Friday, December 26, 2014

അപഥം

മാധവിന്റെ മനസ്സില്‍ നിന്നും അരുന്ധതിയുടെ രൂപം മാറുന്നതേയില്ല. കണ്ട കാഴ്ച ആരോടും പറയാനും ആവുന്നതല്ലല്ലോ. തിരികെ നടക്കുമ്പോള്‍ തൊണ്ടയിലെ വെള്ളം വറ്റുന്നത് അവനറിഞ്ഞു.
എല്ലാ പതിനാലു വയസുകാര്‍ക്കും ഇങ്ങനെയാണോ തോന്നല്‍ ഉണ്ടാവുക? താന്‍ ചീത്തയാണോ….? അവന്റെ കുഞ്ഞു മനസ്സില്‍ ആശങ്ക തോന്നി. ഇടവഴിയിലൂടെ വെറുതെ നടന്നതാണ്. ചെന്നെത്തിയത് കുളക്കരയിലേക്കും. നോക്കിയപ്പോള്‍ അരുന്ധതി ഏട്ടത്തി കുളിക്കുകയാണ്. തിരികെ നടക്കാന്‍ തുടങ്ങിയെങ്കിലും കണ്ണുകള്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല. തെറ്റു ചെയ്യുന്ന കുട്ടിയുടെ ഭാവത്തോടെ അവന്‍ അവിടെ നിന്നു. മുങ്ങാന്‍ ഇറങ്ങിയ ഏട്ടത്തി അപ്രതീക്ഷിതമായി ഒന്ന് ചരിഞ്ഞ്, ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു അല്പം താഴേക്കു പോയെങ്കിലും ഉടന്‍ തന്നെ അവരതില്‍ കയറിപ്പിടിച്ച് പൂര്‍വ്വസ്ഥിതിയിലാക്കി. എന്നാല്‍ മാധവിന്റെ മുന്നില്‍ അല്പനേരത്തേക്ക് അനാവരണം ചെയ്യപ്പെട്ട മാറിടം അവനില്‍ മിന്നായം പോലെ ഒരു രോമാഞ്ചമുണ്ടാക്കി.
കൂടുതല്‍ നില്‍ക്കാന്‍ തോന്നിയില്ല. മനസ് ഭ്രാന്തമായി, ഒരു കുതിരെയേ പോലെ മുന്നോട്ടു കുതിക്കാന്‍ തുടങ്ങി. ശാസിച്ചെങ്കിലും പിടി തരാതെ ഓടുകയാണ് മനസ്…….. അവന്റെ കൊച്ചു മനസ് ഫാന്ടസിയിലും, റിയാലിറ്റിയുടെ വിവേകത്തിലും കിടന്നു വട്ടം ചുറ്റാന്‍ തുടങ്ങി. ഏട്ടന്റെ ഭാര്യയാണ്, ഏട്ടത്തിയമ്മയാണ്, അമ്മയുടെ സ്ഥാനത്ത്‌ കാണേണ്ടവർ ആണെന്ന് റിയാലിറ്റിയും……………….. അമ്മയല്ലല്ലോ, വെറും ഒരു പെണ്ണെന്നു ഫാന്റസിയിലും……..
ക്ലാസിലെ മുതിര്‍ന്ന കുട്ടികള്‍ പെണ്‍കുട്ടികളെക്കുറിച്ച് പറയുന്ന അശ്ലീല കമന്റുകള്‍, തമാശകള്‍ ഒക്കെ അവന്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞു. അന്നൊക്കെ അത് മ്ലേച്ചം എന്ന് കരുതി, അവന്മാര്‍ വൃത്തികെട്ടവന്മാര്‍ എന്ന് വിചാരിച്ച് അകറ്റി നിര്‍ത്തുകയും ചെയ്തു…. പക്ഷെ ഇപ്പൊ.. ഒരു പെണ്ണുടല്‍ ആണ്‍ മനസ്സില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ എത്രയെന്ന് അവനും അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒപ്പം ചിലപ്പോഴെങ്കിലും വികാരത്തെ മറി കടന്നെത്തുന്ന വിവേകം അവനെ ആശങ്കപ്പെടുത്തുകയും ചെയ്തു.
മാധവ്‌ ചുറ്റിത്തിരിഞ്ഞു വീട്ടില്‍ ചെന്നു കയറി. മനസ്സാകെ ചൂടു പിടിച്ചിരിക്കുന്നു. തല തണുക്കുന്നത് വരെ അവന്‍ ഷവറിനു കീഴില്‍ നിന്നു. മനസ്സില്‍ വീണ്ടും പഴയ ദൃശ്യം തെളിഞ്ഞു വരികയാണ്. ഒപ്പം പാപബോധവും. അവന് മനസ്സില്‍ വല്ലാത്ത ഭാരം തോന്നി. അടക്കാനാവാത്ത വേദന തോന്നി അവന്. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. തനിക്ക് 7 വസയുള്ളപ്പോള്‍ അമ്മയുടെ സ്ഥാനത്ത്‌ വന്നു കയറിയതാണ് അരുന്ധതി ഏട്ടത്തി. അമ്മ നഷ്ടപ്പെട്ടതിന്റെ വേദന അറിയിക്കാതെ സ്വന്തം മകനെ പോലെ കണ്ട എട്ടത്തിയെക്കുറിച്ച് തന്റെ മനസ്സില്‍ തോന്നിയ പടു വിചാരങ്ങള്‍ ഓര്‍ത്ത് അവന്‍ തേങ്ങിക്കരഞ്ഞു. അത് തന്റെ ഏട്ടത്തി അല്ല, അമ്മ തന്നെയാണ്. “എന്റെ അമ്മ..” അവന്‍ പിറുപിറുത്തു.
“മോനൂട്ടാ….” മാധവ്‌ ഞെട്ടി. ഏട്ടത്തി വിളിക്കുന്നു. അവന്‍ തല മെല്ലെ കുടഞ്ഞു.
“എന്തോ…”
“മോനേ……………… എത്ര നേരമായി നീ ഷവറിനു താഴെ………….. പനി പിടിക്കില്ലേ..?”
മാധവിന് വീണ്ടും കരച്ചില്‍ വന്നു. അവന്‍ വേഗം ഇറങ്ങി. മടിച്ചു മടിച്ച് അവന്‍ എട്ടത്തിയുടെ അരികിലേക്ക് ചെന്നു.
“എന്താ മോനേ, മുഖം വല്ലാതെ.. എന്തു പറ്റി..?”
“ഞാന്‍…. ഞാന്‍ അമ്മയെന്ന് വിളിച്ചോട്ടെ? ഞാന്‍ സ്വന്തം മോനല്ലേ? എന്റെ അമ്മയല്ലേ..? ”
അവന്‍ പൊട്ടിക്കരഞ്ഞു.
“മോനൂട്ടാ…” അരുന്ധതി അവനെ ചേര്‍ത്തു പിടിച്ചു. ” നീയെന്റെ സ്വന്തം മോന്‍ തന്നെയാ. അല്ലാന്ന് നിനക്ക് തോന്നിയോ? ഇപ്പൊ എന്താ ഉണ്ടായത് അതിനുമാത്രം ? ഒന്നൂല്ലടാ… കരയാതെ… ”
അരുന്ധതി തന്റെ നിറഞ്ഞ മിഴികള്‍ പുറം കയ്യാലൊപ്പി. മാധവ്‌ അമ്മയുടെ സ്നേഹത്തില്‍ അലിഞ്ഞ് ഒരു പിഞ്ചുപൈതലായി മാറി.

Thursday, December 11, 2014

യൂദാസ്


നീ
കറുത്ത വാക്കിനെ വെള്ളപുതപ്പിച്ച,
സ്നേഹത്തെ മുപ്പതു വെള്ളിക്കാശിന്
ഒറ്റി കൊടുത്ത യൂദാസ്..

ഞാന്‍
നീ നെയ്ത വലയിലേക്ക്
പലപ്പോഴും അറിയാതെയും,
ചിലപ്പോള്‍ അറിഞ്ഞും
അരികിലേക്കു വന്ന
ഒരു വെറും കീടം

നിന്റെ സൌഹൃദസാമീപ്യം നെയ്തെടുത്ത
സാഹോദര്യ മൂടുപടം
എന്റെമേലൊരു കരിമ്പടം
തീര്ത്തപ്പോഴും,
അറിഞ്ഞില്ല
നിന്റെ മഞ്ഞച്ചിരിയിലെ കറ,
വാക്കുകളിലൊളിഞ്ഞ
ചതിയുടെ നാറ്റം ,
കൌടില്യ ചിന്തയാല്‍
നീ തീര്ത്ത
ചങ്ങലപ്പൂട്ടുകള്‍..

നീ മുപ്പതു വെള്ളിക്കാശിന്
സാഹോദര്യത്തെ വ്യഭിചരിച്ച
യൂദാസ്....

നിന്റെ ആകുലതകളും,സന്തോഷവും
എന്റേതാക്കി,
ഞാന്‍ നിനക്ക് തീറെഴുതിയ,
 വിശ്വാസത്തെ
എന്നോടോപ്പം നീ
നരകക്കുഴിയിലെറിഞ്ഞപ്പോള്‍
ഞാനൊഴുക്കിയ രക്തക്കണ്ണീരില്‍
നിന്റെ വംശാവലി
ഗതികിട്ടാതെ അലയാതിരിക്കുവാന്‍
രക്ഷാബന്ധങ്ങള്‍ എത്ര ധരിച്ചാലും
മതിയാവില്ല യൂദാസ്
പകരം
നിന്റെ മജ്ജയിലലിഞ്ഞ
ചതിയുടെ മാറാല
ആ പഴുത്ത് വീര്ത്ത് മനസ്സില്‍ നിന്ന്
വലിച്ചെറിയുക..

Tuesday, November 11, 2014

മണല്‍ നനയ്ക്കാത്ത തിരകൾ


നീ
ഒരു കടല്‍ പോലെ..
മണല്‍ ചിറകുകളെ
നനുത്തകയ്യാല്‍ തഴുകുന്ന
തിര പോലെ..


ഇളകുന്ന കടലല
നിന്റെ മനസിനെ ഓര്‍മ്മിപ്പിക്കും
ചിലപ്പോള്‍ ശാന്തമായും
ചിലപ്പോള്‍
രൌദ്രമായും..


ആഴക്കടലിലെ തിരപോലെ
എന്റെ മനസ്
തീരത്തമങ്ങുന്ന,നിന്റെ മണമുള്ള
മണല്ത്തരികളെ ചുംബിക്കാന്‍
അവയ്ക്കാകുന്നില്ല.


വേലിയിറക്കത്തില്‍
തിരകളുടെ തലോടലേല്ക്കാത്ത
വരണ്ട മണല്ത്തരികള്‍
എന്റെ ദു:സ്വപ്നങ്ങളാണ്
ഓരോ വേലിയേറ്റവും
സ്വപ്നം കണ്ട്,
വിരിയാന്‍ കാത്തിരിക്കുന്ന
മണല്‍ മൊട്ടുകള്‍ ..

ഓണം



മുനിഞ്ഞു കത്തുന്ന
പാട്ടവിളക്കിന്‍ ചാരെ
കുനിഞ്ഞ മുഖം താങ്ങി
മെലിഞ്ഞ, വളക്കൈകള്‍.


വരണ്ട കണ്‍കളില്‍
നിലച്ച നിലവിളി,
ചുണ്ടാല്‍ മറച്ചിരിക്കും
നരച്ച പേക്കോലം


ആശകള്‍ ചേര്‍ത്തു നെയ്ത
കൊച്ചു പൂക്കളത്തില്‍
മിഴികള്‍ നട്ടു വെച്ച്
ചെറിയ കുരുന്നുകള്‍


ഇഴഞ്ഞു നീന്തിയപോല്‍
ഇരുട്ടത്തൊരു രൂപം
തെറിച്ചു വീഴുന്നുണ്ട്
തെറി കഷണങ്ങള്‍...


പൂക്കളത്തില്‍ നിന്നും
പറിച്ചെടുത്ത,
പകച്ച കണ്ണുകള്‍,
കാണ്മൂ ചിതറിയ
ഓണവറ്റുകള്‍..

Tuesday, July 29, 2014

വശ്യം


നീ എനിക്കായ് തന്ന
ചെമ്പനിനീര്‍പൂവ്‌
എന്‍റെ പ്രണയ സിരകളില്‍
ചുവപ്പും, സുഗന്ധവും കലര്‍ത്തി . ..

ഒരു ദീര്‍ഘ ചുംബനത്തിന്‍റെ
ഉടല്‍ കമ്പനങ്ങളില്‍,
നീ നീട്ടിയ
കാമനകളുടെ വശ്യപാത്രം
തട്ടിത്തെറിപ്പിക്കാനാവാതെ
ഞാന്‍..

നുരച്ചു പായുന്ന
കാട്ടാറിനെ പോലെ
ഒഴുകിയെത്തിയ ഞാന്‍
നിന്‍റെ കടല്‍ക്കയങ്ങളില്‍
നീലിമ തേടി
പുളഞ്ഞാര്‍ത്തു പതിച്ചു..

പ്രണയ നിമിഷങ്ങളില്‍
പ്രാണനിലേക്കിട്ടുതന്ന,
നിന്‍റെ സ്നേഹത്തുള്ളികള്‍ക്ക്
ഒരായുസ്സിന്‍റെ കടമുണ്ടെനിക്ക്.

എത്ര ഉഗ്രതയിലും,
നിനക്ക്
ഒന്നു ചേര്‍ത്തണയ്ക്കാ-
നുള്ളതേയുള്ളൂ
എന്‍റെ ഉടലുരുക്കങ്ങള്‍...

Monday, July 21, 2014

പിറവി


ശസ്ത്രക്രിയാ മുറിയിലേക്ക്
കടുംപച്ചയുടെ ആവരണമണിഞ്ഞു-
കടക്കുമ്പോഴേക്കും
എന്‍റെ മനസിന്‍ കൂട്
പൊളിച്ചിറങ്ങാന്‍
നീ തയ്യാറെടുത്തിരിക്കും.

കണ്ണുകെട്ടി, കൈകള്‍ കെട്ടി,
നിസ്സഹായതയോടെ കിടക്കുമ്പോഴും
പുറത്ത്‌ നിന്‍റെ വരവ്
ഒരുക്കാനിരിക്കുന്ന
ഗൈനക്കൊളജിസ്ടിന്റെ
കൈകള്‍ മൃദുലമാകണേയെന്ന്
ആശിക്കും...

ഒരു തരിപ്പിലൂടെ ,മെല്ലെ
പെരുപ്പിലേക്കമരുമ്പോഴും
വഴുതിപ്പോകുന്ന ബോധത്തരികള്‍
എണ്ണിയെണ്ണി കുഴയുമ്പോഴും
ഡിസക്ഷന്‍ ബോക്സിലെ
ഉപകരണങ്ങളുടെ കലമ്പല്‍
നിന്‍റെ കിളിക്കൊഞ്ചലാകും..

ശരീരം കീറിമുറിയുന്ന
മരവിച്ച ശബ്ദങ്ങള്‍ക്കൊടുവില്‍,
അലറിക്കരയുന്ന
നിന്‍റെ ശബ്ദം കേള്‍ക്കെ ..,
കെട്ടു പൊട്ടിച്ചെറിയാന്‍
ശ്രമിച്ചാലും കഴിയാത്ത,
നിസ്സഹായാവസ്ഥയിലും
പാതി കെട്ടഴിച്ച കണ്ണിലൂടെ
നിന്‍റെ മാലാഖ മുഖം..

തുറന്ന കണ്ണുകള്‍
വീണ്ടും ബന്ധിക്കപ്പെട്ട്,
മരുന്നുകളുടെയും, തുന്നലുകളുടെയും
അവസാനം,
അരിച്ചരിച്ചു വരുന്ന
വേദന ഇരട്ടിച്ചു
കടലാകുമ്പോഴും,
ഒരു ഡോസ് അനസ്തേഷ്യയ്ക്കു വേണ്ടി
കെഞ്ചുമ്പോഴും..
മൂടപ്പെട്ട കണ്ണില്‍ ,
മൂടാത്ത മനസ്സില്‍
നീയെന്ന ചിന്ത മാത്രം..

Friday, June 20, 2014

കരുതല്‍


ഇരുള് ചേര്‍ത്തുനിര്‍ത്തിയ
വെളിച്ചത്തിന്‍റെ ഒരു പൊട്ട്
എന്‍റെ ഹൃദയത്തെ
തൊട്ടപ്പോഴാണ്....,


പൊഴിഞ്ഞു തുടങ്ങിയ
പളുങ്കു തുള്ളികള്‍
ചുണ്ടാല്‍ തൊട്ടെടുത്ത്‌
ചിരിയുടെ ഒരല
കാതില്‍ വെച്ചുതന്നപ്പോഴാണ്...
ഞാന്‍ മുഖമുയര്‍ത്തിയത് 


കരുണക്കടലിന്‍റെ 
ആഴങ്ങളില്‍
തിളങ്ങുന്ന നീര്‍മിഴിയിലെ
സ്നേഹക്കരുതല്‍ കണ്ടാണ്
നിന്നില്‍ ഞാന്‍
വല്ലാതങ്ങലിഞ്ഞത്...

Tuesday, June 10, 2014

ആധുനികം...


"നീയെന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ? "

 നികിത ഒച്ച വെച്ചുകൊണ്ട് എന്‍റെ തലയില്‍ കിഴുക്കി.ഞാന്‍ ഞെട്ടി അവളെ നോക്കി. കേട്ടതൊന്നും വിശ്വസിക്കാന്‍ വയ്യ.

"നിക്കീ, നീ എന്തൊക്കെയാണ് പറയുന്നത്..? എന്താ നിന്‍റെ ഉദ്ദേ.." എന്നെ മുഴുവിപ്പിക്കാന്‍ അവള്‍ സമ്മതിച്ചില്ല. കൈ ഉയര്‍ത്തി അവള്‍ എന്നെ തടഞ്ഞു.

"മതി, നിര്‍ത്ത്‌... നിന്‍റെഉപദേശം ചോദിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇത് നിന്നോട് പറഞ്ഞത്. നിന്നെ ഒളിച്ചിട്ടൊന്നും എനിക്കില്ല. അതാണ്‌ പറഞ്ഞത്." നികിത ദേഷ്യപ്പെട്ടു മുറിക്കു പുറത്തേക്ക് ഇറങ്ങിപ്പോയി.

എനിക്ക് ഞടുക്കം വിട്ടുമാറിയില്ല. നികിതയില്‍ നിന്ന് ഇങ്ങനെയൊന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. എനിക്ക് കരച്ചില്‍ വന്നു.
ഞാന്‍ മൃദുല. പ്രശസ്തമായ ഒരു മള്‍ടി നാഷണല്‍ കമ്പനിയിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആണ്. എന്‍റെ ജൂനിയര്‍ എന്‍ജിനീയര്‍ ആണ് നികിത. വളരെ സ്മാര്‍ട്ട് ആണ് സുന്ദരിയായ നികിത. വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. കുട്ടികള്‍ ഇല്ല. ഭര്‍ത്താവ് സിദ്ധാര്‍ഥ് മറ്റൊരു മള്‍ടി നാഷണല്‍ കമ്പനിയിലെ എച്ച്. ആര്‍. മാനേജര്‍ ആണ്.വളരെ സന്തുഷ്ടമായ കുടുംബം. സുഹൃത്തുക്കളെപോലെയാണ് നികിതയും, സിദ്ധുവും. വളരെ ഓപ്പണ്‍-അപ്പ് ആയ സംസാരം, പെരുമാറ്റം. ബഹളം വെച്ച്, അടിച്ചു പൊളിച്ചുള്ള ജീവിതമാണ് അവരുടേത്.

ഒരിക്കല്‍ നിക്കി എന്നോട് പറഞ്ഞു "മൃദു... സിദ്ധാര്‍ഥിന് ഒരു കിളി ഉണ്ട്. "

"ങേ.." ഞാന്‍ ഞെട്ടി. അവള്‍ പൊട്ടിച്ചിരിച്ചു. 
 "അവന്‍റെ കമ്പനിയില്‍, അവനൊരു ഗേള്‍ ഫ്രണ്ട്‌ ഉണ്ട്. ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്."

"നിക്കീ... " അവിശ്വസനീയതയോടെ ഞാന്‍ വിളിച്ചു. "നീയെന്തോക്കെയാണ് ഈ പറയുന്നത്.."

"ഓ.. അതിലൊന്നും ഒരു കാര്യവും ഇല്ലെടീ. ഓഫീസ്‌ ടെന്‍ഷനിടയില്‍ ഒന്ന് റിലാക്സ് ചെയ്യാന്‍. സിദ്ധാര്‍ഥിന് ഇതൊരു തമാശയാ. അവള്‍ക്കും. ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങളുടെ ഇമ്പോര്‍ട്ടന്‍സ് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും നന്നായി അറിയാം."

അവളുടെ ആംഗ്യം കണ്ട് എനിക്ക് ചിരി വന്നു. 

സിദ്ധാര്‍ഥിന്‍റെ സുന്ദരമായ ചിരിയും, ഊഷ്മളമായ പെരുമാറ്റവും ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കുക. നിക്കിയും , സിദ്ധുവും നല്ല ജോഡികള്‍ ആണ്. പക്ഷെ അവള്‍ ഇപ്പോള്‍... എനിക്ക് തല വേദനിച്ചു.

"മൃദു... നിക്കി മുറിയിലേക്ക് കയറിവന്നു. അവള്‍ അങ്ങനെയാണ്. പിണങ്ങാന്‍ അറിയില്ല.
"നിന്‍റെ മനസ് എനിക്കറിയാം. നീ കരുതുന്നതുപോലെ ഇതൊരു അവിഹിതബന്ധം അല്ല. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണ്. വിഷമങ്ങളും, സന്തോഷവും ഒക്കെ ഷെയര്‍ ചെയ്യാന്‍ ഒരാള്‍. അത്രേ ഉള്ളൂ.. "

"നിനക്ക്, നിന്‍റെ വിഷമങ്ങളും, സന്തോഷവും ഒക്കെ എന്നോട് ഷെയര്‍ ചെയ്യാമല്ലോ നിക്കീ..."

"ഹ ഹ ഹാ..." അവള്‍ കയ്യടിച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു. "എന്‍റെ മൃദുലേ... ഞാന്‍ എന്‍റെ ഒരു പ്രധാന കാര്യം പറയുമ്പോള്‍, ഉദാഹരണത്തിന് ഞാന്‍ എന്‍റെ ഒരു പ്രമോഷന്റെ കാര്യം പറയുമ്പോള്‍... നീ എന്നെ ചേര്‍ത്ത് നിര്‍ത്തി ഉമ്മ വെയ്ക്കുമോ.., എനിക്ക് ഒരു സര്‍പ്രൈസ്‌ ഗിഫ്റ്റ്‌ വാങ്ങി തരുമോ.., എന്‍റെ കണ്ണുകളില്‍ നോക്കി സ്വരം താഴ്ത്തി ഐ ലവ് യു... എന്ന് പറയുമോ... സത്യം പറയട്ടെ , സിദ്ധാര്‍ഥില്‍ നിന്ന് പോലും എനിക്കത് കിട്ടാറില്ല." അവള്‍ വിദൂരതയിലേക്ക് നോക്കി. എന്നിട്ടു പിറുപിറുത്തു "ദുഃഖം വരുമ്പോള്‍ ചായാന്‍ ഒരു തോള് ഉള്ളത് നല്ലതല്ലേടീ... നമ്മള്‍ സ്ത്രീകള്‍ അത് ആഗ്രഹിക്കുന്നില്ലേ.. "

ഞാന്‍ ഒന്നും മിണ്ടിയില്ല. മിണ്ടാന്‍ തോന്നിയില്ല. എന്ത് പറയാനാണ്. ശരിയല്ലേ അവള്‍ പറയുന്നത്.. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഊഷ്മളത കുറയുമ്പോഴാണോ ഇങ്ങനെ സംഭവിക്കുന്നത്.. ഞാന്‍ അനിലിനെയും, മോളെയും ഓര്‍ത്തു. എനിക്കും നിരാശയുണ്ടോ... ഏയ്‌.. ഇല്ല... ഇല്ല.. ഞാന്‍ മനസിനെ തൃപ്തിപ്പെടുത്തി.

"നിക്കീ... സിദ്ധാര്‍ഥ് ഇതറിഞ്ഞാല്‍..., വേറെ ആളുകള്‍ ഇതറിഞ്ഞാല്‍.... ഇതൊരു അവിഹിത ബന്ധത്തിന്റെ നിഴലില്‍ ആവില്ലേ?"

"പോടീ കുരങ്ങെ..." അവള്‍ വീണ്ടും എന്‍റെ തലയില്‍ കിഴുക്കി. 
"നാട്ടുകാരെയും, ഭര്‍ത്താവിനെയും ഒക്കെ അറിയിച്ചിട്ടാണോ നമ്മള്‍ ഒരാളെ ഇഷ്ടപ്പെടുന്നത്? ഞങ്ങള്‍ക്ക് ഹിതമായ ഒരു ബന്ധം മറ്റുള്ളവര്‍ക്ക് അവിഹിതം ആകേണ്ട കാര്യം എന്ത്? എങ്കിലും നിന്‍റെ സമാധാനത്തിന് വേണ്ടി ഞാന്‍ ഒരു ഉറപ്പു തരാം. ഒരു ഇല്ലീഗല്‍ റിലേഷന്‍ ഷിപ്പ് ഞങ്ങള്‍ തമ്മില്‍ ഒരിക്കലും ഉണ്ടാവില്ല... അങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ അന്ന് നിക്കി ഈ ബന്ധം ഉപേക്ഷിക്കും, സത്യം.. നിനക്കറിയാമല്ലോ നിക്കി ഒരിക്കലും വെറും വാക്ക് പറയില്ല എന്ന്..?"

ശരിയാണ്. നിക്കി വെറും വാക്ക് പറയില്ല. എങ്കിലും എന്തോ... എനിക്കിത് അംഗീകരിക്കാന്‍ ആവുന്നില്ല.

"നീ അമേരിക്കയില്‍ ജനിക്കേണ്ടവള്‍ ആണ്. ഇവിടെ തെറ്റി വന്നതാ.." ഞാന്‍ എന്‍റെ അരിശം വാക്കുകളില്‍ ഒതുക്കി.

"പോടീ പൊട്ടീ.."
അവള്‍ പിന്നെയും എന്‍റെ തലയില്‍ കിഴുക്കി, ലാഘവത്തോടെ ഇറങ്ങി പോയി. പതിവ് പോലെ അവള്‍, അവളുടെ ടെന്‍ഷന്‍ എന്‍റെ തലയിലെക്കിട്ടു തന്നു. ഇന്ന് മുതല്‍ അവളുടെ ഉറക്കമല്ല , എന്‍റെ ഉറക്കമാണ് നഷ്ട്ടപ്പെടുന്നത്. എനിക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. കുറച്ചു വെള്ളം എടുത്തു കുടിച്ചു. കുറച്ചു നടന്നു നോക്കി. രക്ഷയില്ല... എപ്പോഴും ടെന്‍ഷന്‍ താങ്ങാന്‍ പറ്റാതെ വരുമ്പോള്‍ ചെയ്യാറുള്ളതുപോലെ , ഞാന്‍ മൊബൈല്‍ എടുത്ത് അനിലിന്‍റെ നമ്പര്‍ കുത്തി. എന്‍റെ ടെന്‍ഷന്‍ ഇറക്കി വെയ്ക്കാന്‍ പറ്റിയ വേറെ ആരാണ് എനിക്കുള്ളത്...

Thursday, April 24, 2014

എന്റെ ചില ദുഖാന്വേഷണ പരീക്ഷണങ്ങള്‍ :)



ഞങ്ങളുടെ വസ്തുവിനോട് ചേര്‍ന്ന് ഒരു കുളം ഉണ്ട്. ഞങ്ങളുടെ വീട്ടുപേരില്‍ ആണ് ആ കുളം അറിയപ്പെടുന്നത്. അതില്‍ ഒന്നര ആള്‍ താഴ്ചയില്‍ വെള്ളം ഉണ്ട് . കുട്ടികാലത്ത് ഞങ്ങള്‍ കുറെ കൂട്ടുകാര്‍ ഒന്നിച്ച് നീന്താനും, കുളിക്കാനും കൂടും. അങ്ങനെ ഒരു ദിവസമാണ്, നീന്തിക്കൊണ്ടിരുന്ന എന്റെ കൂട്ടുകാരിക്ക് കുളത്തിന്റെ ആഴം നോക്കണം എന്ന് തോന്നിയത്. അവളുടെ അനിയത്തിയും, ഞാനും തുണി കഴുകിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അവള്‍ ഞങ്ങളോട് പറഞ്ഞിട്ട് , രണ്ടു കയ്യും ഉയര്‍ത്തി താഴേക്കു മുങ്ങി.കൈ വെള്ളത്തിന്‌ മുകളില്‍ കാണാം. കുറച്ചു കഴിഞ്ഞു അവളുടെ മുഖം വെള്ളത്തിന്‌ മുകളില്‍ വന്നു, വീണ്ടും മുങ്ങി. ഒന്നുകൂടി പൊന്തിവന്നിട്ടു അവള്‍ മുങ്ങിയപ്പോള്‍ രംഗം പന്തിയല്ല എന്ന് മനസിലായി. ആ സമയത്ത് അമ്മ പശുവിനെ തീറ്റിക്കാന്‍ കുളത്തിന്റെ കരയില്‍ നില്‍പ്പുണ്ടായിരുന്നു. ചേട്ടന്‍ അതിന്റെ കിടാവിനെ കുളിപ്പിക്കുകയും.. അമ്മ എന്നോട് കുളത്തിലേക്ക്‌ ചാടി അവളെ പിടിച്ചു കയറ്റാന്‍ പറഞ്ഞു. അപ്പോഴേക്കും അവളുടെ അനിയത്തി കരയാന്‍ തുടങ്ങിയിരുന്നു. ഞാന്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല. കുളത്തിലേക്ക്‌ ചാടി നീന്തി അവളുടെ അടുത്തേക്ക് ചെന്നു. (ഒരാള്‍ മുങ്ങി മരിക്കാന്‍ തുടങ്ങുമ്പോള്‍ രക്ഷിക്കാന്‍ ചെല്ലുന്ന ആള്‍ നേരെ ചെന്നാല്‍ പണി കിട്ടും എന്നെനിക്ക് അന്നറിയില്ലായിരുന്നു ) ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചതും, മറു കൈ കൊണ്ട് അവള്‍ എന്നെ ചുറ്റിപ്പിടിച്ച് കുളത്തിലേക്ക്‌ താഴ്ത്തി. അവള്‍ മുകളിലും, ഞാന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലും. കുതറി മാറാന്‍ ആവുന്നത് നോക്കിയിട്ടും നടന്നില്ല. (അതൊരു ധൃതരാഷ്ട്രാലിംഗനം ആയിരുന്നു. ) ഞാന്‍ മരണത്തിലേക്ക് മുങ്ങി മുങ്ങി പോകുന്നതായി എനിക്കനുഭവപ്പെട്ടു. ഞാന്‍ ബോധം കേട്ട് പോയി. (ഇപ്പോള്‍ എനിക്ക് ബോധം ഉണ്ടോ എന്ന് നിങ്ങള്‍ ചോദിക്കും. ഇപ്പോഴും ഇല്ല  ) ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ കുളത്തിന്റെ പടിയില്‍ കിടക്കുകയാണ്. മുകളില്‍ ദംഷ്ട്രകള്‍ ഉള്ള ഒരു മുഖം.. ഞാന്‍ രക്ഷിക്കാന്‍ പോയവള്‍... എനിക്ക് വീണ്ടും ബോധം പോയി...

പിന്നെ അമ്മ പറഞ്ഞാണ് എനിക്ക്, ഞാന്‍ രക്ഷപ്പെട്ട രീതി മനസിലായത്. അവള്‍ പിടിച്ചു മുക്കുമ്പോള്‍ കിട്ടിയ ഗ്യാപ്പില്‍ ഞാന്‍ അമ്മയെ വിളിച്ചിട്ട് "എനിക്ക് രക്ഷിക്കാന്‍ പറ്റില്ല അമ്മെ.. " എന്ന് നിലവിളിച്ചു പോലും. അപ്പോള്‍ ചേട്ടന്‍ ഓടി വന്നു കുളത്തില്‍ ചാടി ഞങ്ങളെ വലിച്ചു കരയില്‍ ഇട്ടു. ആ സമയത്ത് ഞങ്ങള്‍ ഏകദേശം നടുക്കായിരുന്നു. അതിനു ശേഷം ആഴമുള്ള ജലാശയം എനിക്ക് ഭയമാണ്. വെള്ളത്തില്‍ നിന്നും ഒരു ഭീകര ജീവി വന്നു എന്റെ കാലില്‍ പിടിച്ചു വലിച്ചു വെള്ളത്തില്‍ മുക്കും എന്നാണു എന്റെ മനസ്സില്‍ തോന്നുക. (കലയെക്കാള്‍ ഭീകര ജീവിയോ എന്ന് ചോദിക്കരുത് ) ആ ഭയം ഇപ്പോഴും എനിക്കുണ്ട്. അതിനു ശേഷവും വാശിക്ക് പലതവണ നീന്തിയിട്ടുണ്ട് എങ്കിലും ഇതെന്റെ മനസ്സില്‍ നിന്നും മായാത്ത ഒരു പേടിയായി ഇപ്പോഴും കൂടെയുണ്ട്.

മകനോട്‌..


തിരിഞ്ഞൊന്നു നോക്കീടുക
ഒരിക്കല്‍ കൂടി നീ..
ചവിട്ടിക്കുഴച്ചു,
കടക്കുമാ പാതകള്‍

യൌവ്വനത്തിളപ്പിന്റെ
നശ്വരതയില്‍
നിന്നിളം കാലുകളി-
ടറാതിരിക്കുവാന്‍
തിരിഞ്ഞൊന്നു നോക്കീടുക...

മകനെ...,
തീവ്ര പ്രതീക്ഷയാല്‍
നിന്നെ വളര്ത്തുമീ -
യച്ഛനുമമ്മയും..
ഒരു ചെറുകാറ്റാലീ
നാളമണയാതെ
കരുതണം,ഓരോചുവടും
പിഴയ്ക്കാതെ നോക്കണം...

സൗഹൃദം
നന്നെന്നു കരുതണ-
മെങ്കിലും
അളക്കാന്‍ കഴിയണം,
നെല്ലും പതിരും.
ഒന്നിടറിയാല്‍ തിരികെ
വരുത്തുവാനാവില്ല നിന്നെ,
നിനക്കു നഷ്ടപ്പെടും...

നാളെ നീയോരച്ഛനാകും വരെ
അസഹ്യമായ്‌ തോന്നാമീ-
സ്നേഹക്കരുതലുകള്‍..
അന്നുനിന്നുള്ളം
പിടയ്ക്കുമിതുപോലെ..
നന്നായ്‌ വരിക നീ
ഗുരുത്വം കളയാതെ...

Monday, March 10, 2014

വൈചിത്ര്യം

പാടത്തുപെയ്യുന്നു,
ചില്ലിന്മേലെന്നപോ-
ലര്ക്കന്റെ  തീവ്ര
പ്രഭാവത്തിന്‍ ശരമാരി.

കതിരറ്റ , അഴകറ്റ
നെല്ലിന്‍ തലപ്പത്ത്‌
 തീഷ്ണതയോടെ ചുഴറ്റുന്ന
 തീച്ചുടില്‍
വെന്തെരിയുന്നൊരീ
നാടിന്‍ പ്രതീക്ഷയും..

വരളുന്ന, വാടുന്ന
നാമ്പിലൊരിത്തിരി-
ക്കനിവിന്റെയീര്പ്പ-
 കണംപോലുമില്ലാതെ,
ചൂടേറ്റു വാടുന്നു
സസ്യ ലതാദികള്‍.

നീരറ്റു കേഴുന്ന
നദിയുടെ മാറിലൂ-
ടെരിയുന്ന ചൂടിന്റെ
കിരണങ്ങളൂഴ്ന്നാര്ത്തു-
പടരുന്നു, പിളരുന്നു
ഭൂതലമൊട്ടാകെ....


സര്‍വ്വതും  ചുട്ടെരിച്ചുനില്ക്കുമീ-
 സൂര്യന്റെ മുന്നിലോ നമ്രമുഖി-
സൂര്യകാന്തി നീ നില്പ്പൂ
ഹന്ത കടാക്ഷത്തിനായ് !

Friday, February 28, 2014

ഞാന്‍ മറ്റെന്തുചെയ്യണമായിരുന്നു...


പഴുപ്പിച്ച 
ഇരുമ്പുദണ്ഡാണ് 
തേടിയത്‌.
പക്ഷെ 
ഉള്ളില്‍ പഴുത്തത്രയും 
അഗ്നി, 
അടുപ്പിലുണ്ടായിരുന്നില്ല. 
മുന്നില്‍ 
നിസ്സഹായതയുടെ 
വിതുമ്പലെ കണ്ടുള്ളൂ.. 
അവളെ ഞാന്‍,
നന്നായി വസ്ത്രം- 
ധരിപ്പിച്ചിരുന്നു. 
കൊഴുപ്പുള്ള ആഹാരത്തിന്റെ 
കൊഴുപ്പില്ലാത്ത,
ഇളം മേനിയില്‍
അവനു കാമവെറിയെങ്കില്‍ 
നാളെ, 
പണക്കൊഴുപ്പില്‍ 
അവന്‍ കൊഴുക്കാതിരിക്കാന്‍, 
മറ്റൊരഞ്ചു വയസുകാരിയില്‍ 
ഭോഗതൃഷ്ണയെഴാതിരിക്കുവാന്‍..
......................................

ഞാന്‍ മറ്റെന്തു-
ചെയ്യണമായിരുന്നു...

Thursday, February 13, 2014

തിരികെ നീ വന്നീടുമോ..

മുറിവേറ്റ മുരളിക തേങ്ങുന്നു മെല്ലെ ,
കണ്ണാ നീയെവിടെ..
കാളിന്ദീതീരവും, ഗോവര്‍ദ്ധനവും നീ
തെല്ലും മറന്നുപോയോ..
കണ്ണാ,
തിരികെ നീ വന്നീടുമോ..

പ്രിയസഖി രാധയെ
മറന്നുവോ കണ്ണാ ഈ
ഗോപികമാരെയും
മറന്നുപോയോ
മധുരയിലെത്തിയാല്‍
തിരികെ വരുമെന്ന
വാക്കും മറന്നുപോയോ
കണ്ണാ,
തിരികെ നീ വന്നീടുമോ..

 ശരറാന്തല്‍ തിരിയിലെ
നിറദീപം പോലെയെന്‍
ഓര്‍മ്മകള്‍ പെയ്തിടുന്നു
വൃന്ദാവനത്തിലെന്‍
മാനസം പായുന്നു,
മയിലുകളാടിടുന്നു
കനവില്‍
കുയിലുകള്‍ പാടിടുന്നു..
കണ്ണാ,
തിരികെ നീ വന്നീടുമോ..

ഓര്‍മ്മകളോര്‍മ്മക-
ളെന്നെ തളര്‍ത്തുന്നു
കൃഷ്ണാ നീയെവിടെ..
പ്രിയസഖി രാധയെ
ഒരുനോക്കു കാണുവാന്‍
ഇനിയും വരാത്തതെന്തേ
കണ്ണാ,
തിരികെ നീ വന്നീടുമോ..

പരിചിത നാഗങ്ങള്‍...



റയില്‍വെ സ്റ്റേഷനിലും,
ബസ്‌ സ്ടാന്ടിലും സ്ഥിരം കാണാം
വിഷം അധികമില്ലാത്തത്.
ഒറ്റ നോട്ടത്തില്‍ ഭംഗി തോന്നും
അല്പം ഇടം കിട്ടുന്നിടത്ത്,
ചുരുണ്ടിരിക്കും.
ചീറ്റുന്ന ശബ്ദം കേട്ടു നോക്കിയാല്‍,
തീര്‍ന്നു...

തിരക്കുള്ള ബസില്‍
നുഴഞ്ഞു കയറും
കൈ കാലുകള്‍,
ഇഴഞ്ഞു സഞ്ചരിക്കും
വിഷമുണ്ട്.
ഒളിഞ്ഞിരുന്ന്,
വിഷമിറങ്ങുന്നത് വരെ
കൊത്തിക്കൊണ്ടിരിക്കും.

കൂട്ടം ചേര്‍ന്ന് ചിലവ
കൊടും വിഷമുള്ളത്.
ഇരയുടെ മേല്‍
ചുറ്റി വരിഞ്ഞു മാറാടും
മരണം ഉറപ്പാക്കി,
അടുത്ത ഇടം തേടി
ഇഴഞ്ഞു കൊണ്ടേയിരിക്കും
പിടിക്കപ്പെടുന്നത് വരെ.