Monday, August 17, 2015

പ്രണയമേ ...

പ്രണയമേ
ഞാന്‍ നിന്നെ വലിച്ചെറിയുന്നു ,
വിരഹത്തിന്‍
ചോരപൊടിയുന്നിതെന്കിലും
ലഹരിപോല്‍ നെഞ്ചില്‍ കത്തിപ്പടര്‍ന്നോരാ
മോഹത്തിന്‍ ഊഷ്മള പുളകത്തിന്‍ പൂക്കളെ
ഞെരടിപ്പറിച്ചു ഞാനെന്റെ കിനാവിന്റെ
അഗ്നിക്കനലാല്‍ ചുട്ടു തകര്‍ക്കുന്നു..
തിരിക മടങ്ങിക്കൊള്ളുക നീയിനി
ഒരു നോക്കിനാല്‍ പോലും തിരികെ വിളിക്കില്ല
നീയെനിക്കേകിയ സ്നേഹാര്‍ദ്ര ചിന്തയില്‍
മുഴുകി ഞാന്‍ നീങ്ങട്ടെ, അറ്റം വരേയ്ക്കും

നിന്റെ മൊഴികള്‍

നിന്റെ മൊഴികള്‍
എന്റെ ഹൃദയ ഭിത്തിയില്‍
ആഞ്ഞടിക്കുമ്പോള്‍
ചിതറിത്തെറിക്കുന്നത്
മിഴിനീരല്ല,
തീവ്ര വേദനയുടെ
സുനാമിത്തിരമാലകള്‍
എന്റെ ശരീരത്തെ
തകര്‍ത്തെറിയുന്നതിന്റെ
ബാക്കിപത്രമാണത്.
നീ ഉപേക്ഷിച്ചു പോകുന
ഓരോ വാക്കും
നിന്റെ ആശ്വാസമെങ്കില്‍,
ഈ ദുര്‍ബല ഹൃദയം
വിങ്ങിത്തളരുന്നു.
പ്രിയനേ.., നമുക്കായ്‌
നിന്റെ ഞരമ്പുകളിലൂടെ
എന്റെ ജീവശ്വാസം ഒഴുകട്ടെ...

നിനക്കായ്‌...


കബന്ധങ്ങള്‍ ചിതറിയ
ഓര്‍മ്മകളുടെ പടനിലത്ത്‌
നിന്നോടൊപ്പം ചേര്‍ന്ന് നടക്കുന്നത്
വഴിയിലുപേക്ഷിക്കുവാനല്ല .
നിണമൊഴുകിപ്പരന്ന
നിന്‍റെ ഹൃത്തടങ്ങളില്‍
ഞാന്‍ സ്പര്‍ശിച്ചത്
അര്‍ജുനാ,
എന്റെ പ്രണയത്തിന്റെ
ഔഷധക്കൂട്ടാല്‍
നിന്‍റെ
മുറിവുണക്കാനായിരുന്നു.
ചേരിപ്പോരിന്റെ,
വെറുപ്പിന്റെ
വാള്‍ത്തലപ്പാല്‍
യുദ്ധം മുറുകുമ്പോള്‍
നിന്‍റെ കിനാവിന്റെ
ഉമ്മറത്ത്‌
നിന്നോടൊപ്പം ചരിക്കുവാന്‍
കൊതിക്കുന്ന
കൃഷ്ണയാണ് ഞാന്‍.
യുദ്ധത്തിനൊടുവില്‍
അവശേഷിക്കുന്നത്
നീയും, ഞാനുമെന്ന
സത്യവും.

അദൃശ്യതയുടെ ഭിത്തി..


അമ്മമാര്‍ മരിക്കുകയല്ല,
അദൃശ്യതയുടെ ഭിത്തിമേല്‍
തൂക്കിയിടപ്പെടുകയാണ് .
ആകുലതകളും, ആശങ്കകളും
പിറകോട്ടു വലിച്ചിട്ടും,
കരുതലും, സ്നേഹവും
കൊണ്ടുപോകരുതേ
എന്നാര്‍ത്തുവിളിച്ചിട്ടും
കൊണ്ടുപോകപ്പെടുകയാണ്.
ആശ്രയമറ്റ കണ്ണുകള്‍
അവരെ വഴിനീളെ
അലട്ടിക്കൊണ്ടിരിക്കും .
മോളെ എന്നൊരു നിലവിളി
തൊണ്ടയില്‍ കുരുങ്ങിക്കിടപ്പുണ്ടാവും
ഇഹലോകത്തില്‍
മകളെ ചേര്‍ത്തുനിര്‍ത്താന്‍
കരുത്തുറ്റ ഒരു കരം
വരാനില്ലെന്നറിഞ്ഞിട്ടും ,
പിച്ചിച്ചീന്തുവാന്‍ തെരുവുകള്‍
കെണിയൊരുക്കുന്നതറിഞ്ഞിട്ടും
പറിച്ചെടുക്കപ്പെടുകയാണ്.
എങ്കിലും
കണ്ടു കൊതിതീരാത്ത
രണ്ടു കണ്ണുകളില്‍
തണുത്തചുണ്ടുകള്‍ ചേര്‍ത്ത്‌,
അദൃശ്യതയുടെ നിറസാന്നിധ്യമായ്‌
അമ്മയുണ്ടാവും...