Monday, August 5, 2013

എന്റെ സ്വപ്നം ...



നീ നീട്ടിയ,
സ്നേഹനിലാവിന്റെ ഒരുതുണ്ട്
എന്നെ കൊതിപ്പിച്ചപ്പോഴാണ്
നിന്റെ വാചാലതയില്‍ തട്ടി
എന്റെ മൌനത്തിന്റെ വക്കടര്ന്നത്‌

എന്റെ സ്നേഹത്തിന്റെ

ക്യാന്‍വാസില്‍
നീ നിറം പകര്ന്നപ്പോഴാണ്
ആകാശക്കോണിലായി
മടക്കി വെച്ച
ചെഞ്ചുവപ്പു പുതപ്പിന്റെ
ഒരു കീറ്
എന്റെ മുഖത്തും പതിച്ചത്

പക്ഷെ,
ചേര്ത്തു വെച്ചപ്പോഴും
ഒന്നിച്ചു കൂടാത്ത-
എന്റെ മുറിവുകളില്‍ നിന്ന്
രക്തമൊഴുകിയത്
നീ കണ്ടില്ലെന്നു നടിച്ചപ്പോഴാണ്
എന്റെ സ്വപ്നം
ജഡമായിരുന്നു എന്ന്
ഞാന്‍ തിരിച്ചറിഞ്ഞത്

സമ്പാദ്യം



കയ്യില്‍ പിടിച്ചു വലിക്കാതെ നീ,
ഞാനെന്റെ സമ്പാദ്യമൊക്കെയുമൊന്നെടുത്തോട്
ടെ.
നാളെയാകാശഗോപുര വാതില്ക്കല്‍
ചോദ്യം വരുമ്പോള്‍ പതറാതിരിക്കുവാന്‍
ചെയ്ത പുണ്ണ്യത്തിന്‍ കണക്കുകള്‍
ഞാന്‍ രണ്ടു പേജിലായ്‌ കൂട്ടിയെടുത്തു
പാപത്തിന്‍ കണക്കുകള്‍ കൂട്ടുവാനായ്‌, അയ്യോ..
ഇത്തിരി കൂടി നീ കാത്തുനിന്നീടണെ.
അറിയാതെ ചെയ്തെന്നു ഞാന്‍ വിചാരിച്ചതും,
പാപകര്മ്മത്തിന്റെ കൂട്ടില്‍പ്പെടുത്തിയോ
നേരായ മാര്ഗ്ഗത്തിലല്ലാതെ ഞാന്‍ ചെയ്ത
കാര്യങ്ങള്‍ നേരെന്നു ഞാന്‍ കരുതീടുമ്പോള്‍..
ആവശ്യത്തിന് ന്യായങ്ങള്‍, തര്ക്കങ്ങള്‍
എന്നുള്ളിലുണ്ട്, ജയിക്കുമോ ഞാനതില്‍
ആര്ക്കും കൊടുക്കാതെ, ആരെയും നോക്കാതെ
ഞാനുണ്ടാക്കി വെച്ചോരെന്‍ രമ്യഹര്മ്മം ഞാ-
നോന്നെടുത്തോട്ടെ,യവിടെയും പാര്ക്കുവാന്‍..
ഞാന്‍ തനിച്ചുണ്ടാക്കിയെന്റെയീ സ്വത്തുക്കള്‍
നാളെയന്ന്യാധീനമായിപ്പോയീടുമോ
എക്കറിനെന്തു വിലയുണ്ടു സ്വര്ഗ്ഗത്തില്‍..
ഈവസ്തു ഞാന്‍ തന്നാല്‍ നല്ല വില കിട്ടുമോ..

നീയെന്റെ കയ്യില്‍ പിടിക്കാതെ നില്ക്കൂ
ലാഭ നഷ്ടത്തിന്‍ കണക്കുതീര്ന്നില്ല
രക്തത്തിളപ്പില്‍ ഞാനുണ്ടാക്കി വെച്ചോരെന്‍
സ്വത്തുക്കളോക്കെയും പാപമായ്‌ തീരുമോ
ഞാനെന്തു ചെയ്യും, ഒന്ന് തിരിഞ്ഞു ചിന്തിക്കാന്‍
അല്പസമയം കൂടി ബാക്കി കിട്ടീടുമോ..
കയ്യില്‍ പിടിച്ചു വലിക്കാതെ നീ.
ഞാനെന്റെന്‍ സമ്പാദ്യമൊക്കെയുമൊന്നെടുത്തോട്ടെ

പ്രിയനോട്


അരികത്തിരിക്കൂ ഒരുമാത്ര,
നീയെന്റെ സ്പന്ദനം തൊട്ടറിയുന്നു..
കൊതിയോടെ ഞാനറിയുന്നു
നീയെന്റെ ജീവന്റെ നിഴലായിരുന്നു.
ചിറകറ്റുവീണോരെന്നാത്മദാഹങ്ങളെ
അലിവോടു നീ ചേര്‍ത്തുനിര്‍ത്തി
കനിവിന്റെ നീര്ത്തുള്ളി നല്‍കി,
നീയെന്നെ നിന്‍
പ്രാണനില്‍ ചേര്‍ത്തുവെയ്ക്കുന്നു.
ചിറകടിയൊച്ച നിലയ്ക്കുന്നതിന്മുന്നെ-
യെന്നരികത്തു നീയിരിക്കേണം
ചെഞ്ചായം പൂശിയോരാകാശദൂര-
മിന്നെന്നെ വിളിച്ചുണര്ത്തുന്നു.
ഹൃദയത്തില്‍ നിന്നും പറിച്ചെറിയാന്‍
വയ്യ, പ്രിയനേ നീയെന്റേതു മാത്രം
ആകാശവീഥിയില്‍ നിന്നെപ്രതീക്ഷിച്ചു
നില്‍ക്കും ഞാന്‍, നീ വരുവോളം...

കുമ്പസാരം


വിതുമ്പലാല്‍
വിറയ്ക്കുന്ന ചുണ്ടില്‍
ഇരമ്പുന്ന സ്നേഹസ്പര്‍ശത്താ-
ലമര്‍ത്തി,യൊരുവിരല്‍
ഒരു മാത്ര...
നിറഞ്ഞൊഴുകിയൊരശ്രു
ഒരുകയ്യാല്‍ വടിച്ചെറിഞ്ഞും,
മറുകയ്യാല്‍ അണച്ചുമുരചെയ്തു
“വിഷാദം വേണ്ട
ക്ഷമിച്ചു ഞാനെല്ലാം
മറക്കാതെയിരിക്കണം
ചിരിക്കുന്ന മുഖങ്ങളില്‍
ഒളിക്കുന്ന ചതിയുണ്ട്
കപടത മുഖംമൂടി
അണിഞ്ഞവര്‍ അനവധി
കരുതണം, ചുവടുകള്‍
പിഴയ്ക്കാതെ നോക്കണം.”

മനസറിഞ്ഞര്ത്ഥിച്ചു ഞാന്‍
“ക്ഷമിക്കണം പിഴവുകള്‍
അറിയാതെ ചെയ്തുപോയോ-
രപരാധം പൊറുക്കണം
ഒരിക്കലും വരില്ലിനി-
യൊരുവിധി ഇതുപോലെ”

ചെറിയൊരു മന്ദഹാസം
നിറഞ്ഞൊരാ ചുണ്ടുകളില്‍...
മനസിലെ നന്മ
ഞാനറിയുന്നു നമിക്കുന്നു .

Tuesday, April 30, 2013

തിരിച്ചറിവ്


ഏതു ചിമിഴിലാണ്
സ്നേഹനിലാവിന്റെ തുണ്ട്
നീ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്..

ഹൃദയം കൊണ്ട്
ഞാനെഴുതിയ കാവ്യങ്ങള്‍
ഇരുട്ടിന്റെ എതറയിലാണ്
നീ പൂഴ്ത്തിവെച്ചിരിക്കുന്നത്..

നിന്റെ പുഞ്ചിരിയുടെ
കുളിര്‍മ്മ
എന്നെ പുണരുന്ന
ഏതു നിമിഷങ്ങളിലാണ്
എന്റെ പ്രണയം നീ
തിരിച്ചറിയുന്നത്‌...

തിരസ്കാരത്തിന്റെ
പ്രാണവേദനയിലും
തിരിച്ചറിവിന്റെ
നേര്‍ത്ത ഇഴകള്‍
എന്റെ ഹൃദയത്തെ
തലോടുന്നുണ്ട്.

അപൂര്‍വ്വമായ
ഒരു ശാന്തത
ഇപ്പോള്‍ എന്നെ പുണരുന്നുണ്ട്.
ഞാനതില്‍ അല്‍പനേരം
ലയിക്കട്ടെ.

Monday, April 15, 2013

അപരിചിതന്‍

ചാരത്തില്‍
ഊതിയൂതി തെളിയിച്ച
കനലുപോലെയൊന്ന്
നെഞ്ചിനകത്തും..

 ചുണ്ടുകള്‍ 
ചേര്‍ത്തുപിടിച്ചിട്ടും
വിതുമ്പലാല്‍
വിറയ്ക്കുന്നുവോ..

എനിക്കറിയാം
നമുക്കിടയില്‍
ഒരുകടലോളം
അകലമുണ്ടെന്ന്..

എങ്കിലും ചിലപ്പോള്‍
ഹൃദയമൊന്നു  തുള്ളുന്നത് 
നേരിട്ടറിയാം.

ദിക്കുതെറ്റിയവന്റെ
അന്ധാളിപ്പും,
കടല്‍ മോഹങ്ങളുടെ
ആഴവുമുണ്ട്
ചിലപ്പോഴെങ്കിലും...

തിരിച്ചറിയുന്നുണ്ട്'
എത്രയൊക്കെ ശ്രമിച്ചാലും
കാതങ്ങള്‍ക്കകലെ,
നമ്മള്‍
രണ്ടപരിചിതര്‍...



Thursday, April 4, 2013

പകര്‍ന്നാട്ടം



നീണ്ട മൌനവാല്മീകത്തിലമര്‍ന്ന
നിര്‍ജ്ജീവമായ കണ്ണുകളുള്ള
വിരസമായ പകലിനെയും,
മനസ്സില്‍ വെറി വീഴ്ത്തി വികൃതമാക്കിയ
വെയിലിനേയും ,
ജന്മനാ അന്ധയായ,
ശിലപോലുറച്ച ,
ഹൃദയമില്ലാത്ത രാത്രിയെയും
ഞാന്‍ മറന്നു.

ഇപ്പോള്‍
സ്വപ്നങ്ങളുടെ ആവേഗമുള്ള
പൂക്കളുടെ ഗന്ധമുള്ള
പകലിലാണ് ഞാന്‍.
വെയിലിനിപ്പോള്‍
പ്രണയത്തിന്‍റെ പകര്‍ന്നാട്ടമാണ്
ഇടയ്ക്കിടെ ഇക്കിളി കൂട്ടാനെന്നപോലെ
മയക്കു ചിരിയുമായി
കാറ്റും കൂടെയുണ്ട്.