Monday, October 17, 2011

ഇടവഴി.


അന്ന് 

ആ ഇടവഴിയില്‍
വേലികള്‍ ഇല്ലായിരുന്നു
ഒരു ചെറിയ ഇളക്കത്തോടെ-
തുള്ളിത്തെറിച്ചെത്തിയ കാറ്റിന്
ലജ്ജപുരണ്ട ചിരിയും,
സ്നേഹത്തിന്റെ നറുമണവും.
വഴിയുടെ ഇരുപുറവും
സ്നേഹത്തിന്റെ കാല്‍പ്പാദങ്ങള്‍
ആഴത്തില്‍ പതിഞ്ഞിരുന്നു.
ഇന്ന്
കനത്ത മുഖവും,
കനച്ച മണവുമായി
ഇടവഴിയെ മറച്ചു മതിലുകള്‍.
ചോരച്ച മണം പുരണ്ട കാറ്റ്
അടക്കിപ്പിടിച്ച് കരയുന്നു.
കണ്ണുകളില്‍ നിന്ന് വീഴുന്നത്,
രൂക്ഷഗന്ധം പേറുന്ന,കറുത്തരക്തം.
കീറിപ്പറിഞ്ഞ മഞ്ഞ വിരിപ്പുകൊണ്ട്
നാണം മറയ്ക്കാന്‍,
വൃഥാ ശ്രമിക്കുന്ന ഭൂമി.
വേലികളുടെ മുകളിലൂടെ,
കൂണുപോലെ പൊന്തുന്ന-
കുഞ്ഞു മുഖങ്ങള്‍..
അവയുടെ നിഷ്കളങ്കതയിലും
നാളത്തെ ചുടലക്കളത്തിന്റെ
അവ്യക്ത രേഖകള്‍.
ചെവിയില്‍ സദാ-
മരണത്തിന്റെ ഇരമ്പല്‍.

വെയില്‍ കനക്കുന്നതിനു മുന്നേ
എനിക്കാ ഇടവഴി താണ്ടണം.

No comments:

Post a Comment