Friday, September 2, 2016

വരൾച്ച


നമുക്കിടയിൽ

വരൾച്ചയുടെ നിറഭേദങ്ങൾ


തെളിഞ്ഞുതുടങ്ങിയിരിക്കുന്നു

 .
ജീർണ്ണതയുടെ, മാലിന്യത്തിന്റെ

 
വിഷപ്പുക നാമിരുവരും


ശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു

.
പരസ്പരം മനസിലാകാതെയെന്നോണം


 നമ്മളന്യോന്യം പകച്ചുനോക്കുന്നു.


മടുപ്പിലൂടെ സഞ്ചരിക്കുമ്പോൾ


പാതയോരങ്ങളിൽ ഇരുട്ടാണ്.


തെളിമയുള്ള ഒരു കാഴ്ചപോലും


കണ്ണിൽ പതിയുന്നുമില്ല.


വരണ്ട ഉഷ്ണക്കാറ്റിൽ 


പ്രഭാതത്തിന്റെ പച്ചപ്പ്‌


താനേ മറയുകയും,


നമ്മിൽ വിഷാദം പടരുകയും...



ഒരിക്കൽ നമുക്കായി വസന്തം 


തീർത്ത ഇടവഴിയും, ഇലഞ്ഞിമരവും


വേരറ്റ സ്വപ്നം പോലെ
.
എന്നാണൊരു കുളിർകാറ്റിനി


നമുക്കായി വീശുന്നത്...

വിരഹം....


പിരിയുവാനേറെ സമയമില്ലെന്നുഞാന്‍
പാതിവഴിയില്‍ തിരിഞ്ഞുനില്‍ക്കേ,
ഒരു പുഞ്ചിരിപ്പൂവുനീട്ടി നീയെന്നുടല്‍,
പിരിയാതെ ചേര്‍ത്തു പിടിക്കയാണോ...

എരിയുന്ന നൊമ്പരത്തീക്കടല്‍ പേറുന്ന
നെഞ്ചകത്തോടു നീ ചേര്‍ന്നുനില്‍ക്കേ,
കുളിരാര്‍ന്ന മൊഴികളാല്‍ ചേര്‍ത്തുചേര്‍ത്തെന്നുടെ
ഹൃദയം പകുത്തങ്ങെടുക്കയാണോ..

ചെറുനേരമെങ്കിലും ചേരാതിരിക്കുകില്‍
ഹൃദയം പൊടിയുന്നു കൂട്ടുകാരാ
മിഴിനീര്‍ തുടച്ചുനീ തെളിവാര്‍ന്ന ചിത്തമോടരികേയ്ക്കു ,
ചുമലൊന്നു ചേര്‍ത്തുനിര്‍ത്തൂ...

തിരികെ നീ വന്നീടുമോ..



മുറിവേറ്റ മുരളിക തേങ്ങുന്നു മെല്ലെ ,

കണ്ണാ നീയെവിടെ..


കാളിന്ദീതീരവും, ഗോവര്‍ദ്ധനവും നീ


തെല്ലും മറന്നുപോയോ..


കണ്ണാ,


തിരികെ നീ വന്നീടുമോ..



പ്രിയസഖി രാധയെ


മറന്നുവോ കണ്ണാ ഈ


ഗോപികമാരെയും


മറന്നുപോയോ


മധുരയിലെത്തിയാല്‍


തിരികെ വരുമെന്ന


വാക്കും മറന്നുപോയോ


കണ്ണാ,


തിരികെ നീ വന്നീടുമോ

..

ശരറാന്തല്‍ തിരിയിലെ


നിറദീപം പോലെയെന്‍


ഓര്‍മ്മകള്‍ പെയ്തിടുന്നു


വൃന്ദാവനത്തിലെന്‍


മാനസം പായുന്നു,


മയിലുകളാടിടുന്നു


കനവില്‍


കുയിലുകള്‍ പാടിടുന്നു.

.
കണ്ണാ,


തിരികെ നീ വന്നീടുമോ..



ഓര്‍മ്മകളോര്‍മ്മക-


ളെന്നെ തളര്‍ത്തുന്നു


കൃഷ്ണാ നീയെവിടെ..


പ്രിയസഖി രാധയെ


ഒരുനോക്കു കാണുവാന്‍


ഇനിയും വരാത്തതെന്തേ


കണ്ണാ,


തിരികെ നീ വന്നീടുമോ..

കദനം

കദനപ്പെരുക്കത്തില്‍
 
മുഴുകിയും, മുങ്ങിയു-


മുരചെയ്ത വാക്കുകള്‍

 
ഹൃദയത്തിലേറ്റം


ചെറുതല്ല, നൊമ്പര-

 
ക്കടലാണതിനുള്ളി-


ലലയടിച്ചുയരുന്ന 


തിരമാലപോലെയാ


ഗദ്ഗദം കേട്ടുള്ളി-


ലുണരുന്നതേങ്ങലാല്‍ 


മറുവാക്കു ചൊല്ലുവാന്‍


കഴിവില്ലയെങ്കിലും

,
നെഞ്ചോടു ചേര്‍ന്നു


ഞാനെന്‍ മനക്കണ്ണിനാല്‍,


നിറയുന്ന മിഴികളെ,


കാണുന്നു...,ഞാനെന്‍റെ

,
അംഗുലീസ്പര്‍ശത്താ-


ലാമിഴിക്കോണില്‍


പൊടിഞ്ഞൊരാനീരിനെ 


മെല്ലെത്തെറുപ്പിച്ചൊ-


ന്നാലിംഗനം ചെയ്തു


നില്‍ക്കട്ടെ,യൊരുമാത്ര-


യെല്ലാം മറക്കുവാന്‍...

പ്രണയിക്കുന്നതിനു മുന്‍പ് .


പ്രണയിക്കുന്നതിനു മുന്‍പ്

നീ അഭിപ്രായമില്ലാത്തവനാകണം.

 
നിന്‍റെ ഇഷ്ടങ്ങള്‍

 
അവളുടെ മാത്രമിഷ്ടങ്ങളാകണം.


നിന്‍റെ ദേഷ്യവും,സങ്കടവും 


നീ മറന്നേക്കണം

.
നിന്‍റെ ആവശ്യങ്ങള്‍


അവളുടെയാവശ്യങ്ങളാകണം.


നീ സംസാരിക്കുന്നത്


വളരെ കുറവും,


കേള്‍ക്കുന്നത് 


വളരെ കൂടുതലുമാകണം 

.
അവളെ കേട്ടുകൊണ്ട് 


മന്ദനെപ്പോലെയിരിക്കണം.


നിന്‍റെ കുടുംബം


അവളുടേതാവില്ല, എന്നാല്‍


അവളുടെ കുടുംബം


നീന്റേതാകണം

.
അവളുടെ ദേഷ്യവും,


പിണക്കവും

നീ സഹിക്കണം

,
തിരിച്ച് പ്രതീക്ഷിക്കരുത്.


പറ്റുമെങ്കിലെപ്പോഴും


നീയില്ലാതെ എനിക്ക്


ജീവിക്കാനാവില്ല 


എന്നുപറഞ്ഞുകൊണ്ടിരിക്കണം.  

നീ വരുമ്പോള്‍ ...



നീ വരുമ്പോള്‍ 

പൂമരമൊഴുകുംപോലെ.

 
മനസ്സില്‍ ഓര്‍മ്മകളുടെ

 
പെരുമണം പടര്‍ത്തി നീ.


തഴുകിക്കടന്നുപോകുമൊരു


കുളിര്‍ക്കാറ്റുപോലെ ഞാനും...



നീ ചിരിക്കുമ്പോള്‍ 


കൂടെയൊരു വസന്തം ചിരിക്കുന്നു.


ചന്ദ്രപ്രഭയാര്‍ന്ന 


ധവളിമയോടെ,


നിന്‍ ചിരിയിലലിഞ്ഞു ഞാനും...



നീ നോക്കുമ്പോള്‍


തീഷ്ണശരങ്ങളാല്‍


ചിത്രമെഴുന്നോ-


രര്‍ജ്ജുനനെപ്പോലെ

.
കൂര്‍ത്ത ശരങ്ങളാല്‍


ബന്ധിതനാക്കിയ 


ഭീഷ്മരെപ്പോലെ ഞാനും...



നീ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ 


മെല്ലെപ്പൊതിയുന്ന

മാമരം പോലെ 

.
നിന്നില്‍ ചുറ്റിപ്പടര്‍ന്നു


പൂക്കാന്‍ കൊതിക്കുന്ന


തളിര്‍വള്ളി പോലെ ഞാനും...

നഷ്ട സന്ധ്യ


കറവീണ സന്ധ്യതന്‍ ചോട്ടില്‍ കനിവിന്‍റെ 

മറുകര കാണാതെ ഞാനിരിക്കെ


വെളിവിന്‍റെയോര്‍മ്മകള്‍ മെല്ലെത്തലോടുമ്പോള്‍

 
നിനവിന്‍റെ ഭീകരക്കാഴ്ചകാണാം .



കൌടില്യമോതുന്ന കുടിലതന്ത്രങ്ങള്‍ക്ക്


മറുവാക്ക് ചൊല്ലുവാനാവതില്ല

.
നെറികെട്ട ലോകത്തിനേകാനെനിക്കെന്‍റെ


വഴിവിട്ട വാക്കുകള്‍ മാത്രമായി.



മരവിച്ചചിന്തകള്‍ പേറുമീ ജീവിത-


പ്പാതയില്‍ മുള്ളും, മുനകളുമായ്


തള്ളിയലച്ചെന്‍റെ ഉള്ളം മുറിക്കുമ്പോള്‍


ഒപ്പത്തിനെന്‍റെ കിനാക്കള്‍ മാത്രം.



തെളിവാര്‍ന്ന ജീവിതം പാതിവഴിയിലേ


വെറിവീണു വിണ്ടു തകര്‍ന്നിടുമ്പോള്‍, 


കൈകളില്‍ കൈചേര്‍ത്ത്‌ മെല്ലെകരേറ്റുവാന്‍


ആരുണ്ട്‌ കൂട്ടിനായ്‌.... ആരുമില്ല.

കണ്ണാ.....



ചിരിമലര്‍ച്ചുണ്ടിലൂറും
മൊഴി ചാര്‍ത്തിയും,
മൃദുമധുര രവ
മുരളികയൂതിയും 
പരിചൊടു നീയരികെ
വരുമ്പോളഴലെഴും
കണ്ണിമചിമ്മിയീ രാധിക
കദനമൊടുരചെയ്ത
വാക്കുകള്‍....

മിഴി നിറയുന്നുവോ
നിന്നരുമസഖി തന്‍
കനലെരിയും വാക്കുകള്‍
ഹൃദയമതില്‍ പടരവേ
അരച, ദയാനിധേ
കൃപയരുളുക,
സങ്കടക്കടലിലാണിന്ന്
നിന്‍ പ്രിയസഖി രാധിക....

അടുക്കള.



അരി വേകുന്നപോല്‍,
അകംവേകുമമ്മതന്‍
തറവാട്.

പുകയറപോലെ
മൂടിയ മനസും,
തീയൂതിയൂതിക്കലങ്ങിയ
കണ്ണുകളും.

വിറകു പുകയുമ്പോള്‍
മനസും പുകയ്ക്കും,
വിശന്നിരിക്കുന്ന
വയറുകള്‍ കാണ്‍കെ.

അമ്മ ഹൃദയം
ഉരുകുയുരുകി
യങ്ങനെ ....

ഇരുട്ടും ഭിത്തിയും മാത്രം
തിരിച്ചറിയുമീ -
യമ്മതന്‍ മണം.
ചാരി നില്‍ക്കാം,
ചാരത്ത് ചേര്‍ത്തുവെയ്ക്കാം.......
ഇനിയെന്തൊളിക്കുവാന്‍ മരണമേ നിന്നില്‍നിന്നി-

നിയെന്തൊളിക്കുവാന്‍ ബാക്കിയുള്ളൂ ....,


ഒരുമാത്രനേരമേ മുന്നിലുള്ളൂ, നിന്‍റെ

 
ഹൃത്തില്‍ പതിക്കുവാന്‍ ബാക്കിയായി.



അകലത്തുനിന്നു ഞാന്‍ നിന്നെനോക്കി 


യെന്നാലുള്‍ക്കാമ്പുകാണുവാനായതില്ല.


ഒട്ടുദൂരത്തായി മാറ്റിനിര്‍ത്തീടുവാന്‍

 
മുറുകെശ്രമിച്ചു, കഴിഞ്ഞുമില്ല.


.
ചെറുകാറ്റുപോലെന്നെ, ആരുമറിയാതെ


പ്രണയത്തിലാക്കാന്‍ ശ്രമിച്ചിടുമ്പോള്‍


പിന്‍വിളിയോടെന്‍റെ യാത്രമുടക്കുന്നു

ബന്ധങ്ങള്‍, മായതന്‍ വിഭ്രാന്തികള്‍.



എങ്കിലും മരണമേ ഞാന്‍ നിന്‍റെ മാറിലേ-


യ്ക്കറിയാതെ ദൂരങ്ങള്‍ താണ്ടിടുമ്പോള്‍.


കാലൊച്ചയില്ലാതെയരികത്തുവന്നെന്‍റെ


മരണമേ, എന്നെ പുണര്‍ന്നുകൊള്‍ക..

ചുംബനം



പ്രണയിനി ഭൂമിയെ ചുംബിച്ചുണർത്തുവാൻ


അർക്കനും തെല്ലിട മറന്നുനിന്നോ


അമ്മതൻ മേനിയിൽ മഴനൂൽക്കരങ്ങളാൽ 


ആലിംഗനം ചെയ്തുമ്മവെയ്ക്കാൻ


കാറ്റിൻ കരങ്ങളിൽ താലോലമാടുന്ന


കാർമേഘക്കുഞ്ഞും മറന്നുപോയോ.



ഈർപ്പക്കനിവിനായ്‌ വെയിലേറ്റുവാടിയ


അമ്മച്ചെടി തലതാഴ്ത്തി നിൽക്കെ


ഇതളുകിളിർത്തു തുടങ്ങിയ മലരിനെ 


ചുംബന പൂക്കളാൽ ഇക്കിളികൊള്ളിച്ച്


കരിവണ്ടും തക്കം പാര്ത്തു നിൽപ്പൂ 



വരളുന്ന കനവുകൾ നട്ടുനനച്ച്,


ആഴിതൻ മാറിലെക്കാർത്തു പതിക്കുവാൻ

ഇളകിത്തെറിച്ചുപതച്ച പുഴ 


ഭൂമിതൻ മാറില്‍ തളർന്നു കിടക്കു-


ന്നൊരുമേഘ ചുംബനത്താ-


ലുയർത്തെണീക്കാൻ.

വിരഹം


അകലെയെങ്കിലും
നമുക്കിടയില്‍
തിരിച്ചറിയലുകളുടെ
മാസ്മരികത നിറഞ്ഞിരുന്നു .

നീ ചൊല്ലിയ കവിതകളില്‍
ഞാന്‍ കേട്ടത്
നിന്റെ ഹൃദയത്തിന്റെ
മിടിപ്പായിരുന്നു

രാവേറെ വൈകിയും
ഇലച്ചാര്‍ത്തുകളെ തഴുകുന്ന
ചന്ദ്രികയെ, ഞാന്‍ കൊതിയോടെ
നോക്കിയിരുന്നു.

മൃദു കാലടികളോടെ
നീ കടന്നു വന്നത്
തുരുമ്പെടുത്ത്, ദ്രവിച്ചടര്‍ന്ന
എന്റെ ഹൃദയ കവാടം തുറന്ന്‍..

എന്നിട്ടും
പറിച്ചെറിയാനാവില്ല എന്നേറെ
തോന്നിയ നിമിഷം തന്നെ
നീ ചവിട്ടിയിറങ്ങിയത്,
മുറിവുണങ്ങാത്ത
എന്റെ ഹൃദയ ഭിത്തികളെയും...

വേനൽ


എനിക്കും നിനക്കുമിടയിൽ
പോകെപ്പോകെ,
ഒരു വേനൽ പിറക്കുന്നു.
നിറം മങ്ങിക്കരുവാളിച്ച ചുണ്ടുകളെ,
വരണ്ടനാവുകളാൽ നനയ്ക്കാൻ ശ്രമിച്ച്
നമ്മൾ പരസ്പരം നോക്കുന്നു.

വേനലേൽക്കാത്ത ചെറു ചെടികളിൽ
ചിരിപ്പൂക്കൾ വിടരുകയും,
കൊഴിയുകയും ചെയ്യുമ്പോൾ
നമ്മളത് കണ്ടില്ലന്നു നടിക്കുന്നു.

കാലത്തിന്റെ കയ്യൊപ്പിലൂടെ
വേനലിനെ മറികടന്ന് ,
ചെറുചെടികൾ മരമാകുമ്പോഴും,
വരണ്ട വാക്കുകളെ
ഉണക്കാനിട്ട് നാമിരിക്കുന്നു..

ഒറ്റപ്പെടലിന്റെ കരിഞ്ഞ വേനൽപ്പാടം,
പൊള്ളിയ കനവുകൾ തഴുകിയിരിക്കുമ്പോഴും
മനസൊരു മരുപ്പച്ച കൊതിക്കുന്നു..
ഒരിറ്റു കുളിർമഴയിലൂടെ
നീയൊരു പുഴയായെങ്കിലെന്ന്‍...,
വസന്തം പങ്കുവെയ്ക്കാനൊരു,
പിച്ചകപ്പൂന്തോപ്പായെങ്കിലെന്ന്...

പരിസ്ഥിതി ദിനം


ഒറ്റയ്ക്കൊരു മരം വെയിലുകൊള്ളുന്നു

ചരിഞ്ഞ ചില്ലയില്‍ ഒറ്റക്കിളി,


ഇറ്റുനീരിനു കണ്ണുനനച്ച്,ചിറകടിച്ച് 


കുഞ്ഞിനെ നോക്കുന്നു ...


കളഞ്ഞുകിട്ടിയ തണുപ്പുമായി 


ഇളംകാറ്റ് കൂടിനെ ഒന്നുതലോടി, 


അകലങ്ങളിലെവിടെയോ മറന്നുവെച്ച 


പൂമണം തേടി പറന്നുപോകുന്നു 



പകലിന്‍റെ വെളുമ്പില്‍ 


രാത്രി മറന്നിട്ട മഞ്ഞുതുള്ളിയെ


സൂര്യന്‍ തട്ടിയെടുത്ത്‌


ആകാശക്കീറിലെറിയുന്നു.


കുന്നിറങ്ങിവന്ന ചൂടിന്‍റെ താഡനത്തില്‍


വിശപ്പുതളര്‍ന്നു മരിച്ചുവീഴുന്നു...

വരൾച്ച



നമുക്കിടയിൽ
വരൾച്ചയുടെ നിറഭേദങ്ങൾ
തെളിഞ്ഞുതുടങ്ങിയിരിക്കുന്നു .
ജീർണ്ണതയുടെ, മാലിന്യത്തിന്റെ 
വിഷപ്പുക നാമിരുവരും
ശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു.
പരസ്പരം മനസിലാകാതെയെന്നോണം നമ്മളന്യോന്യം പകച്ചുനോക്കുന്നു.

മടുപ്പിലൂടെ സഞ്ചരിക്കുമ്പോൾ
പാതയോരങ്ങളിൽ ഇരുട്ടാണ്.
തെളിമയുള്ള ഒരു കാഴ്ചപോലും
കണ്ണിൽ പതിയുന്നുമില്ല.
വരണ്ട ഉഷ്ണക്കാറ്റിൽ
പ്രഭാതത്തിന്റെ പച്ചപ്പ്‌
താനേ മറയുകയും,
നമ്മിൽ വിഷാദം പടരുകയും...

ഒരിക്കൽ നമുക്കായി വസന്തം
തീർത്ത ഇടവഴിയും, ഇലഞ്ഞിമരവും
വേരറ്റ സ്വപ്നം പോലെ.
എന്നാണൊരു കുളിർകാറ്റിനി
നമുക്കായി വീശുന്നത്...