Friday, September 2, 2016

വരൾച്ച


നമുക്കിടയിൽ

വരൾച്ചയുടെ നിറഭേദങ്ങൾ


തെളിഞ്ഞുതുടങ്ങിയിരിക്കുന്നു

 .
ജീർണ്ണതയുടെ, മാലിന്യത്തിന്റെ

 
വിഷപ്പുക നാമിരുവരും


ശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു

.
പരസ്പരം മനസിലാകാതെയെന്നോണം


 നമ്മളന്യോന്യം പകച്ചുനോക്കുന്നു.


മടുപ്പിലൂടെ സഞ്ചരിക്കുമ്പോൾ


പാതയോരങ്ങളിൽ ഇരുട്ടാണ്.


തെളിമയുള്ള ഒരു കാഴ്ചപോലും


കണ്ണിൽ പതിയുന്നുമില്ല.


വരണ്ട ഉഷ്ണക്കാറ്റിൽ 


പ്രഭാതത്തിന്റെ പച്ചപ്പ്‌


താനേ മറയുകയും,


നമ്മിൽ വിഷാദം പടരുകയും...



ഒരിക്കൽ നമുക്കായി വസന്തം 


തീർത്ത ഇടവഴിയും, ഇലഞ്ഞിമരവും


വേരറ്റ സ്വപ്നം പോലെ
.
എന്നാണൊരു കുളിർകാറ്റിനി


നമുക്കായി വീശുന്നത്...

വിരഹം....


പിരിയുവാനേറെ സമയമില്ലെന്നുഞാന്‍
പാതിവഴിയില്‍ തിരിഞ്ഞുനില്‍ക്കേ,
ഒരു പുഞ്ചിരിപ്പൂവുനീട്ടി നീയെന്നുടല്‍,
പിരിയാതെ ചേര്‍ത്തു പിടിക്കയാണോ...

എരിയുന്ന നൊമ്പരത്തീക്കടല്‍ പേറുന്ന
നെഞ്ചകത്തോടു നീ ചേര്‍ന്നുനില്‍ക്കേ,
കുളിരാര്‍ന്ന മൊഴികളാല്‍ ചേര്‍ത്തുചേര്‍ത്തെന്നുടെ
ഹൃദയം പകുത്തങ്ങെടുക്കയാണോ..

ചെറുനേരമെങ്കിലും ചേരാതിരിക്കുകില്‍
ഹൃദയം പൊടിയുന്നു കൂട്ടുകാരാ
മിഴിനീര്‍ തുടച്ചുനീ തെളിവാര്‍ന്ന ചിത്തമോടരികേയ്ക്കു ,
ചുമലൊന്നു ചേര്‍ത്തുനിര്‍ത്തൂ...

തിരികെ നീ വന്നീടുമോ..



മുറിവേറ്റ മുരളിക തേങ്ങുന്നു മെല്ലെ ,

കണ്ണാ നീയെവിടെ..


കാളിന്ദീതീരവും, ഗോവര്‍ദ്ധനവും നീ


തെല്ലും മറന്നുപോയോ..


കണ്ണാ,


തിരികെ നീ വന്നീടുമോ..



പ്രിയസഖി രാധയെ


മറന്നുവോ കണ്ണാ ഈ


ഗോപികമാരെയും


മറന്നുപോയോ


മധുരയിലെത്തിയാല്‍


തിരികെ വരുമെന്ന


വാക്കും മറന്നുപോയോ


കണ്ണാ,


തിരികെ നീ വന്നീടുമോ

..

ശരറാന്തല്‍ തിരിയിലെ


നിറദീപം പോലെയെന്‍


ഓര്‍മ്മകള്‍ പെയ്തിടുന്നു


വൃന്ദാവനത്തിലെന്‍


മാനസം പായുന്നു,


മയിലുകളാടിടുന്നു


കനവില്‍


കുയിലുകള്‍ പാടിടുന്നു.

.
കണ്ണാ,


തിരികെ നീ വന്നീടുമോ..



ഓര്‍മ്മകളോര്‍മ്മക-


ളെന്നെ തളര്‍ത്തുന്നു


കൃഷ്ണാ നീയെവിടെ..


പ്രിയസഖി രാധയെ


ഒരുനോക്കു കാണുവാന്‍


ഇനിയും വരാത്തതെന്തേ


കണ്ണാ,


തിരികെ നീ വന്നീടുമോ..

കദനം

കദനപ്പെരുക്കത്തില്‍
 
മുഴുകിയും, മുങ്ങിയു-


മുരചെയ്ത വാക്കുകള്‍

 
ഹൃദയത്തിലേറ്റം


ചെറുതല്ല, നൊമ്പര-

 
ക്കടലാണതിനുള്ളി-


ലലയടിച്ചുയരുന്ന 


തിരമാലപോലെയാ


ഗദ്ഗദം കേട്ടുള്ളി-


ലുണരുന്നതേങ്ങലാല്‍ 


മറുവാക്കു ചൊല്ലുവാന്‍


കഴിവില്ലയെങ്കിലും

,
നെഞ്ചോടു ചേര്‍ന്നു


ഞാനെന്‍ മനക്കണ്ണിനാല്‍,


നിറയുന്ന മിഴികളെ,


കാണുന്നു...,ഞാനെന്‍റെ

,
അംഗുലീസ്പര്‍ശത്താ-


ലാമിഴിക്കോണില്‍


പൊടിഞ്ഞൊരാനീരിനെ 


മെല്ലെത്തെറുപ്പിച്ചൊ-


ന്നാലിംഗനം ചെയ്തു


നില്‍ക്കട്ടെ,യൊരുമാത്ര-


യെല്ലാം മറക്കുവാന്‍...

പ്രണയിക്കുന്നതിനു മുന്‍പ് .


പ്രണയിക്കുന്നതിനു മുന്‍പ്

നീ അഭിപ്രായമില്ലാത്തവനാകണം.

 
നിന്‍റെ ഇഷ്ടങ്ങള്‍

 
അവളുടെ മാത്രമിഷ്ടങ്ങളാകണം.


നിന്‍റെ ദേഷ്യവും,സങ്കടവും 


നീ മറന്നേക്കണം

.
നിന്‍റെ ആവശ്യങ്ങള്‍


അവളുടെയാവശ്യങ്ങളാകണം.


നീ സംസാരിക്കുന്നത്


വളരെ കുറവും,


കേള്‍ക്കുന്നത് 


വളരെ കൂടുതലുമാകണം 

.
അവളെ കേട്ടുകൊണ്ട് 


മന്ദനെപ്പോലെയിരിക്കണം.


നിന്‍റെ കുടുംബം


അവളുടേതാവില്ല, എന്നാല്‍


അവളുടെ കുടുംബം


നീന്റേതാകണം

.
അവളുടെ ദേഷ്യവും,


പിണക്കവും

നീ സഹിക്കണം

,
തിരിച്ച് പ്രതീക്ഷിക്കരുത്.


പറ്റുമെങ്കിലെപ്പോഴും


നീയില്ലാതെ എനിക്ക്


ജീവിക്കാനാവില്ല 


എന്നുപറഞ്ഞുകൊണ്ടിരിക്കണം.  

നീ വരുമ്പോള്‍ ...



നീ വരുമ്പോള്‍ 

പൂമരമൊഴുകുംപോലെ.

 
മനസ്സില്‍ ഓര്‍മ്മകളുടെ

 
പെരുമണം പടര്‍ത്തി നീ.


തഴുകിക്കടന്നുപോകുമൊരു


കുളിര്‍ക്കാറ്റുപോലെ ഞാനും...



നീ ചിരിക്കുമ്പോള്‍ 


കൂടെയൊരു വസന്തം ചിരിക്കുന്നു.


ചന്ദ്രപ്രഭയാര്‍ന്ന 


ധവളിമയോടെ,


നിന്‍ ചിരിയിലലിഞ്ഞു ഞാനും...



നീ നോക്കുമ്പോള്‍


തീഷ്ണശരങ്ങളാല്‍


ചിത്രമെഴുന്നോ-


രര്‍ജ്ജുനനെപ്പോലെ

.
കൂര്‍ത്ത ശരങ്ങളാല്‍


ബന്ധിതനാക്കിയ 


ഭീഷ്മരെപ്പോലെ ഞാനും...



നീ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ 


മെല്ലെപ്പൊതിയുന്ന

മാമരം പോലെ 

.
നിന്നില്‍ ചുറ്റിപ്പടര്‍ന്നു


പൂക്കാന്‍ കൊതിക്കുന്ന


തളിര്‍വള്ളി പോലെ ഞാനും...

നഷ്ട സന്ധ്യ


കറവീണ സന്ധ്യതന്‍ ചോട്ടില്‍ കനിവിന്‍റെ 

മറുകര കാണാതെ ഞാനിരിക്കെ


വെളിവിന്‍റെയോര്‍മ്മകള്‍ മെല്ലെത്തലോടുമ്പോള്‍

 
നിനവിന്‍റെ ഭീകരക്കാഴ്ചകാണാം .



കൌടില്യമോതുന്ന കുടിലതന്ത്രങ്ങള്‍ക്ക്


മറുവാക്ക് ചൊല്ലുവാനാവതില്ല

.
നെറികെട്ട ലോകത്തിനേകാനെനിക്കെന്‍റെ


വഴിവിട്ട വാക്കുകള്‍ മാത്രമായി.



മരവിച്ചചിന്തകള്‍ പേറുമീ ജീവിത-


പ്പാതയില്‍ മുള്ളും, മുനകളുമായ്


തള്ളിയലച്ചെന്‍റെ ഉള്ളം മുറിക്കുമ്പോള്‍


ഒപ്പത്തിനെന്‍റെ കിനാക്കള്‍ മാത്രം.



തെളിവാര്‍ന്ന ജീവിതം പാതിവഴിയിലേ


വെറിവീണു വിണ്ടു തകര്‍ന്നിടുമ്പോള്‍, 


കൈകളില്‍ കൈചേര്‍ത്ത്‌ മെല്ലെകരേറ്റുവാന്‍


ആരുണ്ട്‌ കൂട്ടിനായ്‌.... ആരുമില്ല.