Saturday, February 7, 2015

അച്ഛന്‍ എന്ന അപ്പൂപ്പന്‍

അച്ഛന്റെ പേരെന്ന കോളത്തിലാദ്യമായ്‌
അക്ഷരം ഒന്നു വിറച്ചു
ഇറ്റിറ്റുവീഴുന്ന കണ്ണുനീരാലവള്‍
ആ നൊമ്പരം പൂഴ്ത്തിവെച്ചു


അച്ഛനില്ലാതെ ജനിച്ചവള്‍....
കോളത്തില്‍ അക്ഷരക്കൂട്ട്‌ ചിതറി
കുഞ്ഞു വിരലുകള്‍ അപ്പോഴും അമ്മതന്‍
കണ്ണീരിനുപ്പു രുചിച്ചു


നീറുന്ന നെഞ്ചിന്‍ പിടച്ചിലിലൂടവള്‍
ചതുരക്കളങ്ങളില്‍ തൊട്ടു
വിറയ്ക്കും വിരലുകള്‍ മെല്ലെ ചലിച്ചതി-
ലക്ഷരം കുത്തി നിറച്ചു


അച്ഛന്റെ പേരുതന്നപ്പൂപ്പനാകുമ്പോള്‍
ആരെപ്പഴിക്കും കുരുന്ന്
അമ്മമിഴികള്‍ നിറഞ്ഞോഴുകുമ്പോഴാ
കുഞ്ഞു മിഴിയും നിറയും...


നാളെയവളുടെ പൈതൃകം കൈചൂണ്ടി
അലറിപ്പിടച്ചു നില്‍ക്കുമ്പോള്‍
അന്തിച്ചുനില്‍ക്കുന്ന കൊച്ചു കനവുകള്‍
നൊമ്പരം പൂണ്ടു കരയും


ഇരുകാലിലൊരുജന്മം നാല്‍ക്കാലിയാകുമ്പോള്‍
പെണ്ണുടല്‍ പൊള്ളിപ്പിടയും
ജീവിതപ്പാതയിലൊറ്റയ്ക്കു നീങ്ങുമ്പോള്‍
താങ്ങിനായ്‌ കാണുമോ ദൈവം..