Monday, August 5, 2013

ഒന്ന് നില്‍ക്കൂ സുഹൃത്തേ


ഒന്ന് നില്‍ക്കൂ സുഹൃത്തേ
ഇങ്ങോട്ടൊന്നു നോക്കു
കാഴ്ചയ്ക്ക് അല്പം വ്യത്യാസമുണ്ടാന്നല്ലാതെ
എന്തെങ്കിലും മാറ്റമുണ്ടോ?
എന്തിനാണ് നിങ്ങള്‍, ഞങ്ങളെ
ഇരുണ്ട കണ്ണുകള്‍ കൊണ്ട്
നോക്കുന്നത്?
തുറന്നു പറയു
ഞങ്ങളിലെ  എന്താണ് നിങ്ങളെ
“വഴി തെറ്റിക്കുന്നത്”
മാറിടങ്ങളോ?
സുഹൃത്തേ
അവയില്‍ പുഴുക്കള്‍ നുരയുന്ന
രണ്ടു വൃണങ്ങളുന്ടെങ്കില്‍
അവ നിങ്ങളെ വഴി തെറ്റിക്കുമോ?
അതോ
അല്പ്പ വസ്ത്രധാരണമോ?
അല്‍പ വസ്ത്രം ധരിച്ച്
വെള്ളിത്തിരയില്‍
പുളഞ്ഞാടുന്ന
നഗ്ന മേനിയെ ഒന്ന് തൊടാന്‍
നിങ്ങള്ക്ക് ധൈര്യമുണ്ടോ?
ശരീരം മൂടുന്നവസ്ത്രം ധരിച്ച
ഞങ്ങളെ നിങ്ങള്‍
എന്തിനാണ് അവരോടുപമിക്കുന്നത്?
അതാണോ  പീഡനത്തിനു  കാരണം?
അതോ...
കാണുന്നതെല്ലാം
കാമാപൂരണത്തിനെന്നു കരുതുന്ന
നിങ്ങളുടെ കണ്ണുകളാണോ

ഓര്‍മ്മ



നിന്നെ ഒന്നുകാണണം
എന്നുകരുതി മാത്രമാണ്
കാവിലെ ഉത്സവത്തിന്‌
അന്നാദ്യമായി പോയത്.

തേരും കുതിരയും
മത്സരിച്ചോടുന്ന-
മൈതാനത്തിന്റെ
ഒരറ്റം മുതല്‍
ഞാന്‍ നിന്നെ തിരഞ്ഞു.

പുരുഷാരത്തിനിടയിലൂടെ,
കെട്ടുകാഴ്ചകളിലെ കൌതുകം
കാണാനെന്ന ഭാവേന
മുക്കിലും മൂലയിലും
നിന്നെ നോക്കി .

സഹയാത്രിക
തേരിന്റെ പണിയിലെ
അതിശയങ്ങള്‍
വിളമ്പിയപ്പോഴും,
വേലകളിയുടെ
ചടുലതാളങ്ങല്‍ക്കിടയിലും
എന്നെ കണ്ണുകള്‍
നിന്നെ തേടി.

ഒടുവില്‍
കാവിലെ ദേവിയോട്
ഒന്നേ പറഞ്ഞുള്ളൂ
നിന്നെ ഒരുമാത്ര
കാണിച്ചു തരണമെന്ന്

ആറ്റിനക്കാരെ
പാലം കടന്നെത്തിയത്
നിന്റെ മുന്നില്‍.
ഒരു മിന്നായം പോലെ
നീ കടന്നുപോയെങ്കിലും
നിന്റെ മുഖം
ഞാനെന്റെ ഹൃദയത്തില്‍
പതിപ്പിച്ചു കഴിഞ്ഞിരുന്നു
ഒരു പൂവിതള്‍ പോലെ

സ്നേഹിതാ
നീ കൊളുത്തിയ തിരിയാല്‍
ഞാനിന്നും ഇതുപോലെ...

എന്റെ സ്വപ്നം ...



നീ നീട്ടിയ,
സ്നേഹനിലാവിന്റെ ഒരുതുണ്ട്
എന്നെ കൊതിപ്പിച്ചപ്പോഴാണ്
നിന്റെ വാചാലതയില്‍ തട്ടി
എന്റെ മൌനത്തിന്റെ വക്കടര്ന്നത്‌

എന്റെ സ്നേഹത്തിന്റെ

ക്യാന്‍വാസില്‍
നീ നിറം പകര്ന്നപ്പോഴാണ്
ആകാശക്കോണിലായി
മടക്കി വെച്ച
ചെഞ്ചുവപ്പു പുതപ്പിന്റെ
ഒരു കീറ്
എന്റെ മുഖത്തും പതിച്ചത്

പക്ഷെ,
ചേര്ത്തു വെച്ചപ്പോഴും
ഒന്നിച്ചു കൂടാത്ത-
എന്റെ മുറിവുകളില്‍ നിന്ന്
രക്തമൊഴുകിയത്
നീ കണ്ടില്ലെന്നു നടിച്ചപ്പോഴാണ്
എന്റെ സ്വപ്നം
ജഡമായിരുന്നു എന്ന്
ഞാന്‍ തിരിച്ചറിഞ്ഞത്

സമ്പാദ്യം



കയ്യില്‍ പിടിച്ചു വലിക്കാതെ നീ,
ഞാനെന്റെ സമ്പാദ്യമൊക്കെയുമൊന്നെടുത്തോട്
ടെ.
നാളെയാകാശഗോപുര വാതില്ക്കല്‍
ചോദ്യം വരുമ്പോള്‍ പതറാതിരിക്കുവാന്‍
ചെയ്ത പുണ്ണ്യത്തിന്‍ കണക്കുകള്‍
ഞാന്‍ രണ്ടു പേജിലായ്‌ കൂട്ടിയെടുത്തു
പാപത്തിന്‍ കണക്കുകള്‍ കൂട്ടുവാനായ്‌, അയ്യോ..
ഇത്തിരി കൂടി നീ കാത്തുനിന്നീടണെ.
അറിയാതെ ചെയ്തെന്നു ഞാന്‍ വിചാരിച്ചതും,
പാപകര്മ്മത്തിന്റെ കൂട്ടില്‍പ്പെടുത്തിയോ
നേരായ മാര്ഗ്ഗത്തിലല്ലാതെ ഞാന്‍ ചെയ്ത
കാര്യങ്ങള്‍ നേരെന്നു ഞാന്‍ കരുതീടുമ്പോള്‍..
ആവശ്യത്തിന് ന്യായങ്ങള്‍, തര്ക്കങ്ങള്‍
എന്നുള്ളിലുണ്ട്, ജയിക്കുമോ ഞാനതില്‍
ആര്ക്കും കൊടുക്കാതെ, ആരെയും നോക്കാതെ
ഞാനുണ്ടാക്കി വെച്ചോരെന്‍ രമ്യഹര്മ്മം ഞാ-
നോന്നെടുത്തോട്ടെ,യവിടെയും പാര്ക്കുവാന്‍..
ഞാന്‍ തനിച്ചുണ്ടാക്കിയെന്റെയീ സ്വത്തുക്കള്‍
നാളെയന്ന്യാധീനമായിപ്പോയീടുമോ
എക്കറിനെന്തു വിലയുണ്ടു സ്വര്ഗ്ഗത്തില്‍..
ഈവസ്തു ഞാന്‍ തന്നാല്‍ നല്ല വില കിട്ടുമോ..

നീയെന്റെ കയ്യില്‍ പിടിക്കാതെ നില്ക്കൂ
ലാഭ നഷ്ടത്തിന്‍ കണക്കുതീര്ന്നില്ല
രക്തത്തിളപ്പില്‍ ഞാനുണ്ടാക്കി വെച്ചോരെന്‍
സ്വത്തുക്കളോക്കെയും പാപമായ്‌ തീരുമോ
ഞാനെന്തു ചെയ്യും, ഒന്ന് തിരിഞ്ഞു ചിന്തിക്കാന്‍
അല്പസമയം കൂടി ബാക്കി കിട്ടീടുമോ..
കയ്യില്‍ പിടിച്ചു വലിക്കാതെ നീ.
ഞാനെന്റെന്‍ സമ്പാദ്യമൊക്കെയുമൊന്നെടുത്തോട്ടെ

പ്രിയനോട്


അരികത്തിരിക്കൂ ഒരുമാത്ര,
നീയെന്റെ സ്പന്ദനം തൊട്ടറിയുന്നു..
കൊതിയോടെ ഞാനറിയുന്നു
നീയെന്റെ ജീവന്റെ നിഴലായിരുന്നു.
ചിറകറ്റുവീണോരെന്നാത്മദാഹങ്ങളെ
അലിവോടു നീ ചേര്‍ത്തുനിര്‍ത്തി
കനിവിന്റെ നീര്ത്തുള്ളി നല്‍കി,
നീയെന്നെ നിന്‍
പ്രാണനില്‍ ചേര്‍ത്തുവെയ്ക്കുന്നു.
ചിറകടിയൊച്ച നിലയ്ക്കുന്നതിന്മുന്നെ-
യെന്നരികത്തു നീയിരിക്കേണം
ചെഞ്ചായം പൂശിയോരാകാശദൂര-
മിന്നെന്നെ വിളിച്ചുണര്ത്തുന്നു.
ഹൃദയത്തില്‍ നിന്നും പറിച്ചെറിയാന്‍
വയ്യ, പ്രിയനേ നീയെന്റേതു മാത്രം
ആകാശവീഥിയില്‍ നിന്നെപ്രതീക്ഷിച്ചു
നില്‍ക്കും ഞാന്‍, നീ വരുവോളം...

കുമ്പസാരം


വിതുമ്പലാല്‍
വിറയ്ക്കുന്ന ചുണ്ടില്‍
ഇരമ്പുന്ന സ്നേഹസ്പര്‍ശത്താ-
ലമര്‍ത്തി,യൊരുവിരല്‍
ഒരു മാത്ര...
നിറഞ്ഞൊഴുകിയൊരശ്രു
ഒരുകയ്യാല്‍ വടിച്ചെറിഞ്ഞും,
മറുകയ്യാല്‍ അണച്ചുമുരചെയ്തു
“വിഷാദം വേണ്ട
ക്ഷമിച്ചു ഞാനെല്ലാം
മറക്കാതെയിരിക്കണം
ചിരിക്കുന്ന മുഖങ്ങളില്‍
ഒളിക്കുന്ന ചതിയുണ്ട്
കപടത മുഖംമൂടി
അണിഞ്ഞവര്‍ അനവധി
കരുതണം, ചുവടുകള്‍
പിഴയ്ക്കാതെ നോക്കണം.”

മനസറിഞ്ഞര്ത്ഥിച്ചു ഞാന്‍
“ക്ഷമിക്കണം പിഴവുകള്‍
അറിയാതെ ചെയ്തുപോയോ-
രപരാധം പൊറുക്കണം
ഒരിക്കലും വരില്ലിനി-
യൊരുവിധി ഇതുപോലെ”

ചെറിയൊരു മന്ദഹാസം
നിറഞ്ഞൊരാ ചുണ്ടുകളില്‍...
മനസിലെ നന്മ
ഞാനറിയുന്നു നമിക്കുന്നു .