Thursday, March 28, 2013

ഓര്‍മ്മ



നിന്റെ ഓര്‍മ്മത്താളില്‍
മുങ്ങിമുങ്ങി
കരയാനെനിക്കെന്നുമിഷ്ടം.

അകലെയാണെങ്കിലും
ഓര്‍മ്മച്ചുഴിയില്‍ ഞാന്‍
മെല്ലെ കറങ്ങുന്നു നിത്യം.

നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകളില്ലെങ്കില്‍
ജീവനും വേണ്ടെനിക്കിന്നും.

നെഞ്ചിലെ ഊഷ്മള-
സ്നേഹഗീതങ്ങളില്‍
മുഴുകട്ടെ ഞാനിന്നു,മെന്നും.

വിരഹത്തിനഗ്നിയില്‍
വെന്തുവെണ്ണീറാകാന്‍
പ്രിയനേ നിനക്കെന്റെ ജന്മം.

നീയെത്തും നാളുകള്‍
കാത്തുഞാനിക്കാലം
താണ്ടട്ടെ, നീ വരുവോളം..

Sunday, March 17, 2013

പ്രതീക്ഷ



തിമിരാന്ധമനസിന്റെ,
നേര്‍ത്ത നേരറിവുകളെ
അവഗണിച്ച്,
സ്വയംമൂടിയ മരവിപ്പു-
വഴികളിലായിരുന്നു ഞാന്‍,
നീയെന്നിലേക്കെത്തും വരെ.

കുന്നുകളും, ഗര്‍ത്തങ്ങളും
മൂടിയ, ആ ഇരുട്ടുവഴികളില്‍
ഒരു മിന്നാമിനുങ്ങു പോലെ
നിന്റെ അദൃശ്യസാന്നിധ്യം
പകര്‍ന്നത് ,
പുനര്‍ജ്ജീവനത്തിന്റെ പ്രതീക്ഷ.

നിറമുള്ള സ്വപ്നങ്ങളുടെ
തുരുത്തിലൂടെ
സഞ്ചരിക്കാന്‍ ശ്രമിക്കുമ്പോഴും
ഇടയ്ക്കിടെ കാലുകള്‍
ഇടറുന്നുണ്ട്.
പിടിച്ചുനടക്കാന്‍
നീ നീട്ടിയ കൈകളില്‍,
മുറുക്കെ പിടിച്ച്
അതിജീവനത്തിന്റെ
പാതയിലേക്ക് ഞാന്‍
നടന്നു കയറട്ടെ.

Friday, March 15, 2013

സ്വപ്നം

ഉറക്കത്തിനിടയിലെ
സ്വപ്ന നിറങ്ങളില്‍
നിര്‍ത്താത്ത കരച്ചില്‍ കേട്ട്
ഞാന്‍ ഞെട്ടിയുണരും.

ചോര പുരണ്ട
ആയിരം കയ്യുകള്‍
നീണ്ടുവളര്‍ന്ന നഖങ്ങള്‌ുമായി
ഓരോ അണുവിലേക്കും.
അവ സ്വപ്നങ്ങളുടെ-
കഴുത്തുഞെരിച്ച്,
ഉടലും, തലയും
രണ്ടാക്കുന്നു.
മുറിഞ്ഞു മാറിയ,
ഉടലുമായി.
കൊതിപൂണ്ട കണ്ണുകളില്‍
അഗ്നി നിറച്ച്
ഇരുട്ടിലേക്ക്...

ഉടലില്ലാത്ത അനേകം
തലകളുടെ
ദീനരോദനം
എന്റെ ഉറക്കം കെടുത്തുന്നു.
എനിക്കൊന്ന്,
ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍...

Tuesday, March 12, 2013

അന്ധര്‍



കറുത്തപൂച്ച കുറുക്കുചാടിയ
അതേ രാത്രിയിലാണ്
മൂത്തചേച്ചി ഇറങ്ങിപ്പോയത്.

അന്നുരാത്രി തന്നെയാണ്

മരത്തില്‍നിന്നു പിടിവിട്ടോടിവന്ന
കരിയില,
എന്റെ മോഹങ്ങള്‍ക്കൊപ്പം
കിണറ്റില്‍ചാടി ആത്മഹത്യ ചെയ്തത്.

പിറ്റേന്ന്
മാവിന്റെ ശിഖരത്തില്‍-
തൂങ്ങിയാടിയ,
അച്ഛന്റെ ശരീരത്തില്‍
കണ്ണുകള്‍ തട്ടിയതോടെയാണ്
ഞാനും, എന്റമ്മയും
അന്ധരായത്.

Monday, March 11, 2013

കണ്ണാ...




എന്നുടെഹൃത്തില്‍
വന്നൊളിചിന്നും
സുന്ദരരൂപം.. നിന്നുടെ,
കണ്ണാ..നിന്‍ചെറുചിരിയും
നറുമലരിന്‍നിറമേലും-
ദന്തം,കുറുനിരയേന്തും,
നെറ്റിത്തടവും..
ചെറുമണിയുള്ളോരോടക്കുഴലും,
കൌസ്തുഭമണിയും,തിരുമാറിടവും....

ചെറുതായുള്ളൊരുനാമംകേട്ടാ-
ലുള്ളംനിറയണമെന്നുടെകൃഷ്ണാ....

Wednesday, March 6, 2013

പെണ്ണ്


പെണ്ണുടലിന്
അഴകല്ല,
മറിച്ച്
പരുക്കന്‍ പാറപോലെ
കൂര്‍ത്തുമൂര്ത്ത
മുനകള്‍,
വരണ്ട നദിപോലെ
താഴ്വാരങ്ങള്‍,
ഉണങ്ങിയ മരം പോലെ
വരണ്ടതൊലി....
അവളുടെ നിമ്ന്നോതങ്ങളില്‍
വിഷംനിറച്ച കാരമുള്ളുകള്‍
ഉണ്ടാവണം.
ആസക്തിമൂത്ത്,
കടന്നു പിടിക്കുന്ന
കീചകന്റെ തലവെട്ടാന്‍
ഉരുക്കുഹൃദയവും വേണം.