Thursday, March 31, 2011

ഒരു സൈബര്‍ കാഴ്ച


ഒരു കോളൊത്തുവന്നിട്ടുണ്ട്
നേരിട്ട് വന്നാല്‍ ലൈവായി കാണാം
ഉച്ച മയക്കത്തില്‍ നിന്നെന്നെയുണര്‍-
ത്തിയതെന്‍ സുഹൃത്തിന്‍റെ ഫോണ്‍വിളി
എവിടെയാണെന്താണ് കോള്
ജിജ്ഞാസ കൊണ്ടു ഞാനന്വെഷിച്ചു
ഇവിടെ ഈ സ്കൂളിന്‍റെ തൊട്ടരുകിലാ-
ക്യാമറാ ഫോണും എടുത്തു കൊള്ളേണം
ഓടിപ്പാഞ്ഞെത്തിഞ്ഞാന്‍, ഒന്നുനോക്കി
ഞെട്ടിത്തരിച്ചങ്ങു നിന്നുപോയ്‌
ചൂട് മാറാത്ത ചോരയില്‍ കിടന്നതാ
പിടയുന്നൊരാള്‍, കൂടുന്നു കാണികള്‍
ഞാനൊന്നു നോക്കി, ചുറ്റിനും
ആരുമില്ലേ..ഒന്നെടുത്തുയര്ത്തീടുവാന്‍
എല്ലാവരും ആ ദൃശ്യംപകര്‍ത്തുന്നു
ക്യാമറാ മൊബൈലില്‍, ഒരു കോളൊത്തു കിട്ടി..
പൊട്ടിത്തെറിച്ചുഞാന്‍, നാണമില്ലേ
ആരുമില്ലേ മനസാക്ഷി മരിക്കാതെ ..
ആരോ ഒരാള്‍ വന്നു ഒരു കൈത്താങ്ങിനായ്‌
കോരിയെടുത്തു, ആസ്പത്രിയിലേക്ക്

ഇതാണോ മനുഷ്യത്വം ഇതാണോ നന്മ
ഇതു തന്നെയല്ലേ നാളെ നിനക്കും
പഴുത്തില വീഴുമ്പോള്‍ ചിരിക്കുന്നു പച്ചില
നാളെയോ... ചിന്തിച്ചു നോക്കീടു നമ്മള്‍...

തോഴന്‍


ഇനി നീ പൊയ്ക്കൊള്ളുക 
തിരിഞ്ഞു നോക്കീടാതെ,
കേഴാതെ,
യാത്ര പറയാതെ....

ഇതുവരെ നല്‍കിയ
സ്നേഹലാളനകള്‍
മതിയെനിക്കീ ജന്മം 
ഓര്‍ത്തു വെച്ചീടുവാന്‍ 

പിന്‍ വിളിയില്ലിനീ 
കൊഞ്ചലുകളില്ല 
ചെറു ചിരിയുമില്ല
കിനാക്കളില്ല.

നോക്കരുത് പിന്തിരി-
ഞ്ഞെന്നെ നീഎന്റെയീ
നിറയുന്ന കണ്ണുകള്‍
കാണരുത് നീയിനീ..

കണ്ട കിനാവുകള്‍
സ്വപ്നമെന്നോര്‍ത്ത്
ഇനി നീ പൊയ്ക്കൊള്ളുക,
യാത്ര പറയാതെ. 

നീറുമെന്നോര്‍മയില്‍
മാത്രമായ്‌ ... നിന്മുഖം
പൊയ്ക്കൊള്ളുകെന്നെ-
വിട്ടെന്നെയ്ക്കുമായ് സഖേ...

സന്ധ്യയാണെനിക്കേറെ ഇഷ്ടം

    

സന്ധ്യയാണ് 

എനിക്കേറെ ഇഷ്ടം.
അപ്പോഴാണ്‌
തനിച്ചിരുന്നു
ചിന്തിക്കാനിഷ്ടം..
ആകാശത്തെ നോക്കി
പിറുപിറുക്കാനിഷ്ടം...


പകലിനെ തള്ളി മാറ്റി
പിണങ്ങി,
ചുവന്ന മുഖത്തോടെ
കടലിനെ പുല്‍കുന്നു
സൂര്യന്‍.
വിഷാദമേറ്റു വാങ്ങി
പകല്‍
ഇരുട്ടിനെ പുല്‍കി
പ്രതികാരം ചെയ്യുന്നു..


പറവകള്‍
പ്രിയരെ തേടി
തിടുക്കത്തോടെ
കൂടണയുന്നു,
ഒന്നും പ്രതീക്ഷിക്കാതെ
പകലിനെ
കാത്തിരിക്കുന്നു.


പെട്ടന്ന് വീടെത്താന്‍
ആഞ്ഞു നടക്കുന്നു സ്ത്രീകള്‍
കുഞ്ഞുങ്ങള്‍
വഴിക്കണ്ണുമായി
കാത്തിരിക്കുന്നുണ്ടാവും..


തിരക്കുകളില്‍
അലിഞ്ഞലിഞ്ഞില്ലാതെ-
യാകുന്ന സന്ധ്യ
ഇരുട്ടിന്റെ മാറില്‍
താനെയമരുന്നു..


സ്വപ്‌നങ്ങള്‍ പങ്കുവെച്ചു,
പതംപറഞ്ഞു കരയാനും,
എന്നിലേക്കാഴ്ന്നിറങ്ങാനും
സന്ധ്യയാണെനിക്ക്
എന്നും പ്രിയപ്പെട്ടവള്‍....



എന്തിന് വെറുതെ..

    

തെറ്റ് ചെയ്തോ ഞങ്ങള്‍

ഏറ്റവും കൂടുതല്‍
വിറ്റഴിക്കപ്പെടുന്ന
പേരുകള്‍
ഞങ്ങളുടെതാണ്..
എന്തിനാണ്
ഞങ്ങളെ എന്തിനാണ്
ഇങ്ങനെ വെറുതേ
വലിച്ചിഴയ്ക്കുന്നത്?

രാഷ്ട്രീയതിമിരം
ബാധിച്ച
താപ്പാനകള്‍ക്ക്
ഞങ്ങളുടെ പേര്
തെറി പറഞ്ഞ വിടനും
കാമഭ്രാന്തനും
ചതിയനും എല്ലാം
ഒരേ പേര് ..

ഞങ്ങള്‍ക്ക് നന്ദിയില്ലേ
യജമാനന്‍
വിഷം തന്നാലും
ഭക്ഷിച്ചു വീണ്ടും വീണ്ടും
വാലാട്ടുന്നു ഞങ്ങള്‍
നന്ദിയോടെ.
പക്ഷെ നിങ്ങളോ?

അമ്മ

       

നിറമുള്ളൊരോര്‍മ്മയായ്‌
മനസ്സില്‍ തെളിയുന്നു,
ചന്ദന ഗന്ധമായ്‌
അകിലിന്‍ സുഗന്ധമായ്‌..
കുഞ്ഞിളം പാല്ച്ചുണ്ടിലമ്മ-
യെന്നുള്ളംകുളിര്‍ക്കെ വിളിച്ചതും
പിച്ചവെയ്ക്കുമ്പോഴിടറി വീഴാതെ
കൈത്താങ്ങുനല്‍കി മാറോടണച്ചതും,
കൊഞ്ചലിന്‍ മറുവാക്കു
കൊഞ്ചലാല്‍ നല്കി
വാരിയെടുത്തുമ്മ നല്കി
വട്ടം കറക്കുന്നതും,
ഓര്‍മയില്‍ തെളിയുന്നു..
അച്ഛന്‍ ശകാരിക്കുമ്പോള്‍
നിറയുന്ന കണ്ണുകള്‍
മാറ്റിപ്പിടിച്ചമ്മ മക്കളെ
സാന്ത്വന മന്ത്രത്താലുറക്കി,
യവ്വന കാലത്തൊരല്‍പ്പം
ഭയത്തോടെ
മകളെ കണ്ണിമയ്ക്കാതെ
വളര്‍ത്തി വലുതാക്കി,
മറ്റൊരാളിന്‍
കൈത്താങ്ങിലേല്‍പ്പിച്ചു
നിശ്വസിച്ചമ്മ
വേര്‍പെടുത്താതെ വളര്‍ത്തി
പൊന്‍ മക്കള്‍ക്കു
സ്നേഹംകൊടുത്തു നിറയെ
അമ്മ പോയ്‌,എന്നേക്കുമായി..
സ്നേഹിച്ചു കൊതിതീര്‍ന്നില്ലെ-
നിക്കമ്മയെ സ്നേഹിച്ചുമതിയായുമില്ല
വിണ്ണിലെ താരകളോടൊത്തമ്മ
മക്കള്‍ക്കു സൌഭാഗ്യമേകും.
ഒരിറ്റു കണ്ണുനീര്‍
പൊഴിക്കാതെ,കേഴാതെ
ഒരു ദിനം പോലും
വരില്ലെനിക്കിനി ഒരിക്കലും..

ചിന്തകള്‍





സത്യം പറയുന്നവരെ നമ്മള്‍
ഭ്രാന്തരെന്നു വിളിക്കുന്നു
ആളുകള്‍ക്ക് വേണ്ടത്
സ്തുതിപാഠകരെയാണ്

സ്വപ്‌നങ്ങള്‍ കാണുന്നവരെ നാം
സ്വപ്നജീവികളെന്നു വിളിക്കുന്നു
സ്വപ്‌നങ്ങള്‍ കാണുന്നത്
നമുക്കിഷ്ടമാണെന്കിലും

മദ്യപിക്കാത്തവര്‍
നട്ടെല്ലില്ലാത്തവര്‍
മദ്യപാനം നിര്‍ത്താന്‍
കഴിയാത്തവര്‍ നട്ടെല്ലുള്ളവര്‍

ഞാന്‍ മരിച്ചാല്‍ ലോകമില്ല
എന്നൊരു കൂട്ടര്‍
ഉത്തരം താങ്ങുന്ന
പല്ലിയെപോലെ,വ്യര്‍ത്ഥ ചിന്തക്കാര്‍

എതിര്‍ക്കുന്ന സ്ത്രീകള്‍
ശരിയല്ലെന്നൊരു കാഴ്ചപ്പാട്
ആണിന്‍റെ കോപ്രായങ്ങള്‍
നിശബ്ദം സഹിക്കേണം,സ്ത്രീ

തെറ്റിനെ ശരിയാക്കാന്‍
സ്വയം നിരത്തുന്നു ന്യായങ്ങള്‍
രമ്യ ഹര്‍മ്യങ്ങളില്‍ പാര്‍ത്തു
പട്ടിണിയെ പഠിക്കുന്നതുപോലെ

സ്ത്രീധനം




എന്താണ് സൗന്ദര്യം
തൊലി വെളുപ്പോ
അഴകളവുകളോ
കടാക്ഷങ്ങളോ?

മനസിനാണ്
സൗന്ദര്യമെന്നു
പാടിപ്പുകഴ്ത്തുന്നവര്‍
സ്ത്രീധനത്തിനു തര്‍ക്കിക്കുന്നു..

മുന്നില്‍ നില്‍ക്കുന്ന
പെണ്‍കുട്ടിയെ ഇങ്ങനെ
തുറിച്ചു നോക്കുന്നതെന്തിന്
ഒരു കുറ്റവാളിയെ പോലെ?

മാറിനിന്നു നീ
വിലപേശുന്നതെന്താണ്
ഇത് ലാഭമോ നഷ്ടമോ..
വേണോ വേണ്ടയോ എന്നാവാം...

അറക്കാന്‍ വിധിക്കപ്പെട്ട
മാടിനെപ്പോലെ
അവളവിടെ
തന്റെ വിധിയും കാത്ത്

നാളെ നിന്റെ മകളും
മറ്റൊരാളിന് മുന്നില്‍
അറവു മാടിനെ പോലെ
സ്വന്തം വിധി തേടും...


മകന്‍





മകന്റെ വാടിയ മുഖം കണ്ടമ്മ തിരക്കി                                                                                              
എന്തുപറ്റി എന്‍ ഉണ്ണീ നിനക്ക്...
അമ്മേ.... എനിക്കിന്ന് പണം വേണം,
എന്തുചെയ്യുമെന്നറിയില്ല.

കഴുത്തിലുണ്ടായിരുന്ന താലി-
മാല പറിച്ചുണ്ണിക്കുകൊടുത്തമ്മ
ഇതാ... ഇതുകൊണ്ടു വിറ്റു
നിന്നാവശ്യം നിറവേറ്റുക മകനെ..

മകന് സന്തോഷമായ്‌..
ഭാര്യയുമൊത്തവന്‍ പടിയിറങ്ങി.
ചുരുട്ടിയ കയ്യില്‍ അമ്മതന്‍ താലി
ഭാര്യയുടെ കഴുത്തില്‍ തിളങ്ങുന്നു സ്വര്‍ണ്ണം.

പിന്നെയും മകന്റെ മുഖം വാടി
എന്തുപറ്റി മകനെ നിനക്കെന്നമ്മ
എനിക്ക് പണം വേണമമ്മേ..
എന്ത് ചെയ്യുമെന്നറിയില്ല...

ഉണ്ണീ, വിറ്റോളുകെന്‍ ഹൃദയം
എന്‍ വൃക്കകള്‍, കരള്‍, കണ്ണുകള്‍...
നിനക്കു തരാനായ്‌ മറ്റൊന്നുമില്ല
അമ്മയുടെ കയ്യിലിനി ബാക്കിയായ്‌..

മകന് സന്തോഷമായ്‌...
ഭാര്യയുമൊത്തവന്‍ പടിയിറങ്ങി.
അമ്മയെ മുറിച്ചു വില്‍ക്കുവാന്‍
ആവശ്യക്കാരെ തിരക്കി....