Friday, September 2, 2016

നീ വരുമ്പോള്‍ ...



നീ വരുമ്പോള്‍ 

പൂമരമൊഴുകുംപോലെ.

 
മനസ്സില്‍ ഓര്‍മ്മകളുടെ

 
പെരുമണം പടര്‍ത്തി നീ.


തഴുകിക്കടന്നുപോകുമൊരു


കുളിര്‍ക്കാറ്റുപോലെ ഞാനും...



നീ ചിരിക്കുമ്പോള്‍ 


കൂടെയൊരു വസന്തം ചിരിക്കുന്നു.


ചന്ദ്രപ്രഭയാര്‍ന്ന 


ധവളിമയോടെ,


നിന്‍ ചിരിയിലലിഞ്ഞു ഞാനും...



നീ നോക്കുമ്പോള്‍


തീഷ്ണശരങ്ങളാല്‍


ചിത്രമെഴുന്നോ-


രര്‍ജ്ജുനനെപ്പോലെ

.
കൂര്‍ത്ത ശരങ്ങളാല്‍


ബന്ധിതനാക്കിയ 


ഭീഷ്മരെപ്പോലെ ഞാനും...



നീ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ 


മെല്ലെപ്പൊതിയുന്ന

മാമരം പോലെ 

.
നിന്നില്‍ ചുറ്റിപ്പടര്‍ന്നു


പൂക്കാന്‍ കൊതിക്കുന്ന


തളിര്‍വള്ളി പോലെ ഞാനും...

നഷ്ട സന്ധ്യ


കറവീണ സന്ധ്യതന്‍ ചോട്ടില്‍ കനിവിന്‍റെ 

മറുകര കാണാതെ ഞാനിരിക്കെ


വെളിവിന്‍റെയോര്‍മ്മകള്‍ മെല്ലെത്തലോടുമ്പോള്‍

 
നിനവിന്‍റെ ഭീകരക്കാഴ്ചകാണാം .



കൌടില്യമോതുന്ന കുടിലതന്ത്രങ്ങള്‍ക്ക്


മറുവാക്ക് ചൊല്ലുവാനാവതില്ല

.
നെറികെട്ട ലോകത്തിനേകാനെനിക്കെന്‍റെ


വഴിവിട്ട വാക്കുകള്‍ മാത്രമായി.



മരവിച്ചചിന്തകള്‍ പേറുമീ ജീവിത-


പ്പാതയില്‍ മുള്ളും, മുനകളുമായ്


തള്ളിയലച്ചെന്‍റെ ഉള്ളം മുറിക്കുമ്പോള്‍


ഒപ്പത്തിനെന്‍റെ കിനാക്കള്‍ മാത്രം.



തെളിവാര്‍ന്ന ജീവിതം പാതിവഴിയിലേ


വെറിവീണു വിണ്ടു തകര്‍ന്നിടുമ്പോള്‍, 


കൈകളില്‍ കൈചേര്‍ത്ത്‌ മെല്ലെകരേറ്റുവാന്‍


ആരുണ്ട്‌ കൂട്ടിനായ്‌.... ആരുമില്ല.

കണ്ണാ.....



ചിരിമലര്‍ച്ചുണ്ടിലൂറും
മൊഴി ചാര്‍ത്തിയും,
മൃദുമധുര രവ
മുരളികയൂതിയും 
പരിചൊടു നീയരികെ
വരുമ്പോളഴലെഴും
കണ്ണിമചിമ്മിയീ രാധിക
കദനമൊടുരചെയ്ത
വാക്കുകള്‍....

മിഴി നിറയുന്നുവോ
നിന്നരുമസഖി തന്‍
കനലെരിയും വാക്കുകള്‍
ഹൃദയമതില്‍ പടരവേ
അരച, ദയാനിധേ
കൃപയരുളുക,
സങ്കടക്കടലിലാണിന്ന്
നിന്‍ പ്രിയസഖി രാധിക....

അടുക്കള.



അരി വേകുന്നപോല്‍,
അകംവേകുമമ്മതന്‍
തറവാട്.

പുകയറപോലെ
മൂടിയ മനസും,
തീയൂതിയൂതിക്കലങ്ങിയ
കണ്ണുകളും.

വിറകു പുകയുമ്പോള്‍
മനസും പുകയ്ക്കും,
വിശന്നിരിക്കുന്ന
വയറുകള്‍ കാണ്‍കെ.

അമ്മ ഹൃദയം
ഉരുകുയുരുകി
യങ്ങനെ ....

ഇരുട്ടും ഭിത്തിയും മാത്രം
തിരിച്ചറിയുമീ -
യമ്മതന്‍ മണം.
ചാരി നില്‍ക്കാം,
ചാരത്ത് ചേര്‍ത്തുവെയ്ക്കാം.......
ഇനിയെന്തൊളിക്കുവാന്‍ മരണമേ നിന്നില്‍നിന്നി-

നിയെന്തൊളിക്കുവാന്‍ ബാക്കിയുള്ളൂ ....,


ഒരുമാത്രനേരമേ മുന്നിലുള്ളൂ, നിന്‍റെ

 
ഹൃത്തില്‍ പതിക്കുവാന്‍ ബാക്കിയായി.



അകലത്തുനിന്നു ഞാന്‍ നിന്നെനോക്കി 


യെന്നാലുള്‍ക്കാമ്പുകാണുവാനായതില്ല.


ഒട്ടുദൂരത്തായി മാറ്റിനിര്‍ത്തീടുവാന്‍

 
മുറുകെശ്രമിച്ചു, കഴിഞ്ഞുമില്ല.


.
ചെറുകാറ്റുപോലെന്നെ, ആരുമറിയാതെ


പ്രണയത്തിലാക്കാന്‍ ശ്രമിച്ചിടുമ്പോള്‍


പിന്‍വിളിയോടെന്‍റെ യാത്രമുടക്കുന്നു

ബന്ധങ്ങള്‍, മായതന്‍ വിഭ്രാന്തികള്‍.



എങ്കിലും മരണമേ ഞാന്‍ നിന്‍റെ മാറിലേ-


യ്ക്കറിയാതെ ദൂരങ്ങള്‍ താണ്ടിടുമ്പോള്‍.


കാലൊച്ചയില്ലാതെയരികത്തുവന്നെന്‍റെ


മരണമേ, എന്നെ പുണര്‍ന്നുകൊള്‍ക..

ചുംബനം



പ്രണയിനി ഭൂമിയെ ചുംബിച്ചുണർത്തുവാൻ


അർക്കനും തെല്ലിട മറന്നുനിന്നോ


അമ്മതൻ മേനിയിൽ മഴനൂൽക്കരങ്ങളാൽ 


ആലിംഗനം ചെയ്തുമ്മവെയ്ക്കാൻ


കാറ്റിൻ കരങ്ങളിൽ താലോലമാടുന്ന


കാർമേഘക്കുഞ്ഞും മറന്നുപോയോ.



ഈർപ്പക്കനിവിനായ്‌ വെയിലേറ്റുവാടിയ


അമ്മച്ചെടി തലതാഴ്ത്തി നിൽക്കെ


ഇതളുകിളിർത്തു തുടങ്ങിയ മലരിനെ 


ചുംബന പൂക്കളാൽ ഇക്കിളികൊള്ളിച്ച്


കരിവണ്ടും തക്കം പാര്ത്തു നിൽപ്പൂ 



വരളുന്ന കനവുകൾ നട്ടുനനച്ച്,


ആഴിതൻ മാറിലെക്കാർത്തു പതിക്കുവാൻ

ഇളകിത്തെറിച്ചുപതച്ച പുഴ 


ഭൂമിതൻ മാറില്‍ തളർന്നു കിടക്കു-


ന്നൊരുമേഘ ചുംബനത്താ-


ലുയർത്തെണീക്കാൻ.

വിരഹം


അകലെയെങ്കിലും
നമുക്കിടയില്‍
തിരിച്ചറിയലുകളുടെ
മാസ്മരികത നിറഞ്ഞിരുന്നു .

നീ ചൊല്ലിയ കവിതകളില്‍
ഞാന്‍ കേട്ടത്
നിന്റെ ഹൃദയത്തിന്റെ
മിടിപ്പായിരുന്നു

രാവേറെ വൈകിയും
ഇലച്ചാര്‍ത്തുകളെ തഴുകുന്ന
ചന്ദ്രികയെ, ഞാന്‍ കൊതിയോടെ
നോക്കിയിരുന്നു.

മൃദു കാലടികളോടെ
നീ കടന്നു വന്നത്
തുരുമ്പെടുത്ത്, ദ്രവിച്ചടര്‍ന്ന
എന്റെ ഹൃദയ കവാടം തുറന്ന്‍..

എന്നിട്ടും
പറിച്ചെറിയാനാവില്ല എന്നേറെ
തോന്നിയ നിമിഷം തന്നെ
നീ ചവിട്ടിയിറങ്ങിയത്,
മുറിവുണങ്ങാത്ത
എന്റെ ഹൃദയ ഭിത്തികളെയും...