Friday, November 11, 2011

കണ്ണടവച്ച സൗഹൃദം.



എനിക്ക് കുറെ സൌഹൃദങ്ങളുണ്ട്.
പലതും കണ്ണട വെച്ചതാണ്.
ചിലത് അന്ധന്മാരുടെതു മാതിരി.

ചിലവ
ഒരു കണ്ണിന് കോണ്‍വെക്സും
മറ്റേതിന് കോണ്‍കേവും
വളഞ്ഞേ കാണൂ.

ചിലതോ...
വളരെ ഭംഗിയുള്ളത്.
ചിരിച്ചങ്ങനെ നില്‍ക്കും.
എവിടെയാണ് കുഴപ്പം..
തിരിച്ചറിയുക പ്രയാസം.

മറ്റു ചിലവ
കാണാന്‍ ഭംഗിയുണ്ടാവില്ല
എന്നാല്‍ അവയുടെ കാഴ്ച
ആഴത്തില്‍ പതിഞ്ഞിട്ടുണ്ടാവും.
വേര്‍തിരിച്ചെടുക്കല്‍
സാധ്യവും.

എന്തായാലും ഒരു കണ്ണട,
എനിക്കും തിരഞ്ഞെടുക്കണം.

സമര്‍പ്പണം.



എപ്പോഴാണ്
ആ കണ്ണുകളിലെ തീഷ്ണത
എന്റെ ഹൃദയത്തില്‍ ഉടക്കിയത്..
മിഴികള്‍ എപ്പോഴോ
പുണര്‍ന്നതും,
അഗ്നിസ്ഫുലിന്ഗങ്ങള്‍
ഹൃദയത്തിന്റെ അടിത്തട്ട് വരെ..
ഉള്ളില്‍ പ്രണയത്തിന്റെ ഊഷ്മളത.
പൂത്തിരി കത്തുന്നതുപോലെ,
ഒരു ലഹരി ഉടലാകെ പൊതിയുന്നു.
ഓരോ അണുവിലും
കുതിച്ചെത്തുന്ന രക്തത്തില്‍
പ്രണയമാണോ..

കുറച്ചു ഇണക്കങ്ങളും,
കൂടുതല്‍ പിണക്കങ്ങളും.
ആ പരിഭവ തിളക്കങ്ങളിലും,
നിന്നെ ഞാനറിയുന്നതുപോലെ
വേറെ ആരറിയുന്നു.

നിന്റെ ഓര്‍മകളെ
ഞാന്‍ പുല്കുംപോഴും,
ഓര്‍ക്കുമ്പോഴും
നീ തുമ്മി കണ്ണുനിറയ്ക്കുമോ?
ഏതൊരു നിമിഷമാണ്
പ്രിയനേ..
നിനക്കെന്നില്‍ നിന്ന്
സ്വാതന്ത്ര്യം ലഭിക്കുക..

നിന്റെ തീഷ്ണ പ്രണയനിറങ്ങളില്‍
മുങ്ങി നിവരുവാന്‍
നീയെന്നെ അനുവദിക്കുക.
നിന്റെ ചുടു നിശ്വാസങ്ങളില്‍
ഒരു കുളിര്‍ കാറ്റായ്‌
ഞാനലിയട്ടെ.

നമുക്കായ് മാത്രം
ഋതുക്കള്‍ കറങ്ങട്ടെ..
നിന്റെ പ്രണയ വേഗങ്ങളില്‍,
കൊടും തപം ചെയ്ത്
ഞാനെന്റെ പ്രാണന്
മുക്തി നല്കിക്കൊള്ളാം..

കോപം.



ഇപ്പോഴും കൂടെയുണ്ട്.
ചിലപ്പോള്‍ പുറകെ.
മറ്റു ചിലപ്പോള്‍ മുന്നില്‍
വികൃതശരീരവും,അളിഞ്ഞ മുഖവും.
എപ്പോഴൊക്കെയോ-
തലയുയര്‍ത്തി നോക്കും,
പല്ലിളിച്ചു കാട്ടും.
ഇറക്കി വിടാന്‍ പറ്റില്ല
ഒതുക്കി നിര്‍ത്തുകയെ തരമുള്ളൂ
എന്തിനാണ്
നീയെന്നെ ഇങ്ങനെ
പിന്തുടരുന്നത്..
......................



സംശയം..


പുറകില്‍നിന്നു വിളിക്കരുതെന്ന്
മുത്തശ്ശി പറഞ്ഞിട്ടും
അമ്മേയെന്നലറി വിളിച്ചതുകൊണ്ടാവും
സ്വര്‍ഗ്ഗത്തിലേക്കുപോയ
എന്റമ്മ മടങ്ങി വരാത്തത്.