Saturday, July 25, 2015

ജീവിതം...


മനസ്സില്‍ നിന്നും
വഴുതിച്ചാടുന്നുണ്ട്
പിടി മുറുകാത്ത
ചിന്തകള്‍
 

ഇറങ്ങിപ്പോയാലും
അസമയത്ത്
തിരിച്ചു കയറിവരും
നാശങ്ങള്‍
 

ഇറക്കിവിടാന്‍ ശ്രമിച്ചാലും
അള്ളിപ്പിടിച്ചു കിടക്കും,
പോകരുതെന്ന് ആശിക്കുന്ന
ചിന്തകള്‍ക്കുമേലെ...
ഓര്‍മ്മച്ചിതയില്‍
നീറിപ്പിടഞ്ഞങ്ങനെ
പുകഞ്ഞു പുകഞ്ഞ്
കത്തിത്തീരാതെ....

Wednesday, July 8, 2015

എനിക്കൊന്നു പെയ്യണം....


ഹൃത്തിന്‍ മുനമ്പിലൂ-
ടിറ്റിറ്റു പായുന്ന
മേഘക്കറുപ്പിനെ ,
നെഞ്ചിലെ വിങ്ങലില്‍
തുള്ളിത്തുളുമ്പുന്ന,
ചോരപോടിഞ്ഞോരാ
നീറുന്ന സ്വപ്നത്തെ,
ഉഷ്ണപ്പുകച്ചിലില്‍
വെന്തു വരണ്ടിറ്റു-
നീരിന്റെ സ്പര്‍ശനമില്ലാതെ
വാടുന്ന മോഹപ്പിടപ്പിനെ,
വാരിപ്പിടിച്ചാര്‍ത്തു പെയ്തു
തണുക്കണം..,
പേമാരിപോല്‍ നിന്റെ
മാറില്‍ക്കുതിച്ചാര്‍ത്തു-
വീഴണം, പിന്നെയാ
സ്നേഹത്തണുപ്പിന്ന-
ഗാധതയെ പുല്‍കി,
ഞാനാര്‍ദ്രയായ്‌ നിദ്രയെ
പുല്‍കിക്കിടക്കട്ടെ.....

ഗ്രാമ വിശുദ്ധി.....


ഹാഫ്‌ സാരി ഉടുത്ത്
കാച്ചെണ്ണ പുരട്ടിയ
ഈറന്‍ മുടിയില്‍
തുളസിക്കതിര്‍ ചൂടി
ഗ്രാമ നൈര്‍മല്യം
അമ്പലത്തിലേക്ക്.
ഗ്രാമവിശുദ്ധിയുള്ള
പെണ്‍കുട്ടിക്ക് വേണ്ടി
മുറവിളികൂട്ടുന്ന
ആധുനിക കവി
അവളെ കണ്ടില്ലെന്നു നടിച്ചു.
അല്പം നടന്നു
തിരിഞ്ഞു നോക്കിയ
ഗ്രാമ വിശുദ്ധി കണ്ടത്‌
ജീന്‍സും ടോപ്പും
ലിപ്സ്ടിക്കും, ഫെതര്‍ കട്ടും
ചെയ്ത
സുഗന്ധം വാരിപ്പൂശിയ
നാഗരികതയെ
കൊതിയോടെ
നോക്കുന്ന കവിയെ
പിന്നീടൊരുദിവസം
അവള്‍ കണ്ടു
ലോവേസ്റ്റ്‌ ജീന്‍സും,
നീട്ടിവളര്‍ത്തിയ മുടിയുമായി
ഫ്രീക്കന്‍ ഭ്രാന്തനെപ്പോലെ
നാഗരികതയുടെ പിന്നാലെ
ആ പഴയ കവി .
കണ്ണില്‍നിന്നുതിര്‍ന്ന
രണ്ടുതുള്ളി കണ്ണുനീര്‍
ഗ്രാമത്തിന് ബലിയര്‍പ്പിച്ച്ച്
അവളും പരിഷ്കാരിയായി ,
പുതിയ കവിയെ തേടിയിറങ്ങി .

അമ്മ...


ജ്വരക്കിടക്കയില്‍
കറുത്തരാത്രികള്‍
കരിമ്പടങ്ങളാല്‍
പുതച്ചുമൂടവേ
വിറച്ചു പൊങ്ങുന്ന
കനച്ച സ്വപ്‌നങ്ങള്‍
മനസിനുള്ളിലായ്‌
പുളഞ്ഞു നീന്തുന്നു
തുറിച്ച കണ്ണുകള്‍
വിടര്‍ന്ന ദംഷ്ട്രകള്‍
കുനിഞ്ഞമരുന്നു
കഴുത്തിനാഴത്തില്‍..
പിടച്ചുരുണ്ടു ഞാ-
നലറി മാറുവാന്‍
കഴിഞ്ഞതില്ലയെന്‍
സ്വരമമര്‍ന്നുപോയ്
നനുത്ത ചുണ്ടുക-
ളമര്‍ന്നു നെറ്റിയില്‍
"പനിച്ചുവോ"യെന്നോ-
രലിഞ്ഞ ചോദ്യവും..
തുറന്ന കണ്‍കളില്‍
പതിഞ്ഞോരാമുഖം
മൃദുല ചുംബനം
കുളിര്‍മ്മയേകുമ്പോള്‍
കുറുനിരമെല്ലെ യൊതുക്കി
എന്നെയൊന്നമര്‍ത്തി, ചേര്‍ത്തമ്മ
മൊഴിഞ്ഞു മെല്ലവേ
"ഭയപ്പെടേണ്ട"ഞാ-
നരികിലുണ്ടല്ലോ...