Monday, September 16, 2013

ഒരു കുപ്പി മദ്യത്തില്‍ സംഭവിച്ചത്...


ചിതറിത്തെറിച്ച
ഓണ വറ്റ്

പൂക്കളത്തില്‍ നിന്ന്
പറിച്ചെടുത്ത, പകച്ച
നാല് കുഞ്ഞിക്കണ്ണുകള്‍

വിരുന്തുവന്ന
നിസ്സഹായ മാതൃത്വം

ആര്‍പ്പുവിളിയിലെ
തെറി പാട്ടുകള്‍ക്കിടയില്‍ .
ഹാപ്പി ഓണം.

Saturday, September 14, 2013

ഓര്‍മ്മകള്‍...



കൂരമ്പുപ്പോലെയൊന്ന്
ഇടയ്ക്കിടെ ഹൃദയത്തില്‍
കുത്തി കയറുന്നുണ്ട്
മജ്ജയും, മാംസവും
തുളച്ച് ആഴ്ന്നാഴ്ന്ന്..

ചിതറിത്തെറിച്ച,

ഓര്‍മ്മത്തുണ്ടുകള്‍
അടുക്കിവെയ്ക്കാന്‍
ശ്രമിക്കുമ്പോഴാണ്
ഹൃദയം വിണ്ടുകീറുന്നതും,
പ്രാണരക്തം പൊടിയുന്നതും..

കാലം മായ്ക്കാത്ത
മുറിവുകള്‍ ഉണ്ടെന്നും,
അതെത്ര ആഴത്തിലാണെന്നും
പുറമേ,
കൊട്ടന്‍ ചുരുള്‍ക്കെട്ട്
മാത്രമേ ഉള്ളുവെന്നും
മനസിന്റെ താക്കീത്.

തികട്ടി വരുന്നതുപോലെ
അടക്കാനാകാത്ത
ചില പിഴച്ച ചിന്തകള്‍
ദുര്‍ഗന്ധം വമിപ്പിച്ചു-
പുറത്തേക്ക്...

എന്നിട്ടും,
എപ്പോഴോ കൈവിട്ടുപോയേക്കാവുന്ന
ചില ഓര്മപ്പെരുക്കങ്ങളില്‍
ഹൃദയം ഒന്ന് തുള്ളുന്നുണ്ട്,
മാഞ്ഞു പോകരുതേ-
എന്നാഗ്രഹിക്കുന്ന
തുരുമ്പെടുക്കാത്ത
ചില നിമിഷങ്ങളില്‍..

സ്നേഹം



വാടാതെ സൂക്ഷിക്കാം എനിക്കായി നീ തന്ന
സ്നേഹനിലാവിന്‍ നറുമലര്‍ച്ചെണ്ടുകള്‍
തീരാതെ ഞാന്‍ കാത്തുവെയ്ക്കാം എനിക്കായി-
നല്‍കിയ, തീഷ്ണ മിഴിക്കോണിന്‍ സ്വപ്‌നങ്ങള്‍...
കാണുവാനാശിപ്പതില്ല ഞാന്‍ നിന്നുടെ,
തീവ്ര വിരഹ, വിഷാദ മിഴിപ്പൂക്കള്‍.
ഓര്‍മ്മയിലെന്നും ഞാന്‍ സൂക്ഷിക്കാം നിന്നുടെ
ചുടുചുംബനത്തിന്റെ ഊഷ്മള രേണുക്കള്‍
മാറാല മൂടിയ കല്പടവിന്‍ ചാരെ,
ശൂന്യ നിഗൂഡമാം കല്‍മണ്ഡപങ്ങളില്‍
പരിരംഭണത്തിന്റെ കോള്‍മയിര്‍പ്പൂക്കളാല്‍
മൂടട്ടെ ഞാന്‍ നിന്റെ സ്നേഹ വികാരങ്ങള്‍..
നിറമാര്‍ന്ന സ്വപ്നത്തിന്‍ പങ്കായമൂന്നി ഞാന്‍
തുഴയുന്നു ജീവിത നൌകാ.....
തുഴയുന്നു ജീവിത നൌക.