Saturday, July 2, 2011

കടല്‍



കണ്ണുകളില്‍ രൌദ്ര ഭാവം
നീലിച്ച ചുരുള്‍മുടികള്‍
ആഞ്ഞിളകുന്നു
സീല്‍ക്കാര ശബ്ദം
അലര്‍ച്ചയായ് മാറുന്നു
പാറകളില്‍
ശിരസ്സാഞ്ഞടിച്ച്,
ആര്‍ത്തട്ടഹസിക്കുന്നു
അവള്‍,
സ്വന്തം ഹൃദയരക്തം
ഊറ്റിക്കൊടുത്ത
ത്യാഗത്തിന്റെ പര്യായം
പീഡനങ്ങള്‍
നിശ്ശബ്ദമേറ്റുവാങ്ങി
ഒടുവില്‍
മഹാ വിസ്ഫോടനമായ്
എല്ലാം തകര്‍ത്ത്
ആയിരം കൈകളാല്‍
വാരിവിഴുങ്ങി
അലറിത്തിമിര്‍ത്ത്,
ജീവന്റെ അവസാന കണികയും
തൂത്തെറിഞ്ഞ്
താണ്ഡവമാടി...
ഒടുവില്‍ തളര്‍ന്നു,
കിതപ്പാറ്റി
ശാന്തയായൊരു മടക്കം.
വീണ്ടും
നീലക്കണ്ണുകളില്‍
മദാലസ ഭാവം.
ആഴികളും, ചുഴികളും
നിഗൂഡതകളില്‍ഒളിപ്പിച്ച്
അവള്‍ മയങ്ങുന്നു,
ശാന്തയായി.

ഇരുട്ട്



ഇരുട്ടാണ്‌
മനസ്സില്‍
കട്ടപിടിച്ച ഇരുട്ട്.
പറിച്ചെറിയാന്‍ ശ്രമിച്ചിട്ടും
പോകാതെ.

ഇരുട്ടിന്
ആത്മാവുണ്ടോ
ഉണ്ടാവും
അല്ലെങ്കില്‍
എന്താണിങ്ങനെ..

എന്റെ
നെടുവീര്‍പ്പുകള്‍
ശകാരങ്ങള്‍
മോഹങ്ങള്‍
മോഹഭംഗങ്ങള്‍
എല്ലാം സ്വീകരിച്ച്..

അന്ന്
സ്വപ്‌നങ്ങള്‍
പങ്കുവെച്ച്,
സ്നേഹിച്ച
ആ ഇരുട്ടിനെ കുറിച്ചല്ല,
എന്നെ
അഗാധ ഗര്‍ത്തത്തിലേക്ക്
വലിച്ചു താഴ്ത്തുന്ന,
നാലുകൈകള്‍ കൊണ്ടും
വരിഞ്ഞു മുറുക്കി,
കണ്ണ് തുറക്കാന്‍
അനുവദിക്കാതെ
ഓര്‍ക്കാനിഷ്ട്ടപ്പെടാത്ത
പലതും
തിരുകിക്കയറ്റുന്ന,
ശ്വാസം മുട്ടിപ്പിക്കുന്ന
ആ ഇരുട്ടിനെക്കുറിച്ചാണ്
ഞാന്‍ പറയുന്നത്.

എനിക്കിത് വയ്യ.
ഞാന്‍ സ്നേഹിച്ച,
എന്നെ സ്നേഹിച്ച
പഴയ ഇരുട്ടിനെ
എനിക്ക് തിരിച്ചു വേണം.

വിഷപ്പാമ്പ്



സന്ധ്യയ്ക്ക്
കുറ്റിക്കാട്ടില്‍
കണ്ട അനക്കം
വിഷപ്പാമ്പുകള്‍
മാറാടുന്നതാണെന്ന്
ആരോ പറഞ്ഞു.
അമ്പലക്കാവാണ്
ശുദ്ധിയില്ലാത്തവര്‍
അരികെ പോകരുത്
എത്തിനോക്കാന്‍ തുനിഞ്ഞ
പെണ്‍കുട്ടിയെ
തള്ളിമാറ്റി മുത്തശ്ശി

എന്നിട്ടും
മനസിനെന്തേ
ഒരു വിമ്മിട്ടം..

അമ്പലക്കാവില്‍
വീരഭദ്രന്റെ
അട്ടഹാസം കേള്‍ക്കുന്നുവോ ..
കുങ്കുമം വാരിപ്പൂശി
ഭദ്രകാളി
അലറുന്നുവോ

പിറ്റേന്ന്
അമ്പലക്കാവില്‍
വിഷബാണമേറ്റ്
തെറിച്ചുവീണ
ചോരപ്പൂക്കള്‍,
കാവിലെ
പൊട്ടക്കിണറ്റില്‍
നാലുവയസുകാരിയുടെ
ജഡം

കാക്കിയിട്ട
ഭൂതഗണങ്ങള്‍ക്കു
നടുവില്‍
മാറാടിയ
വിഷപ്പാമ്പുകളിലൊന്നു
കയ്യില്‍ വിലങ്ങുമായി..

കണ്ടകശനി



ഇപ്പോള്‍
കണ്ടകശനിയാണെന്ന്
തിരുമേനി
പറഞ്ഞതു കേട്ടാണ്
അവള്‍ പ്രശ്നക്കാരനെ
വരുത്തിയത്.

കവടി നിരത്തി
പ്രശ്നങ്ങള്‍ പ്രവചിച്ച്
അയാള്‍
പ്രശ്നവിധി ചര്‍ച്ച ചെയ്യാന്‍
ഫോണ്‍നമ്പറും
വാങ്ങി.

പ്രശ്ന വിധി സംസാരിച്ച്
ദിവസങ്ങള്‍ കടന്നുപോയ്
ഒരു ദിവസം
അയാളുടെ ഭാര്യ
ഭദ്രകാളിയേപ്പൊലെ
അവളുടെ മുന്നില്‍ വന്ന്
അട്ടഹസിച്ചപ്പോഴാണ്
തന്റെ ശനി ദോഷത്തിന്റെ ആഴം
അവള്‍ക്കു മനസിലായത്.

ഞാന്‍ തനിച്ചായിരുന്നു...



എവിടെയും
ഞാന്‍ തനിച്ചായിരുന്നു ..

നടന്നു തീര്‍ത്ത പാതകള്‍
കയറിത്തീര്‍ത്ത
കുന്നുകള്‍
ഓടിക്കയറിയ
പടികള്‍

എപ്പോഴോ
കടന്നുപോയ ബാല്യം
എവിടെയോ
നൊമ്പരമുണര്‍ത്തുന്ന
ഓര്‍മ്മകള്‍
കണ്ണു നീരുണങ്ങാത്ത
സന്ധ്യകള്‍,
നെടുവീര്‍പ്പുകള്‍
ഇരുട്ടിനെ ഭയപ്പെട്ട്
ഉറങ്ങാതിരുന്ന
രാത്രികള്‍

എവിടെയും
ഞാന്‍ തനിച്ചായിരുന്നു ..

പ്രണയം
പകര്‍ന്ന സുഖം
തനിച്ചല്ലന്നൊരു
തോന്നല്‍
നൈമിഷികമായ്‌
തീര്‍ന്നപ്പോഴും,
ഇരുട്ടിന്റെ മാറില്‍
മുഖമമര്‍ത്തി
തേങ്ങിയപ്പോഴും

എവിടെയും
ഞാന്‍ തനിച്ചായിരുന്നു ..

ക്ഷണികമായ
ജീവിതക്കുപ്പായം
അഴിച്ചുവെച്ച്
മണ്ണിലേക്കമരുമ്പോള്‍,
അപ്പോഴും
ഞാന്‍
തനിച്ചാണ്.

ആധുനിക കുറുക്കന്മാര്‍



മുട്ടനാടുകളെ
തമ്മില്‍ഇടിപ്പിച്ചു
തല തല്ലിക്കീറി
ചോരകുടിക്കാന്‍
കാത്തിരിക്കുന്ന
ആധുനിക കുറുക്കന്മാര്‍
അലക്കിത്തേച്ച
മുണ്ടും ഷര്‍ട്ടുമായി
വെളുക്കെ ചിരിച്ചുകൊണ്ട്
അണികളെ
തമ്മിലടിപ്പിച്ചു
ചോര കുടിക്കുന്നു.

വെളുത്ത ചിരിയില്‍
മയങ്ങിയ
മുട്ടനാടുകള്‍
പെറ്റമ്മയെ,
പോറ്റമ്മയെ മറന്ന്
കുറുക്കന്മാര്‍ക്കു കുടിക്കാന്‍
തമ്മില്‍ തല്ലി
ചുടുചോര വീഴ്ത്തുന്നു.

കുറുക്കന്മാര്‍
പ്രകടന പത്രിക
എന്നപേരില്‍ കുറേ
കടലാസുകഷണങ്ങള്‍
മുട്ടനാടുകള്‍ക്ക് നേരെ
വലിച്ചെറിയുന്നു.
അതുകണ്ട്
പിന്നാലെയെത്തുന്ന
മുട്ടനാടുകളും
തമ്മിലടിക്കുന്നു.

കുഞ്ഞു മുട്ടനാടുകള്‍
ക്ലാസ്‌ മുറികളില്‍
തമ്മില്‍ തല്ലിന്റെ
പുതിയ പാഠങ്ങള്‍
അഭ്യസിക്കുന്നു.

ഇത് പതിവാണെന്നും
പാലം കുലുങ്ങിയാലും
കേളന്‍ കുലുങ്ങില്ലെന്നും
പൊതുജനം.