Monday, October 17, 2011

കാറ്റിനോട്...



ജനാല വാതില്‍
മെല്ലെ തുറക്കാന്‍-
ശ്രമിക്കുന്ന കാറ്റിന്
ഇന്നെന്തേ
ഇത്ര ഇളക്കം.
ഒന്നെത്തിനോക്കി,
നാണിച്ചു മുഖംതിരിക്കുന്ന
പെണ്ണിനേപ്പോലെ..
ഓരോ ചുവടും
അതി മൃദുലമാക്കി,
വന്നൊന്നു തഴുകി-
യൊളിക്കുന്ന കാറ്റിന്
എന്തോ പറയാനുള്ളതുപോലെ.

കാര്യം പറ കാറ്റേ
നിന്റെ കാമുകനെ കണ്ടുവോ..
അവന്‍ നിന്നെ
ആലിംഗനം ചെയ്തുവോ
പ്രണയത്തിന്റെ-
നാണമോ നിന്റെ കണ്ണില്‍..

എങ്കില്‍ അരുത്.
മുന്നില്‍ വളരെ ദൂരത്തല്ലാതെ
ദീര്‍ഘമായ്‌ താണ്ടേണ്ട
ജീവിതപ്പാടം
തരിശ്ശായ് കിടക്കുന്നു.
ഇരുവശത്തും,
മോഹക്കാഴ്ചകള്‍ കാണാം.
അത് വെറും മിഥ്യ.
അല്പദൂരത്തായുണ്ട്
മുള്ളുകള്‍ നിറഞ്ഞ
കയറ്റിറക്കങ്ങള്‍.
കാറ്റേ...,
ഓരോ ചുവടും
വളരെ ശ്രദ്ധിച്ച്....
9 Oct 
delete

ഇടവഴി.


അന്ന് 

ആ ഇടവഴിയില്‍
വേലികള്‍ ഇല്ലായിരുന്നു
ഒരു ചെറിയ ഇളക്കത്തോടെ-
തുള്ളിത്തെറിച്ചെത്തിയ കാറ്റിന്
ലജ്ജപുരണ്ട ചിരിയും,
സ്നേഹത്തിന്റെ നറുമണവും.
വഴിയുടെ ഇരുപുറവും
സ്നേഹത്തിന്റെ കാല്‍പ്പാദങ്ങള്‍
ആഴത്തില്‍ പതിഞ്ഞിരുന്നു.
ഇന്ന്
കനത്ത മുഖവും,
കനച്ച മണവുമായി
ഇടവഴിയെ മറച്ചു മതിലുകള്‍.
ചോരച്ച മണം പുരണ്ട കാറ്റ്
അടക്കിപ്പിടിച്ച് കരയുന്നു.
കണ്ണുകളില്‍ നിന്ന് വീഴുന്നത്,
രൂക്ഷഗന്ധം പേറുന്ന,കറുത്തരക്തം.
കീറിപ്പറിഞ്ഞ മഞ്ഞ വിരിപ്പുകൊണ്ട്
നാണം മറയ്ക്കാന്‍,
വൃഥാ ശ്രമിക്കുന്ന ഭൂമി.
വേലികളുടെ മുകളിലൂടെ,
കൂണുപോലെ പൊന്തുന്ന-
കുഞ്ഞു മുഖങ്ങള്‍..
അവയുടെ നിഷ്കളങ്കതയിലും
നാളത്തെ ചുടലക്കളത്തിന്റെ
അവ്യക്ത രേഖകള്‍.
ചെവിയില്‍ സദാ-
മരണത്തിന്റെ ഇരമ്പല്‍.

വെയില്‍ കനക്കുന്നതിനു മുന്നേ
എനിക്കാ ഇടവഴി താണ്ടണം.

എന്റെ പട്ടം.



അവന്റെ പ്രണയം
കെട്ടുപൊട്ടിയ പട്ടംപോലെയാണ്.
എവിടെ ചെന്നെത്തുമെന്ന് ഒരു രൂപവുമില്ല.
എങ്ങോട്ടെന്നോ, എത്രമാത്രമെന്നോ
പ്രവചിക്കാനും സാധ്യമല്ല.

ചിലപ്പോള്‍
ആകാശത്തെ മുട്ടുമെന്നു തോന്നിക്കും
ചിലപ്പോള്‍
കാറ്റിലും,കോളിലും പെട്ടതുപോലെ ആടിയുലഞ്ഞ്..
മറ്റു ചിലപ്പോള്‍
ശാന്തമായി അങ്ങനെ ഒഴുകി...

ഇപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്
ആ പട്ടം-
എവിടെയും തടയപ്പെടരുതെന്നും,
താഴെ പതിക്കരുതെന്നുമാണ്.
അത്രയേറെ,
അതില്ലാതെ പറ്റില്ലെനിക്ക്..

പുതിയ ആകാശം..


ചേക്കാറാനൊരു ചില്ല മോഹിച്ചാണ്

അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച്
അവള്‍ അരയാലിന്റെ കൂട്ടുപിടിച്ചത്.

ഇടതൂര്‍ന്ന ചില്ലകളും,
കരുത്തുറ്റ ശിഖരങ്ങളും കണ്ട്
അതിലൊരു കൂടുകൂട്ടണമെന്ന്
അവള്‍ കൊതിച്ചു.

അരയാലിന്റെ മാറില്‍നിന്ന്
ആകാശത്തേക്ക് പറന്നുയരാന്‍
എളുപ്പമായിരിക്കുമെന്നും,
അവിടെ പുതിയ നക്ഷത്രങ്ങള്‍
അവള്‍ക്കായി കാത്തിരിക്കുമെന്നും
അവള്‍ സ്വപ്നം കണ്ടു.

ഒരിക്കല്‍
ആകാശത്തേക്ക് പറന്ന്,
തിരികെയെത്തിയപ്പോള്‍ കണ്ടു
ചുണ്ടു ചുവപ്പിച്ച കുറെ പക്ഷികള്‍..

ചാഞ്ഞും, ചരിഞ്ഞും നോക്കി
വിലയുറപ്പിച്ച്
അവളെ ചേര്‍ത്തു പിടിച്ചപ്പോള്‍
അന്തിച്ചവള്‍ അരയാലിനെ നോക്കി.
പക്ഷെ
അരയാലൊന്നു ചിരിച്ചു.
അവന്റെ നീണ്ടു കൂര്‍ത്ത ദംഷ്ട്രകളും,
ചോരച്ച നാവും കണ്ടപ്പോഴാണ്-
എല്ലാം കിളിപ്പെണ്ണു തിരിച്ചറിഞ്ഞത്.

Sunday, August 14, 2011

വീട്.


ഒരു വീട് വേണമെന്ന ചിന്ത

അലട്ടിതുടങ്ങിയപ്പോഴാണ്
ഞാന്‍
സ്വപ്നം കാണാന്‍ തുടങ്ങിയത്.

ആദ്യ ഗര്‍ഭത്തില്‍
പെണ്‍കുട്ടിയ്ക്കുണ്ടാകുന്ന
വ്യാകുലതകള്‍ പോലെയൊന്ന്
എന്നിലും ഉണ്ടായി.

വീടിന്റെ വളര്‍ച്ച
ഓരോ ഘട്ടത്തിലും ആസ്വദിച്ചു
അതിന്റെ ഹൃദയമിടിപ്പും...

പേരിടീല്‍ ചടങ്ങ്
ഗംഭീരമാക്കി.
അങ്ങനെ അവനും
"സ്വന്തമായി" ഒരു പേര്‌.

ഒരു രാത്രിയില്‍
ഏതോ കള്ളന്‍
വീടിന്റെ സ്വപ്നങ്ങളത്രയും
കട്ടെടുത്തപ്പോള്‍
ആ പേര് മാത്രം

ബാക്കിയായി.

സമാന്തരം


അപ്പോഴും

ട്രെയിന്‍ അലറിപ്പായുകയായിരുന്നു.
മുഖത്തേക്കു തെറിച്ചുവീണ
രക്തത്തുള്ളികളോ,
മാംസക്കഷണങ്ങളോ
അതിനെ തെല്ലും മുഷിപ്പിച്ചില്ല.
(നിത്യേന കാണുന്നതല്ലേ..)

പുതിയ ദൂരവും
പുതിയ വേഗതയും
അതിനും ലഹരിയായിതീര്‍ന്നു.
കിതപ്പകറ്റാന്‍ പോലും..
യാത്രക്കാരും
സമാന്തരങ്ങളായ
പാളങ്ങളെപ്പോലെ

മണിക്കൂറുകള്‍ മാത്രം-
നീളുന്ന യാത്രയില്‍
പരസ്പരം പുണരുന്ന
രണ്ടു കണ്ണുകള്‍
ഒരാന്ഗ്യം, ചിരി
ഒപ്പം മൊബൈല്‍ നമ്പര്‍
(പിന്നീട് എവിടെയെത്തുമോ എന്തോ..)

ട്രാക്കുപോലെ
സമാന്തരമായ
ജീവിതമോര്‍ത്താവാം
പലരും
കണ്ണുകള്‍ അമര്‍ത്തിത്തുടയ്ക്കുന്നത്.

Saturday, August 13, 2011

നിനക്കായ്‌..

വിഷാദം മൂടിയ കുന്നിന്‍ ചരുവില്‍

മഴമേഘങ്ങളെ കാത്തു നിന്നപ്പോഴാണ്
നിന്റെകണ്ണിലെ പ്രണയത്തിരയിളക്കം
ഞാനാദ്യം കണ്ടത്.

മേഘത്തിന്റെ-
നഷ്ട്ടപ്പെട്ട പ്രണയം
കണ്ണുനീരായി ഒഴുകുന്നതാണ്
മഴയെന്നു നീ പറഞ്ഞത്
അവിടെ വെച്ചാണ്.

പിരിഞ്ഞു നില്‍ക്കുമ്പോഴാണ്
നീയെനിക്കാരാണെന്നതും
നിന്റെ സ്നേഹത്തിന്റെ ചൂട്‌
എന്തായിരുന്നെന്നും
ഞാന്‍ തിരിച്ചറിയുഞ്ഞത്.

പ്രിയനേ....
ഈ ജന്മം മാത്രമല്ല,
വരും ജന്മങ്ങളിലും
എനിക്കു നിന്നെ പ്രണയിക്കണം
ഈ പ്രണയം കണ്ണുനീരായി
നിന്റെ കവിളുകളിലുമ്മ വെച്ച്,
ചുണ്ടുകളെ തഴുകി
നിന്റെ ഹൃദയത്തില്‍
വന്നുചേരട്ടെ.