Thursday, May 5, 2011

ഹിതേന്ദ്രനോട്....



മഴയൊഴിഞ്ഞാ-
കാശംപോലെ
ശാന്തമാണിന്നെന്‍ മനം
തപിക്കുന്ന
നോവുകളില്ല,
സങ്കടക്കടലില്ല.

കരയാന്‍ നേരമില്ല
കൈത്തിരി തെളിക്കേണം.
കര്‍മ്മങ്ങളുണ്ടു ബാക്കി
എനിക്ക് തീര്‍ത്തീടുവാന്‍.

മകനെ,
നിന്നോര്‍മ്മകള്‍
മായാതെ നില്‍ക്കുന്നു..
ഇല്ലില്ല, മരിച്ചിട്ടി-
ല്ലെന്നുമെന്നുള്ളില്‍
നീ പുഞ്ചിരി പൊഴിക്കുന്നു.

നിന്റെ
കണ്ണുകള്‍ നല്‍കുന്ന
തെളിമയില്‍
പുഞ്ചിരിക്കുന്നമുഖങ്ങള്‍...
മിടിക്കുന്ന ഹൃദയം
പകരുന്ന കരുത്തുമായ്‌
താണ്ടട്ടെ, കടമ്പകള്‍
സ്പന്ദനം നിലയ്ക്കാതെ..

ആത്മാംശം നല്‍കി
കരളായ്‌ വളര്‍ത്തിയ
നിന്‍ കരള്‍,
മറ്റൊരു ജീവനില്‍
കുളിരായ് നിറയുന്നു.

നിന്‍ നിയോഗം തീര്‍ത്തു
വെക്കം നീ മടങ്ങിപ്പോയ്‌..
ഞങ്ങളും ധര്‍മ്മം തീര്‍ത്തി-
ട്ടുടനെയെത്തിക്കോളാം...

1 comment:

  1. നിയോഗം തീര്‍ത്തു മകന്‍ മടങ്ങിയെങ്കിലും ഇന്നും അവന്‍ മറ്റൊരു ജീവനില്‍
    കുളിരായ് നിറഞ്ഞു ജീവിക്കുന്നു.....

    നന്നായിട്ടുണ്ട് ആശംസകള്‍...

    ReplyDelete