Wednesday, September 2, 2015

എനിക്കെല്ലാം മറക്കണം




എനിക്കെല്ലാം
മറക്കണം....
പറക്കുന്ന കിനാവിന്റെ
ചിറകറ്റം മുറിക്കണം.
ചിരിക്കുന്ന ചെകുത്താന്റെ 
ശിരശ്ചേദം നടത്തണം. 
ഉയര്‍ത്തിയ ശിരസിന്റെ
കടയ്ക്കിട്ടു ചവിട്ടണം.
തിരിഞ്ഞൊന്നു നോക്കീടുമ്പോള്‍ 
ചിരിക്കുവാന്‍ കഴിയണം. 
തിളയ്ക്കുന്ന വികാരത്തെ
ചതച്ചങ്ങു പഠിക്കേണം.
കൊതിപൂണ്ട കണ്ണുകളില്‍
ശരം കുത്തി, തകര്‍ക്കണം.
ഉയരുന്ന കയ്യുകളെ
തിരിച്ചങ്ങു കറക്കണം.
ചൂണ്ടുന്ന വിരലുകള്‍
മുറിച്ചങ്ങു കളയേണം.
ചിരിക്കണം, ചിരിക്കണം,
അറഞ്ഞങ്ങു ചിരിക്കണം.

Monday, August 17, 2015

പ്രണയമേ ...

പ്രണയമേ
ഞാന്‍ നിന്നെ വലിച്ചെറിയുന്നു ,
വിരഹത്തിന്‍
ചോരപൊടിയുന്നിതെന്കിലും
ലഹരിപോല്‍ നെഞ്ചില്‍ കത്തിപ്പടര്‍ന്നോരാ
മോഹത്തിന്‍ ഊഷ്മള പുളകത്തിന്‍ പൂക്കളെ
ഞെരടിപ്പറിച്ചു ഞാനെന്റെ കിനാവിന്റെ
അഗ്നിക്കനലാല്‍ ചുട്ടു തകര്‍ക്കുന്നു..
തിരിക മടങ്ങിക്കൊള്ളുക നീയിനി
ഒരു നോക്കിനാല്‍ പോലും തിരികെ വിളിക്കില്ല
നീയെനിക്കേകിയ സ്നേഹാര്‍ദ്ര ചിന്തയില്‍
മുഴുകി ഞാന്‍ നീങ്ങട്ടെ, അറ്റം വരേയ്ക്കും

നിന്റെ മൊഴികള്‍

നിന്റെ മൊഴികള്‍
എന്റെ ഹൃദയ ഭിത്തിയില്‍
ആഞ്ഞടിക്കുമ്പോള്‍
ചിതറിത്തെറിക്കുന്നത്
മിഴിനീരല്ല,
തീവ്ര വേദനയുടെ
സുനാമിത്തിരമാലകള്‍
എന്റെ ശരീരത്തെ
തകര്‍ത്തെറിയുന്നതിന്റെ
ബാക്കിപത്രമാണത്.
നീ ഉപേക്ഷിച്ചു പോകുന
ഓരോ വാക്കും
നിന്റെ ആശ്വാസമെങ്കില്‍,
ഈ ദുര്‍ബല ഹൃദയം
വിങ്ങിത്തളരുന്നു.
പ്രിയനേ.., നമുക്കായ്‌
നിന്റെ ഞരമ്പുകളിലൂടെ
എന്റെ ജീവശ്വാസം ഒഴുകട്ടെ...

നിനക്കായ്‌...


കബന്ധങ്ങള്‍ ചിതറിയ
ഓര്‍മ്മകളുടെ പടനിലത്ത്‌
നിന്നോടൊപ്പം ചേര്‍ന്ന് നടക്കുന്നത്
വഴിയിലുപേക്ഷിക്കുവാനല്ല .
നിണമൊഴുകിപ്പരന്ന
നിന്‍റെ ഹൃത്തടങ്ങളില്‍
ഞാന്‍ സ്പര്‍ശിച്ചത്
അര്‍ജുനാ,
എന്റെ പ്രണയത്തിന്റെ
ഔഷധക്കൂട്ടാല്‍
നിന്‍റെ
മുറിവുണക്കാനായിരുന്നു.
ചേരിപ്പോരിന്റെ,
വെറുപ്പിന്റെ
വാള്‍ത്തലപ്പാല്‍
യുദ്ധം മുറുകുമ്പോള്‍
നിന്‍റെ കിനാവിന്റെ
ഉമ്മറത്ത്‌
നിന്നോടൊപ്പം ചരിക്കുവാന്‍
കൊതിക്കുന്ന
കൃഷ്ണയാണ് ഞാന്‍.
യുദ്ധത്തിനൊടുവില്‍
അവശേഷിക്കുന്നത്
നീയും, ഞാനുമെന്ന
സത്യവും.

അദൃശ്യതയുടെ ഭിത്തി..


അമ്മമാര്‍ മരിക്കുകയല്ല,
അദൃശ്യതയുടെ ഭിത്തിമേല്‍
തൂക്കിയിടപ്പെടുകയാണ് .
ആകുലതകളും, ആശങ്കകളും
പിറകോട്ടു വലിച്ചിട്ടും,
കരുതലും, സ്നേഹവും
കൊണ്ടുപോകരുതേ
എന്നാര്‍ത്തുവിളിച്ചിട്ടും
കൊണ്ടുപോകപ്പെടുകയാണ്.
ആശ്രയമറ്റ കണ്ണുകള്‍
അവരെ വഴിനീളെ
അലട്ടിക്കൊണ്ടിരിക്കും .
മോളെ എന്നൊരു നിലവിളി
തൊണ്ടയില്‍ കുരുങ്ങിക്കിടപ്പുണ്ടാവും
ഇഹലോകത്തില്‍
മകളെ ചേര്‍ത്തുനിര്‍ത്താന്‍
കരുത്തുറ്റ ഒരു കരം
വരാനില്ലെന്നറിഞ്ഞിട്ടും ,
പിച്ചിച്ചീന്തുവാന്‍ തെരുവുകള്‍
കെണിയൊരുക്കുന്നതറിഞ്ഞിട്ടും
പറിച്ചെടുക്കപ്പെടുകയാണ്.
എങ്കിലും
കണ്ടു കൊതിതീരാത്ത
രണ്ടു കണ്ണുകളില്‍
തണുത്തചുണ്ടുകള്‍ ചേര്‍ത്ത്‌,
അദൃശ്യതയുടെ നിറസാന്നിധ്യമായ്‌
അമ്മയുണ്ടാവും...

Saturday, July 25, 2015

ജീവിതം...


മനസ്സില്‍ നിന്നും
വഴുതിച്ചാടുന്നുണ്ട്
പിടി മുറുകാത്ത
ചിന്തകള്‍
 

ഇറങ്ങിപ്പോയാലും
അസമയത്ത്
തിരിച്ചു കയറിവരും
നാശങ്ങള്‍
 

ഇറക്കിവിടാന്‍ ശ്രമിച്ചാലും
അള്ളിപ്പിടിച്ചു കിടക്കും,
പോകരുതെന്ന് ആശിക്കുന്ന
ചിന്തകള്‍ക്കുമേലെ...
ഓര്‍മ്മച്ചിതയില്‍
നീറിപ്പിടഞ്ഞങ്ങനെ
പുകഞ്ഞു പുകഞ്ഞ്
കത്തിത്തീരാതെ....

Wednesday, July 8, 2015

എനിക്കൊന്നു പെയ്യണം....


ഹൃത്തിന്‍ മുനമ്പിലൂ-
ടിറ്റിറ്റു പായുന്ന
മേഘക്കറുപ്പിനെ ,
നെഞ്ചിലെ വിങ്ങലില്‍
തുള്ളിത്തുളുമ്പുന്ന,
ചോരപോടിഞ്ഞോരാ
നീറുന്ന സ്വപ്നത്തെ,
ഉഷ്ണപ്പുകച്ചിലില്‍
വെന്തു വരണ്ടിറ്റു-
നീരിന്റെ സ്പര്‍ശനമില്ലാതെ
വാടുന്ന മോഹപ്പിടപ്പിനെ,
വാരിപ്പിടിച്ചാര്‍ത്തു പെയ്തു
തണുക്കണം..,
പേമാരിപോല്‍ നിന്റെ
മാറില്‍ക്കുതിച്ചാര്‍ത്തു-
വീഴണം, പിന്നെയാ
സ്നേഹത്തണുപ്പിന്ന-
ഗാധതയെ പുല്‍കി,
ഞാനാര്‍ദ്രയായ്‌ നിദ്രയെ
പുല്‍കിക്കിടക്കട്ടെ.....

ഗ്രാമ വിശുദ്ധി.....


ഹാഫ്‌ സാരി ഉടുത്ത്
കാച്ചെണ്ണ പുരട്ടിയ
ഈറന്‍ മുടിയില്‍
തുളസിക്കതിര്‍ ചൂടി
ഗ്രാമ നൈര്‍മല്യം
അമ്പലത്തിലേക്ക്.
ഗ്രാമവിശുദ്ധിയുള്ള
പെണ്‍കുട്ടിക്ക് വേണ്ടി
മുറവിളികൂട്ടുന്ന
ആധുനിക കവി
അവളെ കണ്ടില്ലെന്നു നടിച്ചു.
അല്പം നടന്നു
തിരിഞ്ഞു നോക്കിയ
ഗ്രാമ വിശുദ്ധി കണ്ടത്‌
ജീന്‍സും ടോപ്പും
ലിപ്സ്ടിക്കും, ഫെതര്‍ കട്ടും
ചെയ്ത
സുഗന്ധം വാരിപ്പൂശിയ
നാഗരികതയെ
കൊതിയോടെ
നോക്കുന്ന കവിയെ
പിന്നീടൊരുദിവസം
അവള്‍ കണ്ടു
ലോവേസ്റ്റ്‌ ജീന്‍സും,
നീട്ടിവളര്‍ത്തിയ മുടിയുമായി
ഫ്രീക്കന്‍ ഭ്രാന്തനെപ്പോലെ
നാഗരികതയുടെ പിന്നാലെ
ആ പഴയ കവി .
കണ്ണില്‍നിന്നുതിര്‍ന്ന
രണ്ടുതുള്ളി കണ്ണുനീര്‍
ഗ്രാമത്തിന് ബലിയര്‍പ്പിച്ച്ച്
അവളും പരിഷ്കാരിയായി ,
പുതിയ കവിയെ തേടിയിറങ്ങി .

അമ്മ...


ജ്വരക്കിടക്കയില്‍
കറുത്തരാത്രികള്‍
കരിമ്പടങ്ങളാല്‍
പുതച്ചുമൂടവേ
വിറച്ചു പൊങ്ങുന്ന
കനച്ച സ്വപ്‌നങ്ങള്‍
മനസിനുള്ളിലായ്‌
പുളഞ്ഞു നീന്തുന്നു
തുറിച്ച കണ്ണുകള്‍
വിടര്‍ന്ന ദംഷ്ട്രകള്‍
കുനിഞ്ഞമരുന്നു
കഴുത്തിനാഴത്തില്‍..
പിടച്ചുരുണ്ടു ഞാ-
നലറി മാറുവാന്‍
കഴിഞ്ഞതില്ലയെന്‍
സ്വരമമര്‍ന്നുപോയ്
നനുത്ത ചുണ്ടുക-
ളമര്‍ന്നു നെറ്റിയില്‍
"പനിച്ചുവോ"യെന്നോ-
രലിഞ്ഞ ചോദ്യവും..
തുറന്ന കണ്‍കളില്‍
പതിഞ്ഞോരാമുഖം
മൃദുല ചുംബനം
കുളിര്‍മ്മയേകുമ്പോള്‍
കുറുനിരമെല്ലെ യൊതുക്കി
എന്നെയൊന്നമര്‍ത്തി, ചേര്‍ത്തമ്മ
മൊഴിഞ്ഞു മെല്ലവേ
"ഭയപ്പെടേണ്ട"ഞാ-
നരികിലുണ്ടല്ലോ...

Tuesday, April 14, 2015

ജീവിതം

അമ്മയുടെ കണ്ണ് വെട്ടിക്കാന്‍ സ്വല്പം പ്രയാസം തന്നെ. ഇടയ്ക്കിടെ അമ്മയുടെ കണ്ണുകളിലെ തീഷ്ണത കള്ളത്തരം കണ്ടുപിടിക്കുമോ എന്ന് ഭയപ്പെട്ടു.

"നീ എവിടെയായിരുന്നു അജോയ്..? "
"അമ്മേ.... ഞാന്‍ ക്ലബില്‍..."
"ഉം... കേറിപ്പോ..."

അമ്മയ്ക്ക് ഒരുമ്മ കൊടുക്കാന്‍ തോന്നി അജുവിന്. അല്ലെങ്കില്‍ വേണ്ടാ. അമ്മയ്ക്ക് സംശയം തോന്നണ്ടാ.

അജോയ് പോകുന്നത് നോക്കി നിന്ന ഊര്‍മ്മിളയ്ക്ക് നേരിയ ആശങ്ക തോന്നി. അവന്‍ ഇപ്പോള്‍ സ്ഥിരമായി പുറത്തുപോയി വൈകിയാണ് വരുന്നത്. വന്നാല്‍ ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാറില്ല. നേരെ കിടപ്പുമുറിയില്‍ പോയി കതകടയ്ക്കും. പഠനത്തില്‍ വല്ലാതെ ഉഴപ്പുന്നുണ്ടോ എന്നും സംശയം. ആശങ്കകള്‍ പങ്കുവെക്കാന്‍ ആരുമില്ലല്ലോ. അവന്റെ അച്ഛനോട് പറഞ്ഞാല്‍ തീര്‍ന്നു.. ക്ഷിപ്ര കോപിയായ അദ്ദേഹം കാര്യങ്ങള്‍ വഷളാക്കികളയും...

ഊര്‍മ്മിളയ്ക്ക് കണ്ണുനിറഞ്ഞു.വളരെ വാല്‍സല്യത്തോടെ വളര്‍ത്തുകയാണ് അജുവിനെ. ഒറ്റ മകന്‍. പഠനത്തില്‍ അതിസമര്‍ത്ഥന്‍. എന്തൊക്കെ പ്രതീക്ഷകളാണ് അവനില്‍ ഉള്ളത്.. 

അജുവിനു കിടന്നിട്ട് ഉറക്കം വന്നില്ല. തെറ്റാണോ ചെയ്യുന്നത്.. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ബിയര്‍ രുചിച്ചു നോക്കുന്നത്. ആ കവര്‍പ്പു കലര്‍ന്ന പാനീയത്തിന് എന്തത്ഭുതം സൃഷ്ടിക്കാന്‍ കഴിയും എന്നവനു മനസിലായില്ല. എന്നാല്‍ പിറ്റേന്നും കഴിക്കാന്‍ തോന്നി. അങ്ങനെ പലതവണ. ഇപ്പോള്‍ ബിയര്‍ അവനെയല്ല, അവന്‍ ബിയറിനെ കാത്തിരിക്കാന്‍ തുടങ്ങി.

പിറ്റേന്ന് അല്പം വൈകിയാണ് അവന്‍ ഉറക്കമുണര്‍ന്നത്. സുഹൃത്തിനു ലൈന്‍ ഒത്തു വന്നതിന്റെ ആഘോഷമായിരുന്നു ഇന്നലെ. അവളെ എങ്ങനെ വളച്ച് മുതലാക്കാം എന്ന് കൂട്ടുകാരനെ ഉപദേശിക്കുന്നവരുടെ കൂട്ടത്തില്‍ ഇരുന്ന് "കഴിച്ചത്" അല്പം കൂടിപ്പോയി.

അവന്‍ വേഗം കുളിച്ചു റെഡിയായി ഭക്ഷണം കഴിച്ച് സ്കൂളിലേക്ക് പുറപ്പെട്ടു.
ഊര്‍മ്മിള അന്ന് ഓഫീസില്‍ പോയില്ല.ബെഡ് റൂമില്‍ ഒന്ന് പരതി. മുറി അലങ്കോലപ്പെട്ടു കിടക്കുന്നു. അടുക്കും, ചിട്ടയും ചര്യയാക്കി കൊണ്ടുനടന്നവനാണ്.പുസ്തകങ്ങള്‍ ചിലത് താഴെ കിടക്കുന്നു. മേശ തുറന്നു നോക്കിയപ്പോള്‍ കണ്ട ചില മാഗസിനിലെ ചിത്രങ്ങള്‍ അവരില്‍ അറപ്പുളവാക്കി.മുഷിഞ്ഞു നാറിയ തുണികള്‍ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നു.
അവന്‍ തുണിയും കഴുകാറില്ലേ.... ഇതുവരെ ഒന്നും അവനോടു പറഞ്ഞു ചെയ്യിപ്പിക്കേണ്ടി വന്നിട്ടില്ല. ഒന്നിനും ആശങ്കപ്പെടേണ്ടിയും വന്നിട്ടില്ല. അവര്‍ കാലുകൊണ്ട് ആ തുണി അല്പം നീക്കി. ഒരു ശബ്ദം കേട്ടു നോക്കിയപ്പോള്‍ കണ്ടത് രണ്ട് ബിയര്‍കുപ്പികള്‍ .

എത്ര നാളായി അവന്‍ ഇത് തുടങ്ങിയിട്ട്...ഊര്‍മ്മിളയ്ക്ക് സങ്കടം അടക്കാനാകുന്നില്ല. മകനുവേണ്ടി ജീവിക്കുകയാണ് അവന്റെ അച്ഛന്‍. യാതൊരു ദുശീലവും അദ്ദേഹത്തിനില്ല. അദ്ദേഹം ഇതറിഞ്ഞാല്‍.. 

ഊര്‍മ്മിളയ്ക്ക് പെട്ടന്ന് അമ്മയെ കാണണം എന്ന് തോന്നി. വല്ലാത്ത ഒരു നഷ്ടബോധം, നിരാശ എല്ലാം അവരെ ബാധിച്ചു. തന്റെ മടിയില്‍ കിടന്നു കൊഞ്ചി കരഞ്ഞും, ചിരിച്ചും, കൈപിടിച്ചും തന്റെ കണ്മുന്നിലൂടെ വളര്‍ന്ന കുഞ്ഞ്...... 

അമ്മയെ ഫോണില്‍ വിളിച്ച് ഊര്‍മ്മിള ഉറക്കെ കരഞ്ഞു. സങ്കടങ്ങളും പരാതികളും ഒക്കെ അവള്‍ അമ്മയുമായി പങ്കുവെച്ചു. അമ്മയുടെ ഉപദേശം അനുസരിച്ച് അജുവിന്റെ സ്കൂളില്‍ നിന്നും, ഊര്‍മ്മിളയുടെ ഓഫീസില്‍ നിന്നും രണ്ടാഴ്ചത്തെ അവധിയെടുത്ത് ഊര്‍മ്മിളയുടെ സ്വന്തം സ്ഥലമായ കഴക്കൂട്ടത്തേക്ക് പോകാന്‍ തീരുമാനിച്ചു. അമ്മവീട്ടില്‍ പോകുന്നത് അജുവിനു പ്രിയങ്കരമാണ്. സ്നേഹനിധിയായ അമ്മൂമ്മ, മാമന്മാര്‍, കസിന്‍സ്‌..എന്നാല്‍ ഇപ്പോള്‍ അവന്‍ എതിര്‍ത്തു. അവന് ഒരാഴ്ച മാറിനില്‍ക്കാന്‍ വയ്യ.
ശാസനയോടെ സമ്മതിപ്പിച്ച് ഊര്‍മ്മിള അജുവുമായി കഴക്കൂട്ടത്തെത്തി. അമ്മയുമായി ആലോചിച്ച്, ഊര്‍മിള അവനുമായി ഒരു യാത്ര പുറപ്പെട്ടു. ബന്ധുക്കളെ കുറച്ചു പേരെ സന്ദര്‍ശിച്ചിട്ട് അവര്‍ ഒരു പരിചയക്കാരനെ കാണാന്‍ വേണ്ടി RCCയില്‍ എത്തി. അയാളെ കണ്ടു സംസാരിച്ചതിനു ശേഷം ,കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വിഭാഗത്തിലൂടെ അവര്‍ അവനെയും കൂട്ടി നടന്നു. തീരെ ചെറിയ കുട്ടികള്‍ മുതല്‍ വായ മൂടിക്കെട്ടിയും, തല മൊട്ടയടിച്ചും അവിടെയുണ്ട് . അസുഖത്തെ കുറിച്ച് ഒന്നുമറിയാത്ത കുരുന്നുകള്‍ അമ്മമാരുടെ മടിയിലിരുന്ന് കളിക്കുന്നു. ചിലര്‍ അമ്മമാരുടെ മാറില്‍ തളര്‍ന്നു മയങ്ങുന്നു. ദുഃഖം ഖനീഫവിച്ച്, നിറകണ്ണുകളുമായി മക്കളെ ചേര്‍ത്തുപിടിച്ചിരിക്കുന്ന മാതാക്കളെ കണ്ട് അജുവിന് പൊട്ടിക്കരയാന്‍ തോന്നി. അവന്‍ അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചു.


തൊട്ടപ്പുറത്ത് അന്നനാളത്തില്‍ കാന്‍സര്‍ വന്ന 18 വയസുകാരന്‍, പേക്കോലം പോലെ തോന്നിച്ചു. പതിനാലു വയസില്‍ തുടങ്ങിയ മദ്യപാനവും, തമ്പാക്കും കൊണ്ടെത്തിച്ചതാണ് അവനെ ഇവിടെ. അവന്റെ അമ്മ അവന്റെ നെഞ്ച് തിരുമ്മിക്കൊടുക്കുന്നു.മരണത്തെ മുഖാമുഖം കണ്ടുകിടക്കുന്ന ആ ചെറുപ്പക്കാരന്റെ പ്രകാശമറ്റ കണ്ണുകള്‍ അജുവില്‍ നടുക്കമുണ്ടാക്കി. ആ അമ്മയുടെ കരച്ചില്‍ അവന്റെ നെഞ്ചകം പൊള്ളിച്ചു. അലറിക്കരഞ്ഞുകൊണ്ട് അവിടെ നിന്നുമിറങ്ങിയോടുവാന്‍ അജു ആഗ്രഹിച്ചു.

"അമ്മേ....... " ഇടറിയ ശബ്ദത്തില്‍ അജു വിളിച്ചു. "മതിയമ്മേ... എനിക്കെല്ലാം മനസിലായി. അമ്മയ്ക്ക് എല്ലാം മനസിലായി എന്നും എനിക്കറിയാം. ഞാന്‍ ഇനി ഒരിക്കലും തെറ്റ് ചെയ്യുകയില്ല.എന്റമ്മയെ ഇനി ഒരിക്കലും ഞാന്‍ വിഷമിപ്പിക്കുകയല്ല. സത്യം അമ്മേ... "

സങ്കടം കൊണ്ട് തളര്‍ന്നുപോയ അമ്മയെ ചേര്‍ത്തുപിടിച്ച് തിരിഞ്ഞുനടക്കുമ്പോള്‍ അജോയ് എന്ന പതിനേഴുകാരന്‍ തന്റെ തീരുമാനം മനസ്സില്‍ അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. തന്റെ ജീവിതം ഇനി അമ്മയ്ക്ക് വേണ്ടി...., അച്ഛന് വേണ്ടി.., സമൂഹത്തിനു വേണ്ടി...

Saturday, February 7, 2015

അച്ഛന്‍ എന്ന അപ്പൂപ്പന്‍

അച്ഛന്റെ പേരെന്ന കോളത്തിലാദ്യമായ്‌
അക്ഷരം ഒന്നു വിറച്ചു
ഇറ്റിറ്റുവീഴുന്ന കണ്ണുനീരാലവള്‍
ആ നൊമ്പരം പൂഴ്ത്തിവെച്ചു


അച്ഛനില്ലാതെ ജനിച്ചവള്‍....
കോളത്തില്‍ അക്ഷരക്കൂട്ട്‌ ചിതറി
കുഞ്ഞു വിരലുകള്‍ അപ്പോഴും അമ്മതന്‍
കണ്ണീരിനുപ്പു രുചിച്ചു


നീറുന്ന നെഞ്ചിന്‍ പിടച്ചിലിലൂടവള്‍
ചതുരക്കളങ്ങളില്‍ തൊട്ടു
വിറയ്ക്കും വിരലുകള്‍ മെല്ലെ ചലിച്ചതി-
ലക്ഷരം കുത്തി നിറച്ചു


അച്ഛന്റെ പേരുതന്നപ്പൂപ്പനാകുമ്പോള്‍
ആരെപ്പഴിക്കും കുരുന്ന്
അമ്മമിഴികള്‍ നിറഞ്ഞോഴുകുമ്പോഴാ
കുഞ്ഞു മിഴിയും നിറയും...


നാളെയവളുടെ പൈതൃകം കൈചൂണ്ടി
അലറിപ്പിടച്ചു നില്‍ക്കുമ്പോള്‍
അന്തിച്ചുനില്‍ക്കുന്ന കൊച്ചു കനവുകള്‍
നൊമ്പരം പൂണ്ടു കരയും


ഇരുകാലിലൊരുജന്മം നാല്‍ക്കാലിയാകുമ്പോള്‍
പെണ്ണുടല്‍ പൊള്ളിപ്പിടയും
ജീവിതപ്പാതയിലൊറ്റയ്ക്കു നീങ്ങുമ്പോള്‍
താങ്ങിനായ്‌ കാണുമോ ദൈവം..