Monday, October 17, 2011

കാറ്റിനോട്...



ജനാല വാതില്‍
മെല്ലെ തുറക്കാന്‍-
ശ്രമിക്കുന്ന കാറ്റിന്
ഇന്നെന്തേ
ഇത്ര ഇളക്കം.
ഒന്നെത്തിനോക്കി,
നാണിച്ചു മുഖംതിരിക്കുന്ന
പെണ്ണിനേപ്പോലെ..
ഓരോ ചുവടും
അതി മൃദുലമാക്കി,
വന്നൊന്നു തഴുകി-
യൊളിക്കുന്ന കാറ്റിന്
എന്തോ പറയാനുള്ളതുപോലെ.

കാര്യം പറ കാറ്റേ
നിന്റെ കാമുകനെ കണ്ടുവോ..
അവന്‍ നിന്നെ
ആലിംഗനം ചെയ്തുവോ
പ്രണയത്തിന്റെ-
നാണമോ നിന്റെ കണ്ണില്‍..

എങ്കില്‍ അരുത്.
മുന്നില്‍ വളരെ ദൂരത്തല്ലാതെ
ദീര്‍ഘമായ്‌ താണ്ടേണ്ട
ജീവിതപ്പാടം
തരിശ്ശായ് കിടക്കുന്നു.
ഇരുവശത്തും,
മോഹക്കാഴ്ചകള്‍ കാണാം.
അത് വെറും മിഥ്യ.
അല്പദൂരത്തായുണ്ട്
മുള്ളുകള്‍ നിറഞ്ഞ
കയറ്റിറക്കങ്ങള്‍.
കാറ്റേ...,
ഓരോ ചുവടും
വളരെ ശ്രദ്ധിച്ച്....
9 Oct 
delete

ഇടവഴി.


അന്ന് 

ആ ഇടവഴിയില്‍
വേലികള്‍ ഇല്ലായിരുന്നു
ഒരു ചെറിയ ഇളക്കത്തോടെ-
തുള്ളിത്തെറിച്ചെത്തിയ കാറ്റിന്
ലജ്ജപുരണ്ട ചിരിയും,
സ്നേഹത്തിന്റെ നറുമണവും.
വഴിയുടെ ഇരുപുറവും
സ്നേഹത്തിന്റെ കാല്‍പ്പാദങ്ങള്‍
ആഴത്തില്‍ പതിഞ്ഞിരുന്നു.
ഇന്ന്
കനത്ത മുഖവും,
കനച്ച മണവുമായി
ഇടവഴിയെ മറച്ചു മതിലുകള്‍.
ചോരച്ച മണം പുരണ്ട കാറ്റ്
അടക്കിപ്പിടിച്ച് കരയുന്നു.
കണ്ണുകളില്‍ നിന്ന് വീഴുന്നത്,
രൂക്ഷഗന്ധം പേറുന്ന,കറുത്തരക്തം.
കീറിപ്പറിഞ്ഞ മഞ്ഞ വിരിപ്പുകൊണ്ട്
നാണം മറയ്ക്കാന്‍,
വൃഥാ ശ്രമിക്കുന്ന ഭൂമി.
വേലികളുടെ മുകളിലൂടെ,
കൂണുപോലെ പൊന്തുന്ന-
കുഞ്ഞു മുഖങ്ങള്‍..
അവയുടെ നിഷ്കളങ്കതയിലും
നാളത്തെ ചുടലക്കളത്തിന്റെ
അവ്യക്ത രേഖകള്‍.
ചെവിയില്‍ സദാ-
മരണത്തിന്റെ ഇരമ്പല്‍.

വെയില്‍ കനക്കുന്നതിനു മുന്നേ
എനിക്കാ ഇടവഴി താണ്ടണം.

എന്റെ പട്ടം.



അവന്റെ പ്രണയം
കെട്ടുപൊട്ടിയ പട്ടംപോലെയാണ്.
എവിടെ ചെന്നെത്തുമെന്ന് ഒരു രൂപവുമില്ല.
എങ്ങോട്ടെന്നോ, എത്രമാത്രമെന്നോ
പ്രവചിക്കാനും സാധ്യമല്ല.

ചിലപ്പോള്‍
ആകാശത്തെ മുട്ടുമെന്നു തോന്നിക്കും
ചിലപ്പോള്‍
കാറ്റിലും,കോളിലും പെട്ടതുപോലെ ആടിയുലഞ്ഞ്..
മറ്റു ചിലപ്പോള്‍
ശാന്തമായി അങ്ങനെ ഒഴുകി...

ഇപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്
ആ പട്ടം-
എവിടെയും തടയപ്പെടരുതെന്നും,
താഴെ പതിക്കരുതെന്നുമാണ്.
അത്രയേറെ,
അതില്ലാതെ പറ്റില്ലെനിക്ക്..

പുതിയ ആകാശം..


ചേക്കാറാനൊരു ചില്ല മോഹിച്ചാണ്

അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച്
അവള്‍ അരയാലിന്റെ കൂട്ടുപിടിച്ചത്.

ഇടതൂര്‍ന്ന ചില്ലകളും,
കരുത്തുറ്റ ശിഖരങ്ങളും കണ്ട്
അതിലൊരു കൂടുകൂട്ടണമെന്ന്
അവള്‍ കൊതിച്ചു.

അരയാലിന്റെ മാറില്‍നിന്ന്
ആകാശത്തേക്ക് പറന്നുയരാന്‍
എളുപ്പമായിരിക്കുമെന്നും,
അവിടെ പുതിയ നക്ഷത്രങ്ങള്‍
അവള്‍ക്കായി കാത്തിരിക്കുമെന്നും
അവള്‍ സ്വപ്നം കണ്ടു.

ഒരിക്കല്‍
ആകാശത്തേക്ക് പറന്ന്,
തിരികെയെത്തിയപ്പോള്‍ കണ്ടു
ചുണ്ടു ചുവപ്പിച്ച കുറെ പക്ഷികള്‍..

ചാഞ്ഞും, ചരിഞ്ഞും നോക്കി
വിലയുറപ്പിച്ച്
അവളെ ചേര്‍ത്തു പിടിച്ചപ്പോള്‍
അന്തിച്ചവള്‍ അരയാലിനെ നോക്കി.
പക്ഷെ
അരയാലൊന്നു ചിരിച്ചു.
അവന്റെ നീണ്ടു കൂര്‍ത്ത ദംഷ്ട്രകളും,
ചോരച്ച നാവും കണ്ടപ്പോഴാണ്-
എല്ലാം കിളിപ്പെണ്ണു തിരിച്ചറിഞ്ഞത്.