"നീയെന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ? "
നികിത ഒച്ച വെച്ചുകൊണ്ട്
എന്‍റെ തലയില്‍ കിഴുക്കി.ഞാന്‍ ഞെട്ടി അവളെ നോക്കി. കേട്ടതൊന്നും
വിശ്വസിക്കാന്‍ വയ്യ.
"നിക്കീ, നീ എന്തൊക്കെയാണ് പറയുന്നത്..? എന്താ
നിന്‍റെ ഉദ്ദേ.." എന്നെ മുഴുവിപ്പിക്കാന്‍ അവള്‍ സമ്മതിച്ചില്ല. കൈ
ഉയര്‍ത്തി അവള്‍ എന്നെ തടഞ്ഞു.
"മതി, നിര്‍ത്ത്... നിന്‍റെഉപദേശം
ചോദിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇത് നിന്നോട് പറഞ്ഞത്. നിന്നെ
ഒളിച്ചിട്ടൊന്നും എനിക്കില്ല. അതാണ് പറഞ്ഞത്." നികിത ദേഷ്യപ്പെട്ടു
മുറിക്കു പുറത്തേക്ക് ഇറങ്ങിപ്പോയി.
എനിക്ക് ഞടുക്കം വിട്ടുമാറിയില്ല. നികിതയില്‍ നിന്ന് ഇങ്ങനെയൊന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. എനിക്ക് കരച്ചില്‍ വന്നു.
ഞാന്‍ മൃദുല. പ്രശസ്തമായ ഒരു മള്‍ടി നാഷണല്‍ കമ്പനിയിലെ കമ്പ്യൂട്ടര്‍
എന്‍ജിനീയര്‍ ആണ്. എന്‍റെ ജൂനിയര്‍ എന്‍ജിനീയര്‍ ആണ് നികിത. വളരെ
സ്മാര്‍ട്ട് ആണ് സുന്ദരിയായ നികിത. വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമേ
ആയിട്ടുള്ളൂ. കുട്ടികള്‍ ഇല്ല. ഭര്‍ത്താവ് സിദ്ധാര്‍ഥ് മറ്റൊരു മള്‍ടി
നാഷണല്‍ കമ്പനിയിലെ എച്ച്. ആര്‍. മാനേജര്‍ ആണ്.വളരെ സന്തുഷ്ടമായ കുടുംബം.
സുഹൃത്തുക്കളെപോലെയാണ് നികിതയും, സിദ്ധുവും. വളരെ ഓപ്പണ്‍-അപ്പ് ആയ സംസാരം,
പെരുമാറ്റം. ബഹളം വെച്ച്, അടിച്ചു പൊളിച്ചുള്ള ജീവിതമാണ് അവരുടേത്.
ഒരിക്കല്‍ നിക്കി എന്നോട് പറഞ്ഞു "മൃദു... സിദ്ധാര്‍ഥിന് ഒരു കിളി ഉണ്ട്. "
"ങേ.." ഞാന്‍ ഞെട്ടി. അവള്‍ പൊട്ടിച്ചിരിച്ചു.
"അവന്‍റെ കമ്പനിയില്‍, അവനൊരു ഗേള്‍ ഫ്രണ്ട് ഉണ്ട്. ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്."
"നിക്കീ... " അവിശ്വസനീയതയോടെ ഞാന്‍ വിളിച്ചു. "നീയെന്തോക്കെയാണ് ഈ പറയുന്നത്.."
"ഓ.. അതിലൊന്നും ഒരു കാര്യവും ഇല്ലെടീ. ഓഫീസ് ടെന്‍ഷനിടയില്‍ ഒന്ന്
റിലാക്സ് ചെയ്യാന്‍. സിദ്ധാര്‍ഥിന് ഇതൊരു തമാശയാ. അവള്‍ക്കും. ഞങ്ങളുടെ
ജീവിതത്തില്‍ ഞങ്ങളുടെ ഇമ്പോര്‍ട്ടന്‍സ് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും നന്നായി
അറിയാം."
അവളുടെ ആംഗ്യം കണ്ട് എനിക്ക് ചിരി വന്നു.
സിദ്ധാര്‍ഥിന്‍റെ സുന്ദരമായ ചിരിയും, ഊഷ്മളമായ പെരുമാറ്റവും ആര്‍ക്കാണ്
ഇഷ്ടപ്പെടാതിരിക്കുക. നിക്കിയും , സിദ്ധുവും നല്ല ജോഡികള്‍ ആണ്. പക്ഷെ
അവള്‍ ഇപ്പോള്‍... എനിക്ക് തല വേദനിച്ചു.
"മൃദു... നിക്കി മുറിയിലേക്ക് കയറിവന്നു. അവള്‍ അങ്ങനെയാണ്. പിണങ്ങാന്‍ അറിയില്ല.
"നിന്‍റെ മനസ് എനിക്കറിയാം. നീ കരുതുന്നതുപോലെ ഇതൊരു അവിഹിതബന്ധം അല്ല.
ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണ്. വിഷമങ്ങളും, സന്തോഷവും ഒക്കെ ഷെയര്‍
ചെയ്യാന്‍ ഒരാള്‍. അത്രേ ഉള്ളൂ.. "
"നിനക്ക്, നിന്‍റെ വിഷമങ്ങളും, സന്തോഷവും ഒക്കെ എന്നോട് ഷെയര്‍ ചെയ്യാമല്ലോ നിക്കീ..."
"ഹ ഹ ഹാ..." അവള്‍ കയ്യടിച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു. "എന്‍റെ
മൃദുലേ... ഞാന്‍ എന്‍റെ ഒരു പ്രധാന കാര്യം പറയുമ്പോള്‍, ഉദാഹരണത്തിന് ഞാന്‍
എന്‍റെ ഒരു പ്രമോഷന്റെ കാര്യം പറയുമ്പോള്‍... നീ എന്നെ ചേര്‍ത്ത്
നിര്‍ത്തി ഉമ്മ വെയ്ക്കുമോ.., എനിക്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് വാങ്ങി
തരുമോ.., എന്‍റെ കണ്ണുകളില്‍ നോക്കി സ്വരം താഴ്ത്തി ഐ ലവ് യു... എന്ന്
പറയുമോ... സത്യം പറയട്ടെ , സിദ്ധാര്‍ഥില്‍ നിന്ന് പോലും എനിക്കത്
കിട്ടാറില്ല." അവള്‍ വിദൂരതയിലേക്ക് നോക്കി. എന്നിട്ടു പിറുപിറുത്തു "ദുഃഖം
വരുമ്പോള്‍ ചായാന്‍ ഒരു തോള് ഉള്ളത് നല്ലതല്ലേടീ... നമ്മള്‍ സ്ത്രീകള്‍
അത് ആഗ്രഹിക്കുന്നില്ലേ.. "
ഞാന്‍ ഒന്നും മിണ്ടിയില്ല. മിണ്ടാന്‍
തോന്നിയില്ല. എന്ത് പറയാനാണ്. ശരിയല്ലേ അവള്‍ പറയുന്നത്.. ഭാര്യാ
ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഊഷ്മളത കുറയുമ്പോഴാണോ ഇങ്ങനെ
സംഭവിക്കുന്നത്.. ഞാന്‍ അനിലിനെയും, മോളെയും ഓര്‍ത്തു. എനിക്കും
നിരാശയുണ്ടോ... ഏയ്.. ഇല്ല... ഇല്ല.. ഞാന്‍ മനസിനെ തൃപ്തിപ്പെടുത്തി.
"നിക്കീ... സിദ്ധാര്‍ഥ് ഇതറിഞ്ഞാല്‍..., വേറെ ആളുകള്‍ ഇതറിഞ്ഞാല്‍.... ഇതൊരു അവിഹിത ബന്ധത്തിന്റെ നിഴലില്‍ ആവില്ലേ?"
"പോടീ കുരങ്ങെ..." അവള്‍ വീണ്ടും എന്‍റെ തലയില്‍ കിഴുക്കി.
"നാട്ടുകാരെയും, ഭര്‍ത്താവിനെയും ഒക്കെ അറിയിച്ചിട്ടാണോ നമ്മള്‍ ഒരാളെ
ഇഷ്ടപ്പെടുന്നത്? ഞങ്ങള്‍ക്ക് ഹിതമായ ഒരു ബന്ധം മറ്റുള്ളവര്‍ക്ക് അവിഹിതം
ആകേണ്ട കാര്യം എന്ത്? എങ്കിലും നിന്‍റെ സമാധാനത്തിന് വേണ്ടി ഞാന്‍ ഒരു
ഉറപ്പു തരാം. ഒരു ഇല്ലീഗല്‍ റിലേഷന്‍ ഷിപ്പ് ഞങ്ങള്‍ തമ്മില്‍ ഒരിക്കലും
ഉണ്ടാവില്ല... അങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ അന്ന് നിക്കി ഈ ബന്ധം
ഉപേക്ഷിക്കും, സത്യം.. നിനക്കറിയാമല്ലോ നിക്കി ഒരിക്കലും വെറും വാക്ക്
പറയില്ല എന്ന്..?"
ശരിയാണ്. നിക്കി വെറും വാക്ക് പറയില്ല. എങ്കിലും എന്തോ... എനിക്കിത് അംഗീകരിക്കാന്‍ ആവുന്നില്ല.
"നീ അമേരിക്കയില്‍ ജനിക്കേണ്ടവള്‍ ആണ്. ഇവിടെ തെറ്റി വന്നതാ.." ഞാന്‍ എന്‍റെ അരിശം വാക്കുകളില്‍ ഒതുക്കി.
"പോടീ പൊട്ടീ.."
അവള്‍ പിന്നെയും എന്‍റെ തലയില്‍ കിഴുക്കി, ലാഘവത്തോടെ ഇറങ്ങി പോയി. പതിവ്
പോലെ അവള്‍, അവളുടെ ടെന്‍ഷന്‍ എന്‍റെ തലയിലെക്കിട്ടു തന്നു. ഇന്ന് മുതല്‍
അവളുടെ ഉറക്കമല്ല , എന്‍റെ ഉറക്കമാണ് നഷ്ട്ടപ്പെടുന്നത്. എനിക്ക് ഭ്രാന്ത്
പിടിക്കുന്നതുപോലെ തോന്നി. കുറച്ചു വെള്ളം എടുത്തു കുടിച്ചു. കുറച്ചു
നടന്നു നോക്കി. രക്ഷയില്ല... എപ്പോഴും ടെന്‍ഷന്‍ താങ്ങാന്‍ പറ്റാതെ
വരുമ്പോള്‍ ചെയ്യാറുള്ളതുപോലെ , ഞാന്‍ മൊബൈല്‍ എടുത്ത് അനിലിന്‍റെ നമ്പര്‍
കുത്തി. എന്‍റെ ടെന്‍ഷന്‍ ഇറക്കി വെയ്ക്കാന്‍ പറ്റിയ വേറെ ആരാണ്
എനിക്കുള്ളത്...