വീഴുമ്പോള്‍ ചിരിക്കുന്നു പച്ചില
നാളെയോ... ചിന്തിച്ചു നോക്കീടു നമ്മള്‍...

തോഴന്‍


ഇനി നീ പൊയ്ക്കൊള്ളുക 
തിരിഞ്ഞു നോക്കീടാതെ,
കേഴാതെ,
യാത്ര പറയാതെ....

ഇതുവരെ നല്‍കിയ
സ്നേഹലാളനകള്‍
മതിയെനിക്കീ ജന്മം 
ഓര്‍ത്തു വെച്ചീടുവാന്‍ 

പിന്‍ വിളിയില്ലിനീ 
കൊഞ്ചലുകളില്ല 
ചെറു ചിരിയുമില്ല
കിനാക്കളില്ല.

നോക്കരുത് പിന്തിരി-
ഞ്ഞെന്നെ നീഎന്റെയീ
നിറയുന്ന കണ്ണുകള്‍
കാണരുത് നീയിനീ..

കണ്ട കിനാവുകള്‍
സ്വപ്നമെന്നോര്‍ത്ത്
ഇനി നീ പൊയ്ക്കൊള്ളുക,
യാത്ര പറയാതെ. 

നീറുമെന്നോര്‍മയില്‍
മാത്രമായ്‌ ... നിന്മുഖം
പൊയ്ക്കൊള്ളുകെന്നെ-
വിട്ടെന്നെയ്ക്കുമായ് സഖേ...