Thursday, January 24, 2013

ബുദ്ധി.


മിണ്ടാതിരിക്കുന്നതാണ് ഭംഗി.
ഒരു വശത്ത്
പേറ്റുനോവിന്റെ
കണക്ക് പറഞ്ഞുപറഞ്ഞ്
ഉമിനീര് വറ്റിയിട്ടും,
ഉറവ വറ്റാത്ത കണ്ണുകള്‍.
മറു വശത്ത്
ലാഭ നഷ്ടങ്ങളുടെ
കണക്കെടുപ്പ് നടത്തി,
നഷ്ടം മാത്രമെന്ന്-
വിലയിരുത്തി
നല്ല പാതി.

നിസ്സംഗതയുടെ
പേറ്റന്റ് തനിക്കെന്ന മട്ടില്‍
പാളവിശറി വീശി
ഈച്ചയെ ഓടിക്കുന്നു
ആയുധ നഷ്ടപ്പെട്ട
സൈന്യാധിപന്‍.

ടി വിയിലും, കമ്പ്യൂട്ടറിലും
ജീവിതം തിരയുന്ന
മകന്‍...
കറന്റുപോയാല്‍
മയക്കുമരുന്നിന-
ടിമപ്പെട്ടവനെപ്പോലെ
ചേഷ്ടകള്‍.

എല്ലാം കണ്ടിട്ടും
ഒന്നും മനസിലാകാതെ
ഞാനും.
മിണ്ടാതിരിക്കുന്നത്
തന്നെയാണ് ബുദ്ധി.

Thursday, January 17, 2013

എന്റെ മകനോട്‌


മകനേ...
അമ്മ ചെല്ലുന്നത് കേള്‍ നീ
അനിയത്തിയിതു-
നിന്റെ കൂടപ്പിറപ്പ്.
നിന്റെ ജീവന്റെ,
രക്തത്തിന്റെ,
മജ്ജയുടെ,
പ്രജ്ഞയുടെ നേര്‍പകുതി...
അണയാതെ കാക്കണം
നീയീ പൊന്‍വിളക്കിനെ..

അപ്പുറത്തായ്‌ നില്‍പ്പൂ
അവളും, നിന്റെ പെങ്ങള്‍...
ശരീരം മാത്രമല്ലതവളില്‍
മനസുണ്ട്,
വികാരമുണ്ട്,
സ്നേഹമുണ്ട്,
ത്യാഗമുണ്ട്,
ദയയുണ്ട്...

നിന്റെയീ
കരുത്തുറ്റ കൈകള്‍,
ദൃഡമാര്‍ന്ന ശരീരം,
ചപലമാകാത്ത വികാരം
നയിക്കട്ടെ ലോകം.

Thursday, January 10, 2013

യുദ്ധം




നീ
ഒരു യുദ്ധക്കളത്തിലാണ്.
കയ്യില്‍ ആയുധങ്ങള്‍
ഒളിപ്പിച്ചു പിടിച്ചും,
നിന്ദയുടെ 
കൂര്‍ത്ത ശരങ്ങള്‍
ഇടയ്ക്കിടെ വര്ഷിച്ചും.

ചിലപ്പോള്‍ നീ,
കൌരവ പക്ഷത്തും,
മറ്റു ചിലപ്പോള്‍
പാണ്ഡവ പക്ഷത്തും.
ശിഖണ്ടിയെ
മുന്നില്‍ നിര്‍ത്തി,
നീ വര്‍ഷിക്കുന്ന-
വാക്ക്‌ ശരങ്ങള്‍
പ്രതിരോധിക്കാനാവാതെ
ഞാന്‍ നിസ്സഹായനാകുന്നു.

ചോരയൊഴുക്കങ്ങള്‍
ഭയന്ന്,
തുറിച്ച കണ്ണുകളുമായി,
രണ്ടാത്മാക്കള്‍
ഒഴുകി നടക്കുന്നു.
ഞാന്‍
മൌന വാല്മീകത്തിലും.