Thursday, March 30, 2017

നഷ്ടപ്പെടുന്നത് ...


നഷ്ടപ്പെടുന്നത്
ഇഷ്ടത്തോടെ അടുക്കിച്ചേർത്തവ.
വലിച്ചെറിഞ്ഞു കളഞ്ഞത്
അടുക്കും ചിട്ടയുമില്ലാതെ,
വീണ്ടും തിരികെ..

നീ
എന്റെ നഷ്ടമാകുമ്പോൾ
നിന്നിലൂടെ ഞാനടുക്കിയുറപ്പിച്ചവ
കണ്മുന്നിലൂടെ മാഞ്ഞുമാഞ്ഞ്..,
തിരിച്ചു പിടിക്കുവാൻ കഴിയാതെ...

നമ്മൾ
പരസ്പരം നഷ്ടപ്പെടുമ്പോൾ
കൂട്ടിവെച്ചതും , അടുക്കിവെച്ചതും
തായ്‌വേരുകളിളക്കി, ആടിയുലഞ്ഞ്
നിലം പതിക്കുന്നതിനു മുൻപ്..

അവസാനശ്വാസം നഷ്ടപ്പെടുന്നതിനു മുമ്പ്
എന്റെ ഓർമകളെ തിരികെ നൽകുവാൻ ...
ഒരിക്കൽക്കൂടി നീ എന്നെ-
ചേർത്തുനിർത്തുമോ..

അച്ഛന്‍ എന്ന അപ്പൂപ്പന്‍.



അച്ഛന്റെ പേരെന്ന കോളത്തിലാദ്യമായ്‌
അക്ഷരം ഒന്നു വിറച്ചു
ഇറ്റിറ്റുവീഴുന്ന കണ്ണുനീരാലവള്‍
ആ നൊമ്പരം പൂഴ്ത്തിവെച്ചു

അച്ഛനില്ലാതെ ജനിച്ചവള്‍....
കോളത്തില്‍ അക്ഷരക്കൂട്ട്‌ ചിതറി
കുഞ്ഞു വിരലുകള്‍ അപ്പോഴും അമ്മതന്‍
കണ്ണീരിനുപ്പു രുചിച്ചു

നീറുന്ന നെഞ്ചിന്‍ പിടച്ചിലിലൂടവള്‍
ചതുരക്കളങ്ങളില്‍ തൊട്ടു
വിറയ്ക്കും വിരലുകള്‍ മെല്ലെ ചലിച്ചതി-
ലക്ഷരം കുത്തി നിറച്ചു

അച്ഛന്റെ പേരുതന്നപ്പൂപ്പനാകുമ്പോള്‍
ആരെപ്പഴിക്കും കുരുന്ന്
അമ്മമിഴികള്‍ നിറഞ്ഞോഴുകുമ്പോഴാ
കുഞ്ഞു മിഴിയും നിറയും...

നാളെയവളുടെ പൈതൃകം കൈചൂണ്ടി
അലറിപ്പിടച്ചു നില്‍ക്കുമ്പോള്‍
അന്തിച്ചുനില്‍ക്കുന്ന കൊച്ചു കനവുകള്‍
നൊമ്പരം പൂണ്ടു കരയും

ഇരുകാലിലൊരുജന്മം നാല്‍ക്കാലിയാകുമ്പോള്‍
പെണ്ണുടല്‍ പൊള്ളിപ്പിടയും
ജീവിതപ്പാതയിലൊറ്റയ്ക്കു നീങ്ങുമ്പോള്‍
താങ്ങിനായ്‌ കാണുമോ ദൈവം..