Tuesday, April 26, 2011

അന്നും ഇന്നും



അന്ന്
ഭിക്ഷയ്ക്കു വന്നപ്പോള്‍
അവളുടെ കയ്യിലൊരു
മുഷിഞ്ഞ തുണി.

ഇന്ന്
ഭിക്ഷയ്ക്കു വന്നപ്പോള്‍
കയ്യിലെ
മുഷിഞ്ഞ തുണിയില്‍
ഒരു ചോരക്കുഞ്ഞ്.

അവള്‍ക്കന്നറിയില്ല
അവളുടെ അച്ഛനാരെന്ന്
അവള്‍ക്കിന്നറിയില്ല
അവളുടെ കുഞ്ഞിന്റെ
അച്ഛനാരെന്നതും..

പേരുദോഷം



പേരൊന്നുമാറ്റിത്തരണമെ-
ന്നപേക്ഷിച്ചവളോടു
കാര്യമെന്തെന്നുതിരക്കി.
എന്റെ പേരുദോഷമൊന്നു
മാറിക്കിട്ടാന്‍ വേണ്ടിയെന്ന്
അവള്‍ പ്രത്യുത്തരമേകി.

ഒരു മഴക്കാല രാത്രി



ഒരു മഴക്കാല രാത്രിയില്‍
ചന്ദ്രിക മറഞ്ഞൊരാകാശത്തില്‍
മിഴിനട്ടു നില്‍ക്കവേ
എന്നുള്ളിലോടിയെത്തി
ഓര്‍മതന്‍ കയ്പ്പും, മധുരവും.

അന്ന് ഞാന്‍ കണ്ടത്
നിറമുള്ള സ്വപ്‌നങ്ങള്‍
മനസിന്റെ കോണില്‍
മറച്ചൊരാ പ്രണയം
പറയാന്‍ മറന്നതോ
ഭയന്നതോ...

ഒരു വാക്കുകൊണ്ടോ
ഒരു നോക്കുകൊണ്ടോ
നീയതറിഞ്ഞില്ലേ..
അറിയാത്തതാണോ
നടിച്ചതോ..

ചുണ്ടില്‍ തെളിയുന്ന
മൃദു മന്ദഹാസവും
മുഖം ചരിച്ചുള്ളൊരാ
നോട്ടവും
മഴയോടു നിനക്കുള്ള
പ്രണയവും
ഒന്നും മറന്നില്ല ഞാന്‍

വേറൊരു മഴയത്ത്
എന്നെ തനിച്ചാക്കി
മഴയില്‍ മറഞ്ഞു നീ,
ഒന്നും പറയാതെ..
തോരാത്ത കണ്ണുനീര്‍
മാത്രമെന്‍ സ്വന്തമായ്‌.

ഓര്‍മ്മകള്‍ പുല്‍കുന്ന
മുഖമൊന്നമര്‍ത്തി
ജാലകത്തിന്‍ വാതില്‍
മെല്ലൊന്നു ചാരി
ബാക്കി കര്‍മ്മത്തിനായ്‌
തിരികെ നടന്നു ഞാന്‍...

നന്മ മരം



വേനല്‍ മഴപോലെയാണ്
അവന്റെ മനസ്.
ചിലപ്പോള്‍
പെയ്തു തണുപ്പിക്കും.
പിന്നെയൊരിക്കല്‍
പെയ്യുമെന്ന് കൊതിപ്പിക്കും.
എന്നാല്‍ ചിലപ്പോള്‍
കുറേനാളത്തേക്ക്
പെയ്യുകയേയില്ല.
മറ്റൊരിക്കല്‍
മഴയോടൊപ്പം
മിന്നലും, ഇടിയുമുണ്ടാവും.
പക്ഷെ
എനിക്കിഷ്ടമാണ്
അവനെ.
എന്റെ സൗഹൃദക്കണ്ണിയിലെ
അവസാന വാക്ക്
എന്റെ മുറ്റത്തെ
നന്മ മരം.

ബാക്കിപത്രം



അവളുടെ
നീണ്ട മുടി കണ്ടാണ്,
അതിന്റെ ഭംഗി കണ്ടാണ്
അവന്‍ അവളെ
പ്രണയിച്ചത്..

വിവാഹം കഴിഞ്ഞ്
ഭക്ഷണത്തില്‍ നീണ്ടമുടി
കണ്ടു കണ്ട്
മനം മടുത്തിട്ടാണ്
അവനവളെ ഉപേക്ഷിച്ചത്..

Thursday, April 7, 2011

ചുവപ്പ് നിറം



ചുവപ്പ് നിറത്തെ
അവള്‍ എന്നും
പ്രാണനെ പോലെ സ്നേഹിച്ചു.

ചുവപ്പിനെ കുറിച്ച്
അവള്‍ വാചാലയാകും
നോക്കൂ സുഹൃത്തേ,
ചുവപ്പിന്റെ ഭംഗി കണ്ടോ.
ചുവപ്പ് സ്നേഹമാണ് ..
എത്ര തീഷ്ണമാണത്
എവിടെയും
ശ്രദ്ധിക്കപ്പെടുന്നതും
ചുവപ്പല്ലേ.

ചുവപ്പ് സാരി,
ചുവന്ന പൊട്ട്,
ചുവന്ന കാറ്
ചുവന്ന ബൈക്ക്
എല്ലാം അവള്‍ സ്വന്തമാക്കി.

പെട്ടൊന്നൊരു ദിനം
ചുവപ്പ് നിറത്തോടൊപ്പം
കുറച്ചു മാംസ കഷണങ്ങളും
മുന്നില്‍ തെറിച്ചു വീണപ്പോള്‍
മുഖം പൊത്തി, അലറി
ബോധം കേട്ട് വീണവള്‍
ഉണര്‍ന്നപ്പോള്‍
പൊട്ടിക്കരഞ്ഞുപറഞ്ഞു
ചുവപ്പിനെ ഞാന്‍ വെറുക്കുന്നു
ഏറ്റവും കൂടുതല്‍...

Friday, April 1, 2011

ദുഃഖം

                      എന്റെ ദുഃഖം പറയാനാണ്
             ഞാനവനെ വിളിച്ചത്
             പക്ഷെ.....
             അവന്റെ ദുഃഖം കേട്ടിരുന്ന്
             സമയം പോയതറിഞ്ഞില്ല.


             മറ്റൊരിക്കല്‍ വീണ്ടും വിളിച്ചു
             നമ്പര്‍ നിലവിലില്ലെന്ന മറുപടി.
             അവന്റെ ദുഃഖം മറ്റാരോടോ പറയാന്‍
             അവന്‍ പുതിയനമ്പരെടുത്തു.