Thursday, December 27, 2012

ഒരു വിലാപം


മലമുകളില്‍ നിന്നും
സുഗന്ധം പേറിയിറങ്ങിയ
എനിക്ക്
ഇന്നുറങ്ങാനാവുന്നില്ല .

കാനനത്തിന്റെ
മാസ്മരികതയില്‍
മയങ്ങിയിരുന്ന
എന്റെ കണ്ണുകളില്‍
അശാന്തിയുടെ-
 തിമിരം ബാധിച്ചിരിക്കുന്നു.

നാസികയില്‍
പഴകിയ ചോരയുടെ,
അഴുകിയ വാക്കുകളുടെ
കെട്ട മണം.

ആത്മഹത്യ ചെയ്യുന്ന-
കുന്നുകള്‍,
വിഷം പേറി,
നുരയും പതയും വന്ന്,
കിതച്ചും, വലിച്ചും
മരണത്തെ പുല്‍കുന്ന
പുഴകള്‍...

ഓടി രക്ഷപ്പെടണമെന്നുണ്ട്
ആഞ്ഞു നടക്കുമ്പോള്‍
മരങ്ങള്‍ കുലുങ്ങി വിറയ്ക്കുന്നു.
ഭ്രാന്തമായി ഓടിപ്പോയാലോ...
വേണ്ടാ..., ഇന്ന് വേണ്ട.
പാവം മരങ്ങള്‍ എന്തുപിഴച്ചു.

തിരിച്ചു ചെല്ലുമ്പോള്‍
മലമുകളിലെ
ചങ്ങാതി പൂക്കളോടും,
അരുവികളോടും,കിളികളോടും
എനിക്ക്
ഒരുപാട് പറയാനുണ്ട്.
കാട് നാടാക്കുന്ന,
മനസു കാടാക്കുന്ന,
ഇവരെക്കുറിച്ച്.

Saturday, December 22, 2012

ന്യായം


1.

എന്റെ ചിരി കോടിയതും,
ശബ്ദം പരുക്കനായതും,
നിറം കറുപ്പായതും,
കോങ്കണ്ണുള്ളതും,
മുച്ചിറി ഉണ്ടായതും
എന്റെ കുറ്റമാണോ?

പക്ഷെ ,
നിന്റെ കാലെന്താ-
വളഞ്ഞിരിക്കുന്നത്?
അവള്‍ക്കു കൂനുണ്ടല്ലോ
അയ്യേ..
അവന്റെ മുഖം കണ്ടില്ലേ
എന്തൊരു വൃത്തികേട്
ചിരി വരുന്നു ...




2.

 മനസിനെ മായ്ക്കാന്‍ കഴിയുന്ന
റബര്‍ ഉണ്ടെങ്കില്‍ ഒന്ന് തരുമോ?
അവിടെ,
ചില പേജുകളിലെ, പല വരികളും
എനിക്ക് മായ്ചെഴുതുവാനുണ്ട്.

 

Friday, December 21, 2012

ട്രെന്‍ഡ്


ടെയ്‌ലറിംഗ് ഷോപ്പിനെ,
മേക്കപ്പിട്ട്
ഫാഷന്‍ ഡിസൈനിംഗ്
എന്നാക്കിയിരിക്കുന്നു.
കീറിയ തുണികള്‍
ഗ്രാഫ്റ്റ്‌ ചെയ്ത്
പുതിയ തൊലി
വെച്ചുപിടിപ്പിക്കുന്നു.
ബാക്കി വന്ന തുണികള്‍
നീളത്തിലും, ചതുരത്തിലും
വെട്ടി നിരത്തി
അത്യാവശ്യഭാഗങ്ങള്‍
മാത്രം മറച്ച്, ന്യൂ ട്രെന്‍ഡ്
എന്ന പേരിടുന്നു.

ഇനി
എന്റെ ഈ മുഖം
വെട്ടി, തയ്യലിട്ട്
ഐശ്വര്യാറായുടെ,
മുഖംപോലെയാക്കണം
പുതിയട്രെന്‍ഡ് കണ്ടില്ലെന്ന്,
നടിക്കാനാവില്ല .

Wednesday, December 19, 2012

സ്വപ്നം



ജീവിതത്തിന്റെ,
പഴയ പാഠങ്ങള്‍
വായിക്കുവാന്‍
വീണ്ടും എന്നെ
ക്ഷണിക്കരുത്.

പറിച്ചെറിഞ്ഞ
ഓര്‍മ്മകളുടെ വറ്റാണ്
അവിടെയുള്ളത്.
വലിച്ചു കീറപ്പെട്ട
ഏടുകളാണ്
അതിനുള്ളില്‍.

അതിലെ
ഓരോ ചിത്രത്തിലും
എന്നെ തറച്ച
ആണിയില്‍ നിന്ന്
രക്തം ഒഴുകിയതിന്റെ
അടയാളമുണ്ട്.

ദയവു ചെയ്ത്, എന്നെ
വരാനിരിക്കുന്ന
നല്ല നാളുകളെ
സ്വപ്നം കാണാന്‍
അനുവദിക്കുക.

Sunday, December 9, 2012

തുലാമഴയോട്


വരണ്ടു കിടന്ന
മനസ്സിലേക്ക്
തേന്‍ തുള്ളികളെപ്പോലെ
എപ്പോഴോ
അതിക്രമിച്ചു കടന്നു..
ആദ്യവരവു തന്നെ
ഇടിയ്ക്കും, മിന്നലിനുമൊപ്പം
ഒരു പെരുമഴപോലെ..
ഹുംകാര നാദത്തോടെ
വീശിയ കാറ്റില്‍
എന്നിലെ മൃദുലതകള്‍
ഓരോന്നായി കടപുഴക്കി,
ഒരു ജന്മത്തിലേക്കുള്ള
കുളിരും, തണുപ്പും
വാരിക്കോരി തന്ന്
ഉണര്‍ത്തിയിട്ട്....

ഇനിയും എനിക്കുവേണം.

നീ പെയ്യാതെ കരുതിവെക്കുന്ന
സ്നേഹമഴ മുഴുവനും.
നീയെന്ന മഴയെ ആവാഹിച്ച്
എനിക്കൊരു കടലാകണം.

Wednesday, December 5, 2012

സദാചാരം

ഹേ സ്ത്രീയേ...
നീ
പുരുഷനുമായി തുറന്നിടപെടരുത്.
തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
എന്താണീ തുറന്നിടപെടീല്‍?
ഒരു നിര്‍വചനം?
മറു വശത്ത് മൌനം...
പിന്നെ എങ്ങനെ ഇടപെടണം?
എല്ലാം മറച്ചുവെച്ച്,
കാപട്യമായി..?
എതിരെ വീണ്ടും മൌനം.
ഞാന്‍ കള്ളത്തരം പറയണോ,
വഞ്ചിക്കണോ..
എന്താണീ തുറന്നു പറച്ചില്‍?
എങ്കില്‍ സുഹൃത്തേ
ഇന്ന് മുതല്‍ ഞാനൊരു
മൂടുപടം അണിയാം.
ഈ കാപട്യം നിറഞ്ഞ ലോകത്ത്
ചെളി നിറഞ്ഞ വാക്കും, മനസുമായി ..

ഒന്ന് ചോദിക്കട്ടെ..
നമുക്കീ സൗഹൃദം തുടരണോ..
എന്തിനും ഏതിനും,
 സദാചാരം പറയുന്ന
നിങ്ങളല്ലേ തെറ്റിദ്ധരിക്കപ്പെടേണ്ടവര്‍..
സൌഹൃദത്തിനും
ലിംഗഭേദമോ?

Tuesday, November 27, 2012

തുമ്പിക്കുഞ്ഞേ....


തുമ്പിക്കുഞ്ഞേ....
നിന്നോട് ഞാന്‍ പറഞ്ഞതല്ലേ
കൈതക്കാട്ടില്‍ പോകരുത്,
പാമ്പുണ്ടാകും എന്ന്?
എന്നിട്ടും...

ഞാന്‍ പറഞ്ഞതല്ലേ
കൈതപ്പൂവിന്റെ മണം
മാസ്മരികമാണ്,
അതില്‍ മയങ്ങരുത് എന്ന്?
പിന്നെയും....

കൈതയില്‍ തൊടരുത്
മുള്ളു കൊള്ളും എന്നും
എത്രയോ തവണ
പറഞ്ഞതല്ലേ?
കേട്ടില്ല...

അതല്ലേ.
കൊത്തുകൊണ്ട് അവശയായി
നീ കിടന്നതും,
മുള്ള് കൊണ്ട് കീറിയ
നിന്റെ പുള്ളിച്ചിറക്
ദൂരെ പോയതും,
നിന്റെ മുകളില്‍
കൈത പിഴുതുവീണതും...

Thursday, November 15, 2012

ഞാന്‍



എനിക്കുറക്കെ ചിരിക്കണം
ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍,
അലറിച്ചിരിക്കണം..

എനിക്ക് രണ്ടു മുഖം

ഒന്ന്,
ചിരിക്കുന്ന,ശാന്തമായത്
ചപല, കലഹപ്രിയ..
കഴമ്പില്ലാത്തവള്‍
പുരുഷ മേധാവിത്വം,
മൂകമായി അനുഭവിക്കുന്നവള്‍..

മറുവശം

പല്ലിറുമ്മി,
കടലുപോലെ രൌദ്രമാര്‍ന്ന്,
പുറമേ ശാന്തയായ്‌
ചുഴികളും, അഗ്നിപര്‍വ്വതങ്ങളും
ഉള്ളിലൊതുക്കി,
വെളുക്കെ ചിരിച്ച്
എതിരാളിയെ മയക്കി,
ചുഴികളില്‍ കറക്കി, വരിഞ്ഞു മുറുക്കി,
ശ്വാസം മുട്ടിച്ച്,
ആഴങ്ങളിലേക്ക് വലിച്ചെറിയുന്ന
രുദ്ര.

എനിക്ക്

ശീലാവതിയാകണ്ടാ
കണ്ണകിയാകണം.
ചടുലതാളത്തില്‍
താണ്ടവമാടണം
ചവുട്ടിയരയ്ക്കണം
കാപാലിക ശിരസ്സ്.

ഒടുവില്‍

എനിക്ക് തലയുയര്‍ത്തിപ്പിടിച്ചു പറയണം.
ഞാനാണ് സ്ത്രീ.

വിധി



കോലായിലെ ചാരുകസേരയില്‍ 
ആര്‍ക്കുംവേണ്ടാത്തൊരു വാര്‍ദ്ധക്യം 
 തൊട്ടരുകില്‍ കൂട്ടിനായ്‌
കാലൊടിഞ്ഞ കാലന്‍കുടയും,
നരച്ച, പ്ലാസ്റ്റിക്‌ കോളാമ്പിയും.
ഓളം തട്ടിയപോലൊരിളം വെയില്‍,
ഒന്നെത്തിനോക്കി മടങ്ങി.
പീളകെട്ടിയ കണ്ണുകളില്‍
ഭാവം നിസ്സംഗതയോ..
കഴുത്തില്‍ തെളിയുന്ന,
ചെറു ഞരമ്പുകളില്‍
സൂക്ഷിച്ചു നോക്കിയാല്‍ കാണാം
ദുര്‍ബല ഹൃദയത്തിന്‍
ചെറു തുടിപ്പുകള്‍.
ഒരു ദീര്‍ഘ നിശ്വാസത്തില്‍
അടഞ്ഞ മിഴിപ്പോളയില്‍,
തിരിച്ചറിവായി
ജീവന്റെ നേര്‍ത്ത ചലനങ്ങള്‍
ഒടുവില്‍
കാലം തിരസ്കരിക്കുന്ന ജീവനെ
തിരിച്ചു പിടിക്കാനാവാതെ,
കീഴടങ്ങുമ്പോള്‍
തൊടിയിലെ അവസാന മാവും
തന്റെ വിധിക്ക് കീഴടങ്ങുന്നു.

Thursday, October 4, 2012

ഇരുവര്‍..




"സീതേ..."
"ഓ , സുശീല അക്കന്‍"
"അമ്പലത്തില്‍ പോകാന്‍ ഇറങ്ങിയതാ
ഇതുവഴി കയറാം എന്ന് കരുതി."
ഒരര്ച്ചന,ഒരു ശത്രു സംഹാരം...
ചുറ്റിനും ശത്രുക്കളാടീ "
"ഇരിക്ക് അക്കാ.."
"ഇരിക്കാന്‍ സമയമില്ല..
നീയറിഞ്ഞോ സീതേ..
അപ്പുറത്തെ രമയുടെ മകള്‍
ആശുപത്രീലാ."
"അയ്യോ... എന്തുപറ്റി?
നല്ലൊരു കൊച്ച്"
"ആ നല്ല കൊച്ച്
എന്നെകൊണ്ടോന്നും പറയിക്കണ്ടാ
അവളേ...
മറ്റേ പരിപാടിക്ക്
കൊണ്ടോയതാ..
അബോര്‍ഷം..
രാവിലെ മുതല്‍
ഒക്കാനോം, വേദനേം.
ആരും അറിയത്തില്ലെന്നാ
അവറ്റോടെ വിചാരം."
"അക്കാ.. ആ കൊച്ചിന്
അപ്പന്റിസൈറ്റിസ് ആണ്.
വേണ്ടാതീനം പറയാതെ
പോകാന്‍ നോക്ക്.."

...........................

"എടീ ശാന്തേ.."
"ഓ. ശുശീല അക്കന്‍"
"അമ്പലത്തില്‍ പോണവഴി
കേറിയതാ..
അവളില്ലേ..., ആ സീത
...............................
...............................

Wednesday, September 12, 2012

പ്രതിനിധി.


ഐസ് ക്രീം വേണമെന്ന്
വാശിപിടിക്കുന്ന മകളോട്
അതിന്റെ ദോഷവശങ്ങളെക്കുറിച്ച്
പറഞ്ഞിട്ടും,
ഒരു കൂസലും ഇല്ല.
അവള്‍ ഈ കാലഘട്ടത്തിന്റെ
പ്രതിനിധി ആണത്രേ.
ഒരു തവണയെങ്കിലും
ഐസ് ക്രീം കഴിച്ചില്ലെങ്കില്‍
എന്താ ഒരര്‍ത്ഥം..
അത് കഴിച്ചാലുണ്ടാകുന്ന
ഗുണങ്ങളെപ്പറ്റി
വാതോരാതെ അവള്‍ പറഞ്ഞത്
കുറേശ്ശെ എനിക്കും മനസിലായി.
അമ്മേ.
"എതിര്‍ക്കുന്നതിലല്ല കാര്യം
ശേഷമുണ്ടാകുന്ന നേട്ടം
ഓര്‍ത്താല്‍...
ചേര തൊലിയുരിയുന്നത്
കണ്ടിട്ടില്ലേ?
പിന്നീട് പുതിയ തൊലി.
അത്രേയുള്ളൂ ഇതൊക്കെ..."

നേര് തന്നെ.
എനിക്കും എല്ലാം മനസിലായി.
പുഴയോരത്തൊരു വീടുവെക്കണം.
ഭാവിയില്‍
ഒരു പുഴ തന്നെ സ്വന്തമാകാന്‍
സാധ്യത കാണുന്നുണ്ട്.

Saturday, September 1, 2012

വാര്‍ത്ത

പണ്ട്
മോഷണത്തെക്കുറിച്ച്
എനിക്കൊരു ഐഡിയയും
ഇല്ലായിരുന്നു.
രാവിലെ,
പത്ര വായന ശീലമാക്കിയത്തില്‍ പിന്നെ
മോഷണം ഒരു തൊഴിലാക്കിയാലോ
എന്നെനിക്കും തോന്നി.
മോഷണത്തെക്കുറിച്ചുള്ള
ഹരം പിടിപ്പിക്കുന്ന വാര്‍ത്തകള്‍
ചായക്കൊപ്പം എന്റെ ശീലമായി.
മോഷണത്തിനുവേണ്ടി,
മോഷ്ടാവനുഭാവിക്കുന്ന ബുദ്ധിമുട്ടോര്‍ത്ത്
എന്റെ ടെന്‍ഷന്‍ കൂടി.
വിവിധ ഉപായങ്ങളെ
മനസ്സില്‍ കൂട്ടിയിണക്കി, അടുക്കി...
അവനിറങ്ങും ഒരു യോദ്ധാവിനെ പോലെ.
എങ്ങാനും പാളിപ്പോയാല്‍... ഈശ്വരാ..

മോഷണത്തിന്റെ പല വഴികള്‍
വിശദമായി തന്നെ വര്ണ്ണിച്ചിടുണ്ടല്ലോ
പത്രത്താളുകളില്‍.
എനിക്കിപ്പോള്‍ ചിന്ത,
മോഷണകലയെക്കുറിച്ച് ചിത്രങ്ങള്‍ സഹിതം.
ഒരു പുസ്തകമിറക്കിയാലോ എന്നതാ.

കണ്ണുകള്‍

കണ്ണുകള്‍കൊണ്ട്
അളവെടുക്കുന്നവരെ കുറിച്ച്
എന്താ നിന്റെ അഭിപ്രായം?
അവരുടെ കണ്ണുകളിലും
കുന്നുകളും കുഴികളുമുണ്ടോ,
അവിടെയാണോ 
ആസക്തിയുടെ അളവുകോല്‍?

നിന്റെ കണ്ണുകള്‍
പരന്നതാണോ?
എങ്കില്‍
എന്റെ കൂടെ വരൂ..
എന്റെ നിമ്നോന്നതങ്ങള്‍
നീ കാണാതിരിക്കുമല്ലോ..

അല്ലെങ്കില്‍ അല്പം നില്‍ക്കൂ..,
ഞാനൊരു പര്‍ദ്ദ ധരിക്കട്ടെ.

ആസക്തി

എല്ലാം അവസാനിപ്പിച്ചാലോ
എന്ന് കരുതിയതാണ്.
ഒറ്റകൊളുത്തിലൊരു സ്വപ്നം
ആടിയുലയുന്നതും കണ്ടതാണ്.
നാലു കുഞ്ഞുകണ്ണുകള്‍
ജീവനെ കൊതിപ്പിച്ചതുമാണ്.

നിഴല്‍പോലെ ഒരു സാന്ത്വനം
എവിടെയൊക്കെയോ അദൃശ്യമായി..,
കൂടെയുണ്ടെന്ന് പറയാന്‍
ആരൊക്കെയോ...

ഒട്ടു ദാനം കിട്ടിയ ജീവന്‍
ആര്‍ത്തിപിടിച്ചോടുമ്പോള്‍
കാളകൂടവിഷം വഹിച്ചെത്തിയ കാലം
മരണമണവുമായി പുറകെ

ജീവിതത്തിനും,മരണത്തിനുമിടയിലെ
നേര്‍ത്ത നിമിഷങ്ങളില്‍
ജീവിതാസക്തിയോടെ, പരക്കംപാഞ്ഞു
എത്രയോ പേര്‍ നമ്മെകടന്ന്....

Wednesday, August 1, 2012

ആംഗിള്‍

"ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ "
കണ്ടതിനു ശേഷം
ജീവിതത്തെ പല ആംഗിളുകളില്‍
നോക്കി കാണണമെന്ന് തോന്നി.

ഒരു വൃത്തത്തെ ഭാഗിക്കുന്നതുപോലെ
ഞാനെന്റെ ജീവിതത്തെ,
പല ആംഗിളുകളാക്കി.

കുതിച്ചു പായുന്ന കൌമാരവും,
കയറില്‍ ഞാന്നു പായുന്ന യൌവ്വനവും,
കുത്തഴിഞ്ഞ ജീവിതവും,
ഒടുങ്ങാത്ത ആര്‍ത്തിയും
പൊതു കാഴ്ചയായി.

ഒരു മാറ്റം പ്രതീക്ഷിച്ച്
വീണ്ടും വീണ്ടും നോക്കിയ
കണ്ണുകളില്‍ വരള്‍ച്ച ബാധിച്ചു.

ഒടുവില്‍
നിയതിയുടെ നിയോഗം
ഒറ്റ ആംഗിളില്‍ അവസാനിക്കുന്ന കാഴ്ച കണ്ടു
ആറടി മണ്ണില്‍ നീണ്ടു നിവര്‍ന്ന്,
തൊണ്ണൂറു ഡിഗ്രീ ആംഗിളില്‍ കണ്ണ് പതിച്ച്
അങ്ങനെ....

അമ്മ

കാറ്റിനൊപ്പം വഴുതിയകലുന്ന
മേഘക്കീറുകളിലൊന്നെടുത്തു പുതച്ച്
ആകാശം ഒന്നുകനിഞ്ഞു
ഭൂമിയെ കൊതിപ്പിക്കാനെന്നപോലെ.
ഇരച്ചുവന്ന തുള്ളികള്‍
വെടിച്ചുകീറിയ ചുണ്ടില്‍ തട്ടി ആവിയായി.

നിസ്സഹായതയുടെ വേലിക്കെട്ടില്‍
മയങ്ങിക്കിടന്ന ഭൂമിയിലേക്ക്‌
സൂര്യന്‍, തന്റെ കൂര്‍ത്ത നഖങ്ങള്‍
ആഴ്ത്തിയിറക്കിക്കൊണ്ടിരുന്നു.
ഓരോ വെള്ളിടിവെട്ടത്തിന്റെയുംഅവസാനം
ഭയന്നുവിറച്ച് കണ്ണുകള്‍ തുറിച്ചുന്തി,
ശ്വാസം മുട്ടലില്‍ പിടഞ്ഞ്
ഹൃദയരക്തം പുറത്തേക്കോഴുകുമ്പോഴും
അവള്‍ തന്റെ വിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നുപോകുന്ന കുഞ്ഞുങ്ങളെ
തിരിച്ചു പിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ഒരു സ്ഫോടനത്തില്‍
അവള്‍ ഞെട്ടിവിറക്കുമ്പോള്‍
കുലുങ്ങി തകരുന്ന ജീവിതങ്ങള്‍
അമങ്ങി ഒതുങ്ങുന്നതും അവളുടെ മാറിലേക്ക് .

അശുദ്ധി..

പെട്ടന്നാണ്...
കട്ടിലില്‍ നിന്ന് തറയിലേക്ക്
സ്ഥലം മാറ്റം കിട്ടിയത്.
അശുദ്ധിയാണ് പോലും.
മിണ്ടാതെ അനുസരിച്ചു.
പിന്നെപ്പിന്നെയാണ്
നിര്‍ദ്ദേശങ്ങളുടെ
രൂപവും, ഭാവവും മാറിയത്.
അവിടെ തൊടരുത്, എടുക്കരുത്,
അങ്ങോട്ട്‌ കയറരുത്...
പുറകേ നടന്നു മുത്തശ്ശി.
പ്രതിഷേധം ഉള്ളിലടക്കി.
എങ്കിലും...
ആരും അറിയാതെ, ശബ്ദിക്കാതെ..
ഞാന്‍ എനിക്കുതോന്നിയ ശരികള്‍
നടപ്പിലാക്കി വന്നു.
തൊടരുതെന്നു പറഞ്ഞയിടതെല്ലാം
നടന്നു തൊട്ടു.
എല്ലായിടവും കയറിയിറങ്ങി,
ആരുടേയും കണ്ണില്‍ പെടാതെ.
അതുകൊണ്ടാണോ എന്തോ..
ഭൂമി കുലുങ്ങിയില്ല.
വളരുംതോറും
പ്രതിഷേധത്തിന്റെ രീതിയും മാറി.
എന്താ തൊട്ടാല്‍?
മുത്തശ്ശി പുറത്തുതല്ലി
"നിഷേധി"
വിദ്യാഭ്യാസം വില തന്നപ്പോള്‍
ശക്തമായി പ്രതികരിച്ചു
ഇത്ര അശുദ്ധിയെങ്കില്‍
പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴേ
അതിന്റെ ഉറവിടം നശിപ്പിക്കാം.
അശുദ്ധി ചുമക്കേണ്ടി വരില്ലല്ലോ..
ചൂണ്ടിയ വിരലുടമകള്‍ക്ക് മറുപടിയില്ല.
മുഖം തിരിച്ചവര്‍ പിറുപിറുത്തു.
"കുലംമുടിക്കാന്‍ പിറന്ന സന്തതി".
ഇങ്ങനെ മുടിയുന്ന കുലം
അതെനിക്ക് വേണ്ടാ.

ഇര

കൈയെത്തി തൊടാവുന്ന
അകലത്തില്‍
പതുങ്ങിയിരിക്കുന്നു
തീറ്റ പല വര്‍ണ്ണങ്ങളില്‍
വിതറി
ഇടയ്ക്കിടെ നാവു നുണഞ്ഞിറക്കി
കൂട്ടം തെറ്റിയ ഒരിര
സ്വന്തം എന്നുറപ്പുണ്ട്
കെണിയുടെ പുറകില്‍
സൂക്ഷിച്ചു നോക്കിയാല്‍ കാണാം
വികൃതമായ മുഖം മിനുക്കി
കണ്ണ് ചിമ്മാതെ.....

ദൂരത്തായ്‌
വിവേകത്തിന്റെ
മങ്ങിയ ലിഖിതം.
"മുന്നില്‍ ചതിക്കുഴികളുണ്ട്
സൂക്ഷിക്കുക"

അനാഥര്‍

അവിവേകിയായ കര്‍ഷകന്‍
മറ്റൊരുവന്റെ, ഒരുക്കാത്ത വയലില്‍,
അനുവാദമില്ലാതെ,പ്രകൃതിയെമെല്ലി  
വിത്തെറിയുന്നതു പോലെ 
ഒരുവന്‍
തന്റെ വികാരാവശിഷ്ട്ടം
വിരേചനം ചെയ്യുമ്പോള്‍
പൊടിക്കുന്ന (പാഴ്?)മുളയെ
പത്തുമാസം
അപമാനചൂളകളില്‍ സ്വയമുരുക്കി
ഇരുട്ടറ തീര്‍ത്ത്‌.
പുറംതള്ളി, പിന്നെ വലിച്ചെറിയുമ്പോള്‍
സമൂഹം 
പതിച്ചു കൊടുക്കുന്ന സമ്മാനം.

സമര്‍പ്പണം..

എപ്പോഴാണ്
ആ കണ്ണുകളിലെ തീഷ്ണത
എന്റെ ഹൃദയത്തില്‍ ഉടക്കിയത്..
മിഴികള്‍ എപ്പോഴോ 
പുണര്‍ന്നതും,
അഗ്നിസ്ഫുലിന്ഗങ്ങള്‍
ഹൃദയത്തിന്റെ അടിത്തട്ട് വരെ..
ഉള്ളില്‍ പ്രണയത്തിന്റെ ഊഷ്മളത.
പൂത്തിരി കത്തുന്നതുപോലെ,
ഒരു ലഹരി ഉടലാകെ പൊതിയുന്നു.
ഓരോ അണുവിലും
കുതിച്ചെത്തുന്ന രക്തത്തില്‍
പ്രണയമാണോ..





കുറച്ചു ഇണക്കങ്ങളും,
കൂടുതല്‍ പിണക്കങ്ങളും.
ആ പരിഭവ തിളക്കങ്ങളിലും,
നിന്നെ ഞാനറിയുന്നതുപോലെ
വേറെ ആരറിയുന്നു.



നിന്റെ ഓര്‍മകളെ
ഞാന്‍ പുല്കുംപോഴും,
ഓര്‍ക്കുമ്പോഴും
നീ തുമ്മി കണ്ണുനിറയ്ക്കുമോ?
ഏതൊരു നിമിഷമാണ്
പ്രിയനേ..
നിനക്കെന്നില്‍ നിന്ന്
സ്വാതന്ത്ര്യം ലഭിക്കുക..



നിന്റെ തീഷ്ണ പ്രണയനിറങ്ങളില്‍
മുങ്ങി നിവരുവാന്‍
നീയെന്നെ അനുവദിക്കുക.
നിന്റെ ചുടു നിശ്വാസങ്ങളില്‍
ഒരു കുളിര്‍ കാറ്റായ്‌
ഞാനലിയട്ടെ.



നമുക്കായ് മാത്രം 
ഋതുക്കള്‍ കറങ്ങട്ടെ..
നിന്റെ പ്രണയ വേഗങ്ങളില്‍,
കൊടും തപം ചെയ്ത്
ഞാനെന്റെ പ്രാണന്
മുക്തി നല്കിക്കൊള്ളാം..

പരാദം.

ആമിനയുടെ പ്ലാവിന്മേലും,
കല്യാണിയുടെ മാവിന്മേലും കാണാം.
തൊട്ടു പിന്നാലെ-
ത്രേസ്യയുടെ  പുളിമരത്തിലും.


തലയല്‍പം ഉയര്‍ത്തി
ചരിഞ്ഞുനോക്കുന്നുണ്ട്.
വേറെയും എവിടെയെങ്കിലും
ചായുന്ന മരം തേടി.


ഇരയുടെ മേല്‍ പടര്‍ന്നു കയറും
മൃദു ഹാസത്തോടെ.
മണമുള്ള പൂക്കളും,
മാംസളമായ ശരീരവും.
പ്രണയത്തിന്റെ പലവഴികള്‍ കടന്ന്
പതിയെപ്പതിയെ നഖങ്ങളാഴ്ത്തി...


തന്റെ പറമ്പിലും പുഷ്ട്ടിപൂണ്ട്
ഒരു മരം വളരുന്നുവെന്ന്
അവന്‍ എപ്പോഴാണ് തിരിച്ചറിയുക...

സൌഹൃദം.

ജീവിതത്തിന്റെ
ഒരു ഹെയര്‍പിന്‍ വളവില്‍ വെച്ചാണ്
അവനെ ഞാന്‍ ആദ്യം കണ്ടത്.
അറിയാതെ വന്നു മുട്ടുകയായിരുന്നു.
ഒന്നും തോന്നിയില്ല.


ഒരു കുന്നിന്‍ പുറത്തുവെച്ചാണ്
പിന്നെ കണ്ടത്
താഴേക്ക്‌ ചാടാനൊരുങ്ങിയ എന്നെ
കൈ നീട്ടിത്തടഞ്ഞു..
എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അവന്റെയും.


ഇപ്പോള്‍
ഞങ്ങള്‍ക്കിടയില്‍
ഹെയര്‍പിന്‍ വളവുകളോ,
കുന്നുകളോ ഇല്ല.
പരസ്പരം മനസിലാക്കുന്ന
രണ്ടു ഹൃദയങ്ങള്‍ മാത്രം.

ഇഷ്ടം..

ചിതലരിച്ചുകൊണ്ടിരിക്കുന്ന
ഓര്‍മ്മയുടെ അവസാന നിമിഷങ്ങളിലും
എനിക്കിഷ്ടം,
നിന്റെ ഓര്‍മ്മയില്‍ എന്റെ ഓര്‍മ്മ
അവസാനിക്കുന്നതാണ്.
നിന്റെ കണ്ണിന്റെ ചലനങ്ങളില്‍
ഞാന്‍ ശിലയാകുന്നതാണ്.

Tuesday, January 10, 2012

റോസാപ്പൂവ്

എന്റെ റോസാപ്പൂവേ
നീയെന്തിനാണ്
അവന്‍ ചിരിച്ചപ്പോള്‍ 
തലയാട്ടിയത്?

അതല്ലേ അവന്‍
അരികത്തു വന്നത്..
അപ്പോള്‍ നീ 
എന്തിനാണ് തല കുമ്പിട്ടത്?
അതല്ലേ
അവന്‍ തൊട്ടത്..
നിന്നെ മണപ്പിച്ചപ്പോള്‍ 
എന്തിനാണ് കണ്ണടച്ചത്?
അതല്ലേ 
അവന്‍ നിന്നെ...

എന്താണിങ്ങനെ?



പനിച്ചു വിറച്ച് -
കൂനിക്കൂടിയിരിക്കുന്ന പകല്‍.

കാസരോഗിയെപ്പോലെ
ഊര്‍ദ്ധശ്വാസം വലിക്കുന്ന കാറ്റ്.

മഞ്ഞപ്പിത്തം ബാധിച്ച്
വിളറിയ മുഖവുമായി സൂര്യന്‍.

കറുത്തപീളകെട്ടിയ കണ്ണുകളുമായി
നിളാ നദി.

എന്നിട്ടും...

അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു
ഘോരഘോരം പ്രസംഗിച്ച്
ശബ്ദമലിനീകരണം നടത്തുന്ന
നീതിപാലകര്‍.

ഇങ്ങനെ കണ്ണും, ചെവിയും, മൂക്കും മൂടിവെച്ചു
നമ്മള്‍ എത്രനാള്‍....

ഓര്‍മ്മകള്‍ കൊഴിയുമ്പോള്‍..



ഒന്നുകൂടി തിരിഞ്ഞുനോക്കി
അമ്മേയെന്നുള്ള കൊഞ്ചല്‍
കേട്ടപോലെ.
ഇല്ല, തോന്നിയതാവാം.
പടികടന്നെത്തിയ നഗരപാലകര്‍
സ്നേഹം വിളമ്പിയപ്പോഴും
തിരഞ്ഞത്
കിട്ടാത്ത സ്നേഹത്തെ.

ഒരു പിന്‍വിളി കേട്ടുവോ..
വീണ്ടും തിരിഞ്ഞു.
പൊട്ടിയ ഓടിനിടയിലൂടെ
കുറച്ചു സ്വര്‍ണത്തരികള്‍,
പഴകിദ്രവിച്ച കതകില്‍ തുള്ളുന്നു.
അരികില്‍
കത്തിത്തീരാറായ മെഴുകുതിരി.
സുന്ദരിപ്പൂച്ച ഉമ്മറപ്പടിയില്‍
ഉറ്റുനോക്കി നില്‍ക്കുന്നു.

മുറ്റത്തു കുന്തിച്ചിരിക്കുന്ന
അലക്കുകല്ലില്‍ ഒന്ന് തൊട്ടു.
കണ്ണൊന്നു നിറഞ്ഞുവോ..
വേണ്ട,മറ്റാരും കാണണ്ടാ.

ഇനി ഞാനിറങ്ങട്ടെ.
കുറച്ചപ്പുറത്താണിനി,
എന്റെ മേല്‍ക്കൂര.
സനാഥരായ അനാഥര്‍
വഴിക്കണ്ണുമായ്‌
പാര്‍ക്കുന്നയിടം.