Monday, December 30, 2013

കണ്ണാ...



വൃന്ദാവനത്തിലെ
നേര്‍ത്ത നീലവെളിച്ചത്തിന്റെ മറവിലും
നിന്റെ മിഴിയിണകള്‍ക്ക്
വജ്രത്തിളക്കം.

നനഞ്ഞ ചുണ്ടിലെ
മൃദു ചുംബന ലഹരിയില്‍
നമ്മള്‍, യമുനയുടെ തീരങ്ങളിലെ
നിറസന്ധ്യാ നക്ഷത്രങ്ങള്‍

ഒരു ചെറുചിരിയിലൊളിപ്പിച്ച
നിന്റെ നീണ്ട മൌനത്തിന്
ഒരുപാട് കഥകള്‍
പറയുവാനുള്ളതുപോലെ..

കണ്ണാ, ഇനിയും ജന്മമുണ്ടായാല്‍
എനിക്ക് നിന്റെ പ്രിയസഖി രാധയാവണം
കല്പാന്ത കാലത്തോളം പ്രണയിച്ച്
എന്നെ നിന്നില്‍ ചേര്‍ത്തുനിര്‍ത്തുക..

Saturday, December 28, 2013

അച്ഛാ...



ചാരുകസേര,
കോളാമ്പി ,
സ്വര്‍ണ്ണ നിറമുള്ള വാച്ച് 
കണ്ണട,
മക്കളെ എന്ന സ്നേഹവിളി, 
പെന്‍ഷന്‍ വാങ്ങി വരുമ്പോള്‍
കിട്ടുന്ന
പലഹാരപ്പൊതികളുടെ മണം 
എല്ലാമെല്ലാം കൂടെയുണ്ട്

തണുക്കുമ്പോള്‍
തലയിലിടുന്ന മങ്കി ക്യാപ്പും
സ്വെറ്ററുമെടുക്കാതെ
അച്ഛനവിടെ തണുക്കുന്നുണ്ടാവില്ലേ?
പുലര്‍ച്ചെയുള്ള ചൂടുവെള്ളം
സമയത്തിന് കിട്ടുന്നുവോ?
വേദനയുള്ള കാലില്‍
മാലാഖമാര്‍
കുഴമ്പു പുരട്ടുമോ?

അച്ഛാ...
അച്ഛന്‍ കൊണ്ടുപോയ
അമ്മയുടെ ഓര്‍മ്മകളെ
തിരികെ തരുമോ
ഇഴചേര്‍ക്കപ്പെടാനാവാതെ,
അമ്മയുടെ ചിന്തകള്‍
ചിതറിവീഴുന്നു.
ആണ്ടുകള്‍ക്കും,ആകുലതകള്‍ക്കുമിടയില്‍
പൊട്ടിവീണ ആ ഓര്‍മ്മത്തുണ്ടുകള്‍
അടുക്കിവെയ്ക്കാന്‍
അച്ഛന്‍ വരുമോ..